ADVERTISEMENT

തിരുവനന്തപുരം ∙ പൗരത്വ നിയമത്തിനെതിരെ സുപ്രീം കോടതിയിൽ ഹർജി നൽകിയതിനെക്കുറിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സംസ്ഥാന സർക്കാരിനോടു വിശദീകരണം തേടി. ചീഫ് സെക്രട്ടറി ടോം ജോസിനു ലഭിച്ച കത്ത് മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫിസിലേക്ക് അയച്ചു. അവിടെനിന്നുള്ള തീരുമാനമനുസരിച്ചാകും മറുപടി നൽകുക.

ഹർജി വിവരം സംസ്ഥാന സർ‌ക്കാരിന്റെ പ്രവർത്തനച്ചട്ടങ്ങൾ (റൂൾസ് ഓഫ് ബിസിനസ്) പ്രകാരം തന്നെ അറിയിക്കേണ്ടതായിരുന്നു എന്നാണു ഗവർണറുടെ വാദം. ഇക്കാര്യം പാലിക്കാതിരുന്നതെന്തെന്നു ചോദിച്ചിട്ടുണ്ട്. ഭരണഘടന പ്രകാരമാണു പ്രവർത്തിച്ചതെന്നും കേന്ദ്ര സർക്കാരിനെതിരെ സുപ്രീം കോടതിയെ സമീപിക്കാൻ ഗവർണറുടെ അനുമതി ആവശ്യമില്ലെന്നുമാണു സർക്കാർ നിലപാട്. എന്നാൽ ‘റൂൾസ് ഓഫ് ബിസിനസ്’ പാലിച്ചോയെന്ന ചോദ്യത്തിനു വിശദമായ മറുപടി നൽകേണ്ടിവരും.

ഭരണഘടനയുടെ 166–ാം അനുച്ഛേദമനുസരിച്ചുള്ള ‘റൂൾസ് ഓഫ് ബിസിനസ്’ പ്രകാരം ഗവർണറെ അറിയിക്കാതെ സുപ്രീം കോടതിയിൽ പോകാനാകില്ലെന്നു രാജ്ഭവൻ വൃത്തങ്ങൾ പറയുന്നു. കേസ് ഫയൽ തയാറാക്കിയ ഉദ്യോഗസ്ഥനെ നേരിട്ടു വിളിച്ചു വിശദീകരണം തേടാൻ ഗവർണർക്ക് അധികാരമുണ്ട്. ഉദ്യോഗസ്ഥനെതിരെ നടപടിയെടുത്ത് തന്നെ  അറിയിക്കണമെന്നു മുഖ്യമന്ത്രിയോടു നിർദേശിക്കുകയുമാകാം. റൂൾസ് ഓഫ് ബിസിനസ് 34 (2) പ്രകാരമാണു താൻ പറയുന്നതെന്നു ഡൽഹിയിൽനിന്നെത്തിയ ഗവർണർ വിമാനത്താവളത്തിൽ പറഞ്ഞു. പ്രസക്ത ഭാഗത്തിന്റെ പകർപ്പും ഉയർത്തിക്കാട്ടി.

‘ഇതു വ്യക്തിപരമായ പോരാട്ടമല്ല. കോടതിയെ സമീപിക്കണമെങ്കിൽ ഗവർണറുടെ അനുമതി വേണം. നിയമ മന്ത്രിക്കു വ്യത്യസ്ത അഭിപ്രായമുണ്ടെങ്കിൽ നിയമം ചൂണ്ടിക്കാട്ടി തെളിയിക്കണം. സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരിക്കു മറുപടി നൽകാനില്ല.’

  ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

 

‘ഗവർണർക്ക് ആർഎസ്എസ് ബന്ധമുണ്ട്. എല്ലാ ഗവർണർമാരും ആർഎസ്എസിന്റെ സ്വാധീന വലയത്തിലാണ്. ചിലരുടെ പെരുമാറ്റം രാജ്യത്തിന് അപകടമാകും.’

  മന്ത്രി ഇ.പി. ജയരാജൻ

കോഴിക്കോട്ട്  എത്താതെ ഗവർണർ

കോഴിക്കോട് ∙ കേരള ലിറ്ററേച്ചർ ഫെസ്റ്റിവൽ സമാപന സമ്മേളന ഉദ്ഘാടനത്തിനും സംവാദ പരിപാടിക്കും ഗവർണർ എത്തിയില്ല. സംഘാടകർ ആവശ്യപ്പെട്ടതുകൊണ്ടാണ് പോകാതിരുന്നതെന്ന് ഗവർണർ പറഞ്ഞു. എന്നാൽ, കടപ്പുറത്തെ തുറന്ന വേദിയിലെ സംവാദത്തിൽ സുരക്ഷാപ്രശ്നങ്ങളും പ്രോട്ടോക്കോളും കാരണം പങ്കെടുക്കാൻ കഴിയില്ലെന്നു ഗവർണറുടെ ഓഫിസ് കഴി‍ഞ്ഞദിവസം അറിയിക്കുകയായിരുന്നുവെന്നു സംഘാടകർ പറഞ്ഞു. 

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com