ADVERTISEMENT

തിരുവനന്തപുരം∙ ദേശീയ പൗരത്വ നിയമത്തിനെതിരെ സംയുക്ത പ്രക്ഷോഭത്തിനു പ്രതിപക്ഷത്തെ വീണ്ടും ക്ഷണിച്ച് മുഖ്യമന്ത്രി. രാജ്യം ഈ ഘട്ടത്തിൽ ആവശ്യപ്പെടുന്നതു സംയുക്ത പ്രക്ഷോഭമാണ്. അതു മനസ്സിലാക്കാനുളള സൽബുദ്ധി പ്രതിപക്ഷത്തിനു തോന്നണമെന്നും പൗരത്വ നിയമം സംബന്ധിച്ചു സിപിഎം സംഘടിപ്പിച്ച വിശദീകരണ യോഗത്തിൽ പിണറായി വിജയൻ പറഞ്ഞു.

ഭരണ പ്രതിപക്ഷങ്ങൾ യോജിച്ചു നടത്തിയ സമരത്തിന്റെ മഹാശക്തി രാജ്യമാകെ പ്രതിഫലിച്ചു. പക്ഷേ നമ്മുടെ നാട്ടിലെ ചില ചെറിയ മനസ്സുകൾ എതിർത്തു. തുടർ സമരങ്ങൾ തീരുമാനിക്കാൻ ഇനിയും പ്രതിപക്ഷ നേതാവിനായിട്ടില്ല. ഓരോരുത്തർക്കും അവരവരുടെ ശക്തിയിൽ ഊറ്റം കൊള്ളാം. എന്നാൽ എല്ലാവരും ചേരുമ്പോഴാണു മഹാശക്തിയാകുന്നത്. തർക്കിക്കാൻ നമുക്കു മറ്റു ധാരാളം വിഷയങ്ങളുണ്ട്.

സംസ്ഥാനത്ത് പൗരത്വ നിയമവും ദേശീയ പൗരത്വ റജിസ്റ്ററിനു മുന്നോടിയായുള്ള ദേശീയ ജനസംഖ്യാ റജിസ്റ്ററും ഒരു കാരണവശാലും നടപ്പാകില്ലെന്നു മുഖ്യമന്ത്രി പറഞ്ഞു. ആർക്കും ആശങ്ക വേണ്ട. ഇതു കേരളമാണ്. ഏറ്റവും ശക്തമായ കോട്ടയിലാണു നിങ്ങൾ താമസിക്കുന്നതെന്നും പിണറായി പറഞ്ഞു. പൗരത്വ വിഷയത്തിൽ ഗവർണറുമായുള്ള തർക്കത്തെക്കുറിച്ച് അദ്ദേഹം ഒന്നും പരാമർശിച്ചില്ല.

പുരാണത്തിലെ ഭസ്മാസുരന്റെ ഗതിയായിരിക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെന്നു യോഗം ഉദ്ഘാടനം ചെയ്ത സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി പറഞ്ഞു. മോഹിനിയാണു ഭസ്മാസുരന്റെ പതനത്തിനു കാരണമായതെങ്കിൽ പൗരത്വ നിയമ  പ്രക്ഷോഭങ്ങളാകും മോദിയുടെ തകർച്ചയ്ക്കു കാരണമാവുക. മതനിരപേക്ഷത  സംരക്ഷിക്കാൻ ജനങ്ങൾ ഉള്ളിടത്തോളം കാലം മോദിയുടെയും അമിത് ഷായുടെയും ഒരു തന്ത്രവും വിലപ്പോവില്ല.

പൗരത്വ നിയമത്തിനെതിരെ വീടുകൾ തോറും കയറിയിറങ്ങി സിപിഎം ബോധവൽക്കരണം നടത്തും. ഈ മാസം സുഭാഷ് ചന്ദ്രബോസിന്റെ ജന്മദിനമായ 23, റിപ്പബ്ലിക് ദിനമായ 26, ഗാന്ധിജിയുടെ രക്തസാക്ഷിത്വ ദിനമായ 30 എന്നീ ദിവസങ്ങളിൽ ഭരണഘടനയുടെ ആമുഖം വായിച്ചു കൊണ്ട് രാജ്യമൊട്ടാകെ വിപുലമായ പ്രചാരണം നടത്തും.

മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രൻ, ഇ.പി.ജയരാജൻ, കെ.കെ.ശൈലജ, എൽഡിഎഫ് കൺവീനർ എ.വിജയരാഘവൻ, േകന്ദ്രകമ്മിറ്റി അംഗങ്ങളായ പി.കെ.ശ്രീമതി, എം.സി.ജോസഫൈൻ, ബസുദേവ് ആചാര്യ, ജോഗേന്ദർ ശർമ, തിവാരി, അരുൺ മിശ്ര, പിബി അംഗം എം.എ.ബേബി, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കെ.എൻ. ബാലഗോപാൽ, സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ തുടങ്ങിയവരും പ്രസംഗിച്ചു.

ഭരണഘടന വായിക്കൂ: ഗവർണറോട് യച്ചൂരി

തിരുവനന്തപുരം∙ പൗരത്വ നിയമത്തിനെതിരെ കേരളം സുപ്രീം കോടതിയെ സമീപിച്ചതിൽ ക്ഷോഭിക്കുന്ന കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ സംശയങ്ങൾ ഭരണഘടനയുടെ 131–ാം വകുപ്പ് വായിച്ചാൽ തീരുമെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി. സംസ്ഥാന താൽപര്യം സംരക്ഷിക്കാൻ കോടതിയെ സമീപിക്കാനുള്ള അവകാശം സർക്കാരുകൾ‍ക്കുണ്ട്.

ബ്രിട്ടിഷ് ഭരണകാലത്ത് അവരുടെ ഏജന്റുമാരായി റസിഡന്റുമാർ പ്രവർത്തിച്ചിരുന്നതു പോലെ എന്തിനാണ് ഈ ജനാധിപത്യ യുഗത്തിൽ ഗവർണർമാർ? ഗവർണർ പദവി അവസാനിപ്പിക്കണമെന്ന സിപിഎമ്മിന്റെ നിലപാട് വീണ്ടും പ്രസക്തമാവുകയാണ്.

 

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com