ADVERTISEMENT

തിരുവനന്തപുരം∙ സമ്പന്നതയുടെ മടിത്തട്ടിൽ നിന്നു ദാരിദ്ര്യത്തിന്റെ അടിത്തട്ടിലെത്തി പ്രശസ്തിയുടെ പരിവേഷങ്ങളില്ലാതെ കഴിഞ്ഞിരുന്ന നടി ജമീല മാലിക് (72) വിട വാങ്ങി. മലയാള സിനിമയിൽ ഒരുകാലത്തു നായികയും ഉപനായികയുമായി തിളങ്ങിയ ജമീല പുണെ ഫിലിം ഇൻസ്‌റ്റിറ്റ്യൂട്ടിലെ ആദ്യ മലയാളി വിദ്യാർഥിനിയായിരുന്നു. എഴുത്തുകാരി, നാടകകൃത്ത്, ഡബ്ബിങ് കലാകാരി എന്നീ നിലകളിലും അറിയപ്പെട്ട ഇവരുടെ സംസ്കാരം സ്വദേശമായ കൊല്ലം ജോനകപ്പുറത്തെ വലിയ പള്ളിയിൽ നടത്തി. അൻസാർ മാലിക് മുഹമ്മദ് ഏക പുത്രനാണ്.

സമ്പത്തും പ്രതാപവും നിറഞ്ഞ വീട്ടിൽ ജനിച്ചു വളർന്ന ജമീലയുടെ അവസാന നാളുകൾ തിരുവനന്തപുരം പാലോടുള്ള മൂന്നു സെന്റിൽ സുമനസ്സുകളുടെ കനിവു കൊണ്ടു ലഭിച്ച ചെറിയ വീട്ടിലായിരുന്നു.  5 ഭാഷകളിലായി അറുപതിലേറെ സിനിമകളിൽ വേഷമിട്ട ജമീലയുടെ ജീവിതം പ്രശസ്തിയുടെ വെള്ളി വെളിച്ചത്തിന്റേതായിരുന്നില്ല. മറിച്ച്, വീഴ്ചകളും വേദനകളും നിറഞ്ഞതായിരുന്നു.

സേതുവിന്റെ നോവൽ ‘പാണ്ഡവപുരം’ അതേ പേരിൽ സിനിമയാക്കിയപ്പോൾ നായിക ജമീലയായിരുന്നു. എം.എസ്.സത്യു തകഴിയുടെ ‘കയർ’ ഹിന്ദിയിൽ ടെലിഫിലിം ആക്കിയപ്പോൾ ജമീലയ്ക്കായിരുന്നു മുഖ്യ വേഷം. ലക്ഷ്‌മി, അതിശയരാഗം ഉൾപ്പെടെ തമിഴ് സിനിമകളിലും നായികയായി. ഹിന്ദിയിലും ശ്രദ്ധേയ വേഷങ്ങൾ ചെയ്തു. ദൂരദർശന്റെ ആദ്യകാലത്തെ പ്രമുഖ പരമ്പരകളിലെല്ലാം ജമീല അഭിനയിച്ചിട്ടുണ്ട്. ഒട്ടേറെ ഹിന്ദി ചിത്രങ്ങൾക്കു ശബ്ദവും നൽകി. ആകാശവാണിക്കു വേണ്ടി പന്ത്രണ്ടോളം നാടകങ്ങൾ എഴുതി. ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ ജയ ബച്ചൻ ഉൾപ്പെടെ പ്രശസ്തർ സഹപാഠികളായിരുന്നെങ്കിലും അത്തരം ബന്ധങ്ങളും ജീവിതത്തിൽ ജമീലയ്ക്കു തുണയായില്ല.

ജമീല മാലിക് (1974ലെ ചിത്രം)
ജമീല മാലിക് (1974ലെ ചിത്രം)

ഉമ്മയെ കാണാതെ തളർന്ന് അൻസർ 

പാലോട്∙ നടി ജമീല മാലിക്കിന്റെ മൃതദേഹം ആംബുലൻസിൽ ആശുപത്രിയിൽ നിന്നു കൊല്ലത്തെ വീട്ടിലേക്ക് സഞ്ചരിച്ച സമയത്തു മകൻ അൻസറും മറ്റൊരു യാത്രയിലായിരുന്നു. ഇന്നലെവരെ ഉമ്മയ്ക്കൊപ്പം കഴി‍ഞ്ഞ പാലോട്ടെ വീട്ടിൽനിന്ന് ഇതുവരെ കാണാത്ത ഒരു അനാഥാലയത്തിലേക്ക്. അതും തന്റെ ഏക ആശ്രയമായിരുന്ന ഉമ്മ ഇനിയില്ലെന്ന തിരിച്ചറിവില്ലാതെ. രാവിലെ നഗരത്തിൽ പോയി വൈകിട്ട് പതിവായി മടങ്ങിയെത്തുന്ന ഉമ്മ മടങ്ങിയെത്താത്ത ഒരു രാത്രി മുഴുവൻ തനിയെ പേടിച്ചു വിറച്ചും പട്ടിണിയിലും കഴിഞ്ഞതിന്റെ പരിഭ്രാന്തി കൂടിയുണ്ടായിരുന്നു അൻസറിന്. 

ഭിന്നശേഷിയുള്ളയാളാണ് അൻസർ മാലിക്ക്. പ്രായമേറിയിട്ടും ബുദ്ധിയുടെ പരിമിതികളിൽ കുഴങ്ങുന്ന മാലിക്കിനെ വേദന ഉള്ളിലടക്കി ജമീല മാറോടു ചേർത്തു പിടിച്ചു ജീവിച്ചു. എന്നും രാവിലെ തലസ്ഥാന നഗരത്തിൽ പോയി വീടുകളിൽ കുട്ടികൾക്ക് ഹിന്ദി ട്യൂഷൻ എടുത്തു രാത്രി മടങ്ങിയെത്തുകയായിരുന്നു ജമീല. മകന് മൂന്നു നേരത്തെ ഭക്ഷണം പാലോട്ടെ ഹോട്ടലിൽ ഏർപ്പാടാക്കിയിട്ടാണ് എന്നും ജമീല യാത്ര തുടങ്ങുക. 

എന്നാൽ തിങ്കളാഴ്ച രാവിലെ പോയ ജമീല മടങ്ങിവന്നില്ല. അയൽവക്കക്കാരോ നാട്ടുകാരോ രാത്രിയിലെ മരണം അറിഞ്ഞില്ല. ഇന്നലെ പകൽ മരണവാർത്തയറിഞ്ഞ അയൽവാസികൾ അൻസറിനെ വിളിച്ചെങ്കിലും വീട് തുറന്നില്ല. വിവരം പറഞ്ഞില്ലെങ്കിലും അപരിചിതമായത് എന്തോ സംഭവിക്കുന്നു എന്ന തിരിച്ചറിവിലാകണം അൻസർ പകച്ചു. പിന്നീട് വൈകിട്ട് നാലു വരെയും അൻസറിന്റെ ശബ്ദം പുറത്തു വന്നില്ല, ഉച്ചഭക്ഷണം എടുക്കാനും പുറത്തിറങ്ങിയില്ല. 

പാലോട് സിഐ സി.കെ. മനോജിന്റെ നേതൃത്വത്തിൽ പൊലീസും പാപ്പനംകോട് റസിഡൻസ് അസോസിയേഷൻ ഭാരവാഹികളും എത്തി ഏറെ വിളിച്ചു. മറുപടിയില്ലാഞ്ഞ് പൊലീസ് വാതിൽ പൊളിച്ച് അകത്തു കടന്നു പേടിച്ചുവിറച്ചു മുറിയുടെ മൂലയിൽ ഒതുങ്ങി നിൽക്കുകയായിരുന്നു ആ മകൻ. ആശ്വസിപ്പിച്ചപ്പോൾ ഭക്ഷണം കഴിച്ചു. പിന്നീട് വട്ടപ്പാറയിലെ സെന്റ് ഇഗ്ന്യേഷ്യസ് ചാരിറ്റി സെന്ററിലേക്ക് മാറ്റി. 

കൊച്ചു മുറ്റത്തെ 51 മുല്ലകൾ

പാലോട്∙  ജമീല മാലിക്കിന്റെ സ്വപ്നമായിരുന്നു വീട്. പുണെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർഥിയായിരുന്ന പാപ്പനംകോട് ബഷീറിന്റെ കുടുംബമാണ് മൂന്ന് സെന്റ് സ്ഥലം ജമീലയ്ക്ക് വീടു വയ്ക്കാൻ നൽകിയത്. സിനിമ സംഘടനയായ ‘അമ്മ’യടക്കം a രണ്ടു വർഷങ്ങൾക്ക് മുൻപ് വീടു വച്ചു നൽകി. ഈ വീട്ടുമുറ്റത്ത് മലയാള അക്ഷരങ്ങളെ സൂചിപ്പിക്കുന്ന 51 മുല്ലകൾ ജമീല നട്ടുപിടിപ്പിച്ചിരുന്നു. 

English summary: Kerala actress Jameela Malik dies

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com