ADVERTISEMENT

തിരുവനന്തപുരം ∙ കൈനിറയെ പദ്ധതികൾ, ഒട്ടേറെ പരിഷ്കാരങ്ങൾ, 1000 മുതൽ 2000 കോടി രൂപയുടെ വരെ പാക്കേജുകൾ.. മന്ത്രി തോമസ് ഐസക്കിന്റെ ബജറ്റ് പ്രഖ്യാപനങ്ങൾ കഴിഞ്ഞു. തിങ്കളാഴ്ച മുതൽ നിയമസഭയിൽ ബജറ്റ് ചർച്ചയാണ്. അതുകഴിഞ്ഞു ബുധനാഴ്ച ചർച്ചയ്ക്കു മറുപടി പറയുമ്പോൾ എംഎൽഎമാരുടെ അഭ്യർഥന കണക്കിലെടുത്തു മന്ത്രി വീണ്ടും കുറെ പ്രഖ്യാപനങ്ങൾ നടത്തും. എല്ലാംകൂടിച്ചേർത്ത് ഏപ്രിൽ ഒന്നു മുതൽ സംസ്ഥാനത്ത് പുതിയ ബജറ്റിന്റെ ചുവടുപിടിച്ചാണു സർക്കാർ മുന്നോട്ടു പോകുക. അന്നു മുതൽ ഒരു ചോദ്യമുയരും. പ്രഖ്യാപിച്ചവയൊക്കെ നടപ്പാക്കാൻ പണമെവിടെ? 

ഒരു ചെറിയ കണക്കിതാ. 2019-20 ബജറ്റിൽ കേന്ദ്ര പദ്ധതികളും തദ്ദേശ സ്ഥാപനങ്ങൾക്കുള്ള പദ്ധതികളും അടക്കം 30,657 കോടിയുടെ പദ്ധതി അടങ്കലാണു പ്രഖ്യാപിച്ചത്. എന്നാൽ, വെള്ളിയാഴ്ച ബജറ്റിനൊപ്പം പുറത്തിറക്കിയ പുതുക്കിയ എസ്റ്റിമേറ്റ് അനുസരിച്ച് 22,703 കോടിയാണു പദ്ധതി അടങ്കൽ. ആകെ വെട്ടിക്കുറച്ചത് 7,954 കോടി. എന്നിട്ടോ, പുതിയ ബജറ്റിൽ പുതുക്കിയ എസ്റ്റിമേറ്റിനെക്കാൾ 5300 കോടി രൂപ കൂട്ടി ആകെ 28003 കോടിയുടെ പദ്ധതികളാണ് ഉൾക്കൊള്ളിച്ചത്. അതിനാൽ അടുത്ത സാമ്പത്തിക വർഷാവസാനമാകുമ്പോൾ സർക്കാർ ദാരിദ്ര്യത്തിലാകും. കടമെടുക്കാൻ‌ പോലും പണം ബാക്കിയില്ലാതാകും. പദ്ധതി വിഹിതം 30 മുതൽ 40% വരെ വെട്ടിക്കുറയ്ക്കും. 

ഫലത്തിൽ പ്രഖ്യാപിച്ചതിൽ നല്ലൊരു പങ്കു പദ്ധതികളും വേണ്ടെന്നു വയ്ക്കും. അവ അടുത്ത ബജറ്റിലും വലിയ പ്രഖ്യാപനങ്ങളായി വരും. രാഷ്ട്രീയ ഇച്ഛാശക്തിയും രാഷ്ട്രീയ താൽപര്യവുമുള്ള പദ്ധതികളും സാമ്പത്തിക വർഷത്തിന്റെ ആദ്യഘട്ടത്തിൽ തന്നെ ഭരണാനുമതിയും സാമ്പത്തികാനുമതിയും ഒക്കെ വാങ്ങി അതിവേഗം പുരോഗമിക്കുന്ന പദ്ധതികളും മാത്രമേ നടപ്പാകൂ. 26,000 കോടിയാണ് ഇൗ വർഷം സർക്കാർ കടമെടുക്കാൻ നിശ്ചയിച്ചിരുന്നത്. അതിൽ കാൽ പങ്കും കേന്ദ്രം വെട്ടിക്കുറച്ചു. എന്നിട്ടും അടുത്ത വർഷം 29,000 കോടി കടമെടുക്കാൻ കഴിയുമെന്നാണ് ബജറ്റിലെ കണക്ക്. ട്രഷറിയിലെ പൊതുനിക്ഷേപത്തിന്റെ പേരിൽ ഇക്കുറി കടമെടുപ്പ് വെട്ടിക്കുറച്ച കേന്ദ്ര സർക്കാർ ഇതേ കാരണത്താൽ  അടുത്ത തവണയും കടുംവെട്ടിനു മുതിരുമെന്ന് ഉറപ്പാണ്. 

ജിഎസ്ടി വരുമാനം കുതിച്ചുയർന്നാൽ മാത്രമാണു സർക്കാരിന് അൽപമെങ്കിലും പിടിച്ചു നിൽക്കാൻ കഴിയുക. ആദ്യ 2 വർഷവും മന്ത്രി പ്രതീക്ഷിച്ച 25% വളർച്ചയ്ക്കു പകരം 12% വളർച്ച മാത്രമാണു ജിഎസ്ടി വരുമാനത്തിലുണ്ടായത്. 8500 കോടിയുടെ അധിക വരുമാനം ജിഎസ്ടി വഴിയുണ്ടാകുമെന്നാണു വീണ്ടും സർക്കാരിന്റെ പ്രതീക്ഷ. ആദ്യമായി വാർഷിക റിട്ടേൺ വരുന്നതോടെ ഇൗ വളർച്ചയുണ്ടാകുമെന്ന മന്ത്രിയുടെ പ്രതീക്ഷ നടപ്പാകുമോ എന്നു കാത്തിരുന്നു കാണണം. 

ഇനിയും പദ്ധതികൾ ഏറ്റെടുക്കാം: കിഫ്ബി

വീണ്ടും ബജറ്റിൽ കിഫ്ബി പദ്ധതികൾ പ്രഖ്യാപിച്ചതിനാൽ  കിഫ്ബിയുടെ തിരിച്ചടവ് ഫോർമുലയ്ക്കു കോട്ടം തട്ടില്ലെന്നു സിഇഒ: കെ.എം.ഏബ്രഹാം. 54,000 കോടിയുടെ പദ്ധതികളാണു കിഫ്ബിക്കു കീഴിൽ പ്രഖ്യാപിച്ചിട്ടുള്ളത്. ഇതിൽ ഇതിൽ 33,000 കോടിയുടെ പദ്ധതികൾ കാര്യമായ തടസ്സങ്ങളൊന്നും കൂടാതെ വേഗത്തിൽ പൂർത്തിയാക്കാനാകും. 20,000 കോടിയുടെ 300 പദ്ധതികൾ ഇൗ വർഷം തന്നെ തീരും. ഇതിനുള്ള പണത്തിന് ബുദ്ധിമുട്ടില്ല. ബാക്കിയുള്ള പദ്ധതികളിൽ മിക്കതും സ്ഥലമേറ്റെടുപ്പിനുള്ളതായതിനാൽ കാലതാമസമെടുക്കാൻ സാധ്യതയുണ്ട്്. 

കിഫ്ബിക്കു കീഴിലെ 22,000 കോടിയുടെ പദ്ധതികൾക്ക് പണം തിരിച്ചു കിട്ടുന്നതാണ്. ഉദാഹരണത്തിനു വ്യവസായ പാർക്കുകൾ, കെഫോൺ, ട്രാൻസ്ഗ്രിഡ് തുടങ്ങിയവ. അതിനാൽ അത്രയും തുകയുടെ കാര്യത്തിൽ തിരിച്ചടവ് ഭാരം സർക്കാരിനു വരില്ല. തിരിച്ചു കിട്ടാത്ത പദ്ധതികൾ 50,000 കോടി കഴിഞ്ഞാലാണു പ്രശ്നം. അതിനാൽ ഇപ്പോഴും കൂടുതൽ പദ്ധതികൾ കിഫ്ബിക്ക് ഏറ്റെടുക്കാൻ കഴിയും – കെ.എം. ഏബ്രഹാം പറഞ്ഞു.

English summary: Kerala budget 2020; KIIFB projects

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com