ADVERTISEMENT

തിരുവനന്തപുരം∙അകത്തും പുറത്തും രാഷ്ട്രീയം നിറഞ്ഞുനിൽക്കുമ്പോൾത്തന്നെ ജനങ്ങളെ കൂടെ നിർത്താൻ ഉതകുന്ന പ്രഖ്യാപനങ്ങൾക്കു കഴിയാതെ പോയതിന്റെ വീർപ്പുമുട്ട് പ്രതിഫലിക്കുന്നതായി തോമസ് ഐസക്കിന്റെ ബജറ്റ്. നികുതി ഭാരത്താൽ തൽക്കാലം മുണ്ട് മുറുക്കിയുടുത്താൽ 2021ൽ വൻ പ്രഖ്യാപനങ്ങളുമായി തിരഞ്ഞെടുപ്പ് ബജറ്റിനു കച്ചമുറുക്കാമെന്ന് ഐസക് പ്രതീക്ഷിക്കുന്നു. പതിവുപോലെ പ്രത്യാശയും ശുഭാപ്തി വിശ്വാസവും; അതുകൊണ്ടു തന്നെ അവയൊന്നും യാഥാർഥ്യബോധത്തോടെയുള്ളതല്ലെന്ന വിമർശനം ഒരിക്കൽകൂടി.

പൗരത്വ നിയമത്തെ മുൻനിർത്തി കേന്ദ്രസർക്കാരിനെതിരെ രാഷ്ട്രീയ വിമർശനം. ശേഷം കേരളത്തെ ഞെരുക്കുന്ന കേന്ദ്രത്തിന്റെ സാമ്പത്തിക സമീപനത്തിനെതിരെയുള്ള വിമർശനം. അതും കഴിഞ്ഞാൽ വികസന–ക്ഷേമ രംഗത്ത് കഴിഞ്ഞ യുഡിഎഫ് സർക്കാരിനെ ഇതിനകം കടത്തിവെട്ടി എന്നു സ്ഥാപിക്കാനുള്ള കണക്കുകൾ. പുറംചട്ടയിലെ ഗാന്ധിവധ ചിത്രം തൊട്ട് ഉപസംഹാരം വരെ വ്യക്തമായ രാഷ്ട്രീയ ലാക്കോടെയാണു ബജറ്റ് തയാറാക്കിയത്. എൽഡിഎഫിന്റെ മനുഷ്യ മഹാശൃംഖല ‘നന്മയുടെ സൗന്ദര്യമാണെന്നു’ ബജറ്റിൽ പ്രതിപാദിക്കുന്ന സാഹസത്തിനു വരെ ധനമന്ത്രി മുതിർന്നു.

‘കുട്ടനാട് പാക്കേജി’ൽ വരാനിരിക്കുന്ന കുട്ടനാട് ഉപതിരഞ്ഞെടുപ്പും ജനകീയാസൂത്രണത്തിന്റെ രജതജൂബിലി ആഘോഷിക്കാനുള്ള തീരുമാനത്തിൽ തദ്ദേശ തിരഞ്ഞെടുപ്പ് വിളംബരവും വായിച്ചെടുത്താൽ അത്ഭുതപ്പെടാനില്ല. നിയമസഭാ തിര‍ഞ്ഞെടുപ്പുകൾക്കു മുൻപായി സിപിഎം നടത്തുന്ന പഠന കോൺഗ്രസിന്റെ ഔദ്യോഗിക പതിപ്പായി മാറാൻ പോകുകയാണ് ബജറ്റിലുള്ള ‘കില’യുടെ രാജ്യാന്തര സെമിനാർ. ‘കുടുംബശ്രീ’ക്കുള്ള തലോടലിന്റെ ഉദ്ദേശ്യവും മറ്റൊന്നല്ല.

മുൻ വിഎസ് സർക്കാരിന്റെ കാലത്ത് എല്ലാ വകുപ്പുകളിലും പിടിമുറുക്കിയിരുന്ന ധനമന്ത്രിയായിരുന്നു ഐസക് എങ്കിൽ ഈ സർക്കാരിൽ മറ്റു വകുപ്പുകളുടെ ദുർവ്യയത്തിൽ അദ്ദേഹം പരിധിവരെ നിസ്സഹായനായിരുന്നു. ഉദ്യോഗസ്ഥ പുനർവിന്യാസത്തിനും എയ്ഡഡ് സ്കൂൾ നിയമന നിയന്ത്രണത്തിനും മുതിർന്നു കൊണ്ട് ചെലവു ചുരുക്കലിനുള്ള കർശനടപടിക്ക് ഇതാദ്യമായി ഐസക് തയാറായി. സാമുദായിക, സർവീസ് സംഘടനകളിൽ നിന്ന് ഇതിനെതിരെ വരാനിടയുള്ള സമ്മർദം ഇടതുമുന്നണി എങ്ങനെ കൈകാര്യം ചെയ്യുമെന്ന് ഉറ്റുനോക്കപ്പെടും.

മസ്റ്ററിങ്ങിലൂടെ 700 കോടി ലാഭിച്ച ശേഷം ക്ഷേമപെൻഷനുകൾ 100 രൂപ കൂട്ടിയത് അടിസ്ഥാന വിഭാഗങ്ങൾക്കുള്ള എൽഡിഎഫ് വാഗ്ദാനം പാലിക്കാനാണ്. ഇത്തവണ കൂട്ടാതെ അടുത്ത തവണ വർധിപ്പിച്ചാൽ അതു തിരഞ്ഞെടുപ്പ് ലാക്കാക്കി എന്ന ആക്ഷേപം വരും. സ്കൂൾ ബസിനുവരെ, പക്ഷേ നികുതി കൂട്ടുമ്പോൾ അതിന്റെ ഭാരം ആത്യന്തികമായി കുടുംബങ്ങളിലാണെത്തുക എന്നു കരുതേണ്ടിയും വരും.

വികസന പ്രശ്നങ്ങൾക്കുള്ള ഒറ്റമൂലി കിഫ്ബി തന്നെ. അതിനു പണം എവിടെ എന്നു സന്ദേഹിച്ചവരെ മസാല ബോണ്ട് നിശ്ശബ്ദനാക്കിയെന്നു പറയുന്ന മന്ത്രി ആ പണം തിരിച്ചടയ്ക്കുന്നതു പെട്രോൾ സെസിലൂടെയാണെന്നു വ്യക്തമാക്കുന്നു. അതേ ഐസക് തന്നെ ബജറ്റിലും പുറത്തും ഇലക്ട്രിക് കാറിനെക്കുറിച്ചാണു വാചാലനാകുന്നത്. അപ്പോൾ ലക്ഷ്യമിട്ടതുപോലെ പെട്രോൾ സെസ് ലഭിക്കുമോയെന്നതു പോലെയുള്ള ഒരുപിടി ചോദ്യങ്ങൾ ബജറ്റിലെ പല പുറങ്ങൾ ഉയർത്തുന്നുണ്ട്. കവിതാ ശകലങ്ങളിൽ അതിനുള്ള ഉത്തരങ്ങൾ കൂടി ഒളിഞ്ഞിരിപ്പുണ്ടോയെന്നാകും വിമർശകരുടെ സന്ദേഹം.

 

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com