ADVERTISEMENT

കടുത്തുരുത്തി (കോട്ടയം) ∙ വീടിനുള്ളിൽ തൊട്ടിലിൽ നിന്നു കുഞ്ഞിനെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച നാടോടിസ്ത്രീ കുഞ്ഞിന്റെ അമ്മ എത്തിയതോടെ കടന്നുകളഞ്ഞു. പൊലീസും നാട്ടുകാരും മണിക്കൂറുകളോളം ഇവർക്കായി തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. കെഎസ് പുരം അലരി കുന്നശ്ശേരിൽ ഷിബു–നിമ്മി ദമ്പതികളുടെ 2 മാസം പ്രായമുള്ള കുഞ്ഞിനെയാണു തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത്. ഇന്നലെ രാവിലെ പതിനൊന്നോടെയായിരുന്നു സംഭവം.

വീട്ടിലെ ഹാളിലുള്ള തൊട്ടിലിൽ കുഞ്ഞിനെ കിടത്തി ഉറക്കിയ ശേഷം പുറത്തു തുണി കഴുകുകയായിരുന്നു നിമ്മി. ഷിബു പള്ളിയിൽ പോയിരിക്കുകയായിരുന്നു. വീടിന്റെ തുറന്നുകിടന്ന മുൻവശത്തെ വാതിലിലൂടെ അകത്തു കയറിയ നാടോടിസ്ത്രീ തൊട്ടിലിന് അരികിൽ എത്തി. പുറത്തുണ്ടായിരുന്ന നിമ്മി തൊട്ടിലിന് അരികെ നാടോടിസ്ത്രീ നിൽക്കുന്നതു കണ്ടു.

നിമ്മി ബഹളം വച്ചതോടെ ഇവർ പുറത്തേക്ക് ഓടി.പൂവക്കോട് റോഡിൽ നിന്നാണ് ഇവർ തോളിൽ ഭാണ്ഡക്കെട്ടുമായി കെഎസ് പുരം ഭാഗത്ത് എത്തിയതെന്നു പൊലീസ് പറഞ്ഞു.  വെള്ളിയാഴ്ചയായിരുന്നു കുഞ്ഞിന്റെ മാമോദീസ. വിദേശത്തായിരുന്നു ഷിബുവും നിമ്മിയും. 

ആ നിമിഷം... ഞാൻ അലറിവിളിച്ചു; തൊട്ടിലിനരികെ നാടോടിസ്ത്രീയെ കണ്ട സംഭവത്തെക്കുറിച്ച് അമ്മ നിമ്മി

ആ നിമിഷം മുറിക്കുള്ളിലേക്കു നോക്കിയില്ലായിരുന്നെങ്കിൽ എന്റെ കുഞ്ഞിനെ നഷ്ടപ്പെടുമായിരുന്നു. ഭർത്താവ് ഷിബുവും മൂത്ത കുഞ്ഞും അമ്മയും പള്ളിയിൽ പോയി.  പത്തേമുക്കാലോടെ അപ്പച്ചൻ തിണ്ണയിലിരിക്കുന്നതിനാൽ കുഞ്ഞിനെ ഹാളിലെ തൊട്ടിലിൽ കിടത്തി ഞാൻ പുറത്തു തുണി കഴുകുകയായിരുന്നു. ഇതിനിടയിൽ അപ്പച്ചൻ കിടക്കാൻ മുറിക്കുള്ളിലേക്കു പോയി.

മുൻവശത്തെ വാതിൽ അടച്ചിരുന്നില്ല. ജനൽ തുറന്നിട്ടിരിക്കുകയായിരുന്നു. ഇതിലൂടെ ഞാൻ കുഞ്ഞിനെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. ഇടയ്ക്കു നോക്കിയപ്പോഴാണ് ഒരു സ്ത്രീ ഹാളിൽ കുഞ്ഞിന്റെ തൊട്ടിലിന് അരികിൽ നിൽക്കുന്നതു കണ്ടത്. ഞാൻ അലറിവിളിച്ചു മുൻവശത്തെ വാതിലിനരികിലേക്ക് ഓടിയെത്തി. 

ഈ സമയം മുറിയിൽ നിന്ന് സ്ത്രീ പുറത്തേക്ക് ഇറങ്ങിയോടി. പിന്നാലെ ഞാനും ഓടി. അവർ പാടത്തേക്ക് എടുത്തുചാടി ഓടുകയായിരുന്നു. ഉടൻ തന്നെ ഞാൻ കുഞ്ഞിന്റെ അരികിലെത്തി. നല്ല ഉയരമുള്ള സ്ത്രീയാണു വീടിനുള്ളിൽ കടന്നത്. കയ്യിൽ സഞ്ചി ഉണ്ടായിരുന്നു. മൂക്കുകുത്തി ധരിച്ചിട്ടുണ്ട്. ഇത്തരം വാർത്തകളെക്കുറിച്ചു കേട്ടിട്ടുണ്ടെങ്കിലും സ്വന്തം അനുഭവമായപ്പോൾ പേടിച്ചുപോയി.

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com