ADVERTISEMENT

തിരുവനന്തപുരം ∙ ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാൻ യാത്രാ സംഘത്തിൽ മലയാളികൾ ഉൾപ്പെട്ട‍ാലും ഇല്ലെങ്കിലും കേരള പ്രാതിനിധ്യം ഉറപ്പായി. ബഹിരാകാശ സംഘത്തെ സഹായിക്കാനായി പേടകത്തിൽ അയയ്ക്കുന്ന ഹ്യുമനോയ്ഡ് (യന്ത്രവനിത) ആയ ‘വ്യോമമിത്ര’ പിറവിയെടുക്കുന്നത് വട്ടിയൂർക്കാവിലെ ഐഐഎസ്‌യുവിലാണ്(ഐഎസ്ആർഒ ഇനേർഷ്യൽ സിസ്റ്റംസ് യൂണിറ്റ്). വ്യോമമിത്രയുടെ മാതൃക കഴിഞ്ഞ ദിവസം അനാവരണം ചെയ്തിരുന്നു.

2021 ഡിസംബറിൽ നടത്താൻ ലക്ഷ്യമിടുന്ന ദൗത്യത്തിനു മുന്നോടിയായി ഈ വർഷം ഡിസംബറിലും അടുത്ത ജൂണിലും വ്യോമമിത്ര ബഹിരാകാശത്തെത്തും. ഈ യാത്രകൾക്കിടെ വ്യോമമിത്ര നൽകുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാകും അന്തിമദൗത്യം.

നാസയുടെയും മറ്റും ബഹിരാകാശപേടകങ്ങളിൽ റോബട്ടുകളുണ്ടെങ്കിലും ഹ്യുമനോയ്ഡ് വിഭാഗത്തിൽപ്പെട്ട ആദ്യ ബഹിരാകാശ സഹായി ആയി വ്യോമമിത്ര മാറും. ഗഗൻയാനിൽ ആദ്യ ബഹിരാകാശ സഞ്ചാരികളാകുന്ന 3 പേർക്കൊപ്പം 4–ാമത്തെ അംഗം എന്ന പദവിയോടെയായിരിക്കും വ്യോമമിത്രയുടെ യാത്ര.

ശബ്ദം തിരിച്ചറിയും; തമാശ പറയും

പേടകത്തിലെ ജീവൻ രക്ഷാ ഉപകരണങ്ങളുടെ പ്രവർത്തനം ഉൾപ്പെടെ സാങ്കേതിക കാര്യങ്ങളിൽ സഹായിക്കുന്നതിനൊപ്പം സഹയാത്രികർക്കു മാനസികപിന്തുണ നൽകാനുള്ള കഴിവും വ്യോമമിത്ര കൈവരിക്കും.

സഹയാത്രികർ വിഷമിച്ചാൽ തമാശ പറഞ്ഞു ചിരിപ്പിക്കാനും കഴിയും. ഐഎസ്ആർഒ ചെയർമാൻ ഡോ.കെ.ശിവൻ ഉൾപ്പെടെ ദൗത്യത്തലവന്മാരുടെയും സഹയാത്രികരുടെയും ശബ്ദം തിരിച്ചറിഞ്ഞു പ്രതികരിക്കും. ഒരു വർഷത്തോളമെടുത്താണു വ്യോമമിത്രയുടെ പ്രാഥമിക രൂപകൽപന പൂർത്തിയാക്കിയത്.

English summary: Humanoid Vyom Mitra for Gaganyaan makes in Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com