ADVERTISEMENT

ആലപ്പുഴ ∙ മത്തിച്ചാറോ ഉണക്കമീൻചാറോ കൂട്ടി ഓണത്തിനു മുൻപ് 25 രൂപയ്ക്ക് ഉണ്ണാം. 25 രൂപയുടെ ഊണു നൽകുന്ന 1000 കുടുംബശ്രീ ഹോട്ടലുകൾ ഓണത്തിനു മുൻപു തുടങ്ങാനാണു പദ്ധതിയെന്നു മന്ത്രി തോമസ് ഐസക്. സംസ്ഥാന ബജറ്റ് സംബന്ധിച്ച് ‘മലയാള മനോരമ’ സംഘടിപ്പിച്ച ഫോൺ ഇൻ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഒരു ഹോട്ടലിൽ 5 പേർക്കു വീതം തൊഴിൽ ലഭിക്കും. ജീവനക്കാരുടെ കൂലി ഉൾപ്പെടെ 19.50 രൂപയാണ് ഒരു ഊണിന് ചെലവു പ്രതീക്ഷിക്കുന്നത്. സിവിൽ സപ്ലൈസ് വഴി സബ്സിഡി നിരക്കിൽ സാധനങ്ങൾ ലഭ്യമാക്കുമ്പോൾ ചെലവു വീണ്ടും കുറയും. 1000 ഹോട്ടലുകളിലേക്കുള്ള പാത്രങ്ങളും സാമഗ്രികളും കുടുംബശ്രീ സംസ്ഥാന‌തലത്തിൽ ഒന്നിച്ചു ടെൻഡർ ചെയ്തു വാങ്ങി വിതരണം ചെയ്യും.

പെ‍ൻഷൻ ഡിഎ കുടിശിക ഏപ്രിൽ‌-മേയിൽ: ധനമന്ത്രി 

സർവീസ് പെ‍ൻഷൻകാരുടെ ഡിഎ കുടിശിക ഏപ്രിൽ‌-മേയ് മാസങ്ങളിൽ നൽകുമെന്ന് ധനമന്ത്രി തോമസ് ഐസക്. സർക്കാർ‌ ജീവനക്കാരുടെ ഡിഎ കുടിശിക പിഎഫിൽ ലയിപ്പിച്ചേക്കുമെന്നും സൂചനയും നൽകി. സംസ്ഥാന ബജറ്റിന്റെ പശ്ചാത്തലത്തിൽ മലയാള മനോരമ സംഘടിപ്പിച്ച ഫോൺ ഇൻ പരിപാടിയിൽ വായനക്കാരുടെ സംശയങ്ങൾക്കു മറുപടി നൽകുകയായിരുന്നു മന്ത്രി.

മദ്യത്തെ തൊടാൻ പേടിയായിരുന്നു

ഇനിയും മദ്യത്തിനു വില കൂടിയാൽ കൂടുതൽ ചെറുപ്പക്കാർ ലഹരിമരുന്ന് ഉപയോഗത്തിലേക്കു മാറുമോയെന്ന പേടികൊണ്ടാണു മദ്യത്തിന്റെ നികുതി വർധിപ്പിക്കാതിരുന്നതെന്നു മന്ത്രി. കഴിഞ്ഞ വർഷം നികുതി കൂട്ടിയെങ്കിലും ഉദ്ദേശിച്ച വരുമാനവർധനയുണ്ടായില്ല. ജിഎസ്ടി പിരിച്ചെടുക്കലായിരുന്നു പ്രശ്നമെന്നും മന്ത്രി പറഞ്ഞു.

‘മിച്ചം’ അത്ര മെച്ചമില്ല

അർഥമില്ലാത്ത കാര്യമായതുകൊണ്ടാണ് മിച്ചബജറ്റായിട്ടും മിണ്ടാതിരുന്നതെന്ന് ഐസക്. പണ്ട് കെ.എം.മാണി പ്രഖ്യാപിച്ച മിച്ച ബജറ്റ് പോലെയാണത്. യഥാർഥത്തിൽ വലിയ റവന്യു കമ്മിയാണ്. നികുതി വരുമാനം കൂട്ടിവച്ചതിനാൽ ഫലത്തിൽ മിച്ചം വരും. പക്ഷേ, പ്രഖ്യാപിച്ച പലതിന്റെയും ചെലവ് ഉൾപ്പെടുത്തിയിട്ടില്ല. ചെലവുകൾ ക്രമാതീതമായി വർധിക്കാതെ എല്ലാം പ്രതീക്ഷിച്ചതുപോലെ നടന്നാൽ അതു മിച്ചമാണ്. കേരളത്തിന്റെ നിലവിലെ സാമ്പത്തികസ്ഥിതിയിൽ അത്തരമൊരു അവകാശവാദം അതിശയോക്തിപരമാകും.

വേമ്പനാട് സഭ ഉടനില്ല

വേമ്പനാട്ടു കായൽ സംരക്ഷണത്തിനു പ്രാദേശ‍ിക സമിതികൾ രൂപീകരിച്ചു നടപ്പാക്കുമെന്നു മുൻ ബജറ്റിൽ പ്രഖ്യാപിച്ച ‘വേമ്പനാട് സഭ’ പദ്ധതി ഉടൻ ഇല്ലെന്നു മന്ത്രി. മത്സ്യത്തൊഴിലാളികളെ ഉപയോഗിച്ച് പ്ലാസ്റ്റിക് വാരുന്ന ജോലി ആദ്യം ചെയ്യും. അതിനു നിശ്ചിത തുക അവർക്കു നൽകും. മന്ത്രി മേഴ്സിക്കുട്ടിയമ്മയുടെ സാന്നിധ്യത്തിൽ വേമ്പനാട്ടു കായലിലെ മത്സ്യത്തൊഴിലാളികളുടെ യോഗം വിളിച്ച് പദ്ധതി തയ‍ാറാക്കും. കായലിൽ നിന്നും പുഴകളിൽ നിന്നും ചെളിയെടുത്ത് തീരത്തെ ബണ്ടുകൾ വീതികൂട്ടി നിർമിക്കും. അതോടെ കായലിന്റെ ആഴം കൂടുകയും ബണ്ടുകൾ ബലപ്പെടുകയും ചെയ്യും. രണ്ടു പദ്ധതികളും ഈ വേനൽക്കാലത്തു നടപ്പാക്കും.

തസ്തിക കുറയ്ക്കില്ല, പുനർവിന്യാസം മാത്രം

സർക്കാർ ജീവനക്കാരുടെ തസ്തിക വെട്ടിക്കുറയ്ക്കൽ പരിഗണനയിലില്ല, പുനർവിന്യാസം മാത്രം. ഇതിലൂടെ വലിയ സാമ്പത്തികലാഭം പ്രതീക്ഷിക്കുന്നില്ല. പക്ഷേ, ജീവനക്കാരെ ആവശ്യമുള്ള മേഖലയിൽ അതുറപ്പാക്കാം. അനാവശ്യമായി പുതിയ തസ്തികകൾ സൃഷ്ടിക്കുന്നതും ഒഴിവാക്കാം. ജലസേചന വകുപ്പിൽ അധികമുള്ളവരെ ജല അതോറിറ്റിയിലേക്കു മാറ്റുന്നതു പരിഗണനയിലാണ്. സാധാരണ ആരും ഇത്തരം വയ്യാവേലിക്കു പോകേണ്ട എന്നു വിചാരിക്കുന്ന വിഷയമാണിത്. പക്ഷേ, സാമ്പത്തികപ്രതിസന്ധി ഇത്തരം ചില വിഷയങ്ങളെക്കുറിച്ചു ചിന്തിക്കാൻ നമുക്ക് അവസരം തരും.

തിരുവനന്തപുരത്തെ അവഗണിച്ചിട്ടില്ല

ആക്കുളം കായൽ പദ്ധതി, വട്ടിയൂർക്കാവ് വികസനം അങ്ങനെ പലതും ഞാൻ പറഞ്ഞിട്ടുണ്ട്. കിഫ്ബി പട്ടിക നീണ്ടതാണ്. ജലഗതാഗത മാർഗങ്ങൾ അധികമില്ലാത്തതിനാൽ, കൊച്ചിയിലെ ഗ്രീൻ മൊബിലിറ്റി സോൺ പോലെ ഒന്ന് തിരുവനന്തപുരത്തു പ്രായോഗികമല്ല. കൊച്ചിക്ക് 6000 കോടി രൂപയെന്നു പറയുമ്പോൾ, 3000 കോടി മെട്രോയുടേതാണ്. അതു നിലവിൽ നടക്കുന്നതാണ്. 400 കോടിയോളമാണു പുതിയത്. ബാക്കിയുള്ളവ കൂടി ചേർക്കുമ്പോൾ പുതിയൊരു ആശയമാകുമെന്നതിനാലാണു ബജറ്റിൽ പ്രത്യേകമായി എടുത്തുപറഞ്ഞത്.

പെൻഷൻകാരുടെ ഡിഎ കുടിശിക ഏപ്രിൽ, മേയ് മാസങ്ങളിൽ ഉറപ്പ്

സർവീസ് പെ‍ൻഷൻകാരുടെ ക്ഷാമബത്ത (ഡിഎ) കുടിശിക ഏപ്രിൽ‌, മേയ് മാസങ്ങളിൽ ഉറപ്പായി വിതരണം ചെയ്യുമെന്നു മന്ത്രി തോമസ് ഐസക്. സർക്കാർ‌ ജീവനക്കാരുടെ ഡിഎ കുടിശിക പിഎഫിൽ ലയിപ്പിച്ചേക്കുമെന്നും സൂചന നൽകി. ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുത്തിട്ടില്ലെങ്കിലും സാമ്പത്തികസ്ഥിതി കണക്കിലെടുക്കുമ്പോൾ പണമായി നൽകാൻ സാധ്യത കുറവാണെന്ന് അദ്ദേഹം പറഞ്ഞു. ജീവനക്കാരുടെ ഡിഎ ഘട്ടംഘട്ടമായി നൽകുമെന്നു പറഞ്ഞിരുന്നെങ്കിലും പെൻഷൻകാരുടെ ഡിഎ സംബന്ധിച്ച് ബജറ്റ് പ്രസംഗത്തിൽ പരാമർശമുണ്ടായിരുന്നില്ല. കൊല്ലം കടയ്ക്കൽ സ്വദേശി മുസ്തഫയുടെ ചോദ്യത്തിനായിരുന്നു മന്ത്രിയുടെ മറുപടി.

‘നിലവിൽ 3 മാസത്തെ ചെലവിനുള്ള പകുതി പണമേ കിട്ടിയിട്ടുള്ളൂ. കേന്ദ്ര സർക്കാർ പാലംവലിക്കുമെന്നു നേരത്തേ അറിഞ്ഞിരുന്നെങ്കിൽ എന്തെങ്കിലും ചെയ്യാമായിരുന്നു. നികുതിവരുമാനം കൂടുന്നതോടെ അടുത്ത സാമ്പത്തികവർഷം നില മെച്ചപ്പെടും’ – മന്ത്രി പറഞ്ഞു.

പ്രധാന ചോദ്യങ്ങളും മന്ത്രി ഐസക്കിന്റെ മറുപടിയും

? കാൻസർ രോഗികളുടെ പെൻഷൻ വർധിപ്പിച്ചോ? 5 വർഷം കൊണ്ട് 1000 രൂപ വീതമാണു ലഭിക്കുന്നത്.

രാധാകൃഷ്ണൻ, അമ്പലപ്പുഴ

∙ എല്ലാ ക്ഷേമ പെൻഷനുകളും 100 രൂപ വീതം വർധിപ്പിച്ചിട്ടുണ്ട്.

? പാലക്കാട്ടെ നെൽക്കൃഷിക്ക് ബജറ്റിൽ ഒരു പ്രഖ്യാപനവുമില്ല.

പ്രജിത് കുമാർ, പാലക്കാട്

∙ നെൽക്കൃഷിക്കു ചരിത്രത്തിലാദ്യമായി റോയൽറ്റി അനുവദിച്ചു. ആദ്യഘട്ടത്തിൽ 40 കോടി രൂപ അനുവദിച്ചിട്ടുണ്ട്. റംസർ പ്രദേശമായ കുട്ടനാടിനും വലിയ പ്രകൃതിദുരന്തം നേരിട്ട ഇടുക്കി, വയനാട് ജില്ലകൾക്കും നൽകിയത‍ു പോലെ എല്ലാ ജില്ലകൾക്കും പ്രത്യേകം പാക്കേജ് അനുവദിക്കാൻ കഴിയില്ല. പാലക്കാട്ട് നെൽക്കൃഷിക്കു മുൻഗണന നൽകി, ജലസേചന വകുപ്പുമായി ചർച്ച ചെയ്തു പദ്ധതി തയാറാക്കാം. 

? കെഎസ്ആർടിസിക്കു പുതിയ ബസുകൾ വാങ്ങാൻ ബജറ്റിൽ തുക അനുവദിച്ചതായി കാണുന്നില്ല.

സജി, തിരുവനന്തപുരം

∙ കെഎസ്ആർടിസിക്കു പുതിയ ബസുകൾ വേണം. 1000 പുതിയ ബസ് വാങ്ങാൻ 3 വർഷം മുൻപു പണം അനുവദിച്ചു. അന്ന്, ബസ് വാടകയ്ക്കെടുത്താൽ മതിയെന്നു മാനേജ്മെന്റ് പറഞ്ഞു. ഇപ്പോൾ മാനേജ്മെന്റ് നിലപാട് മാറിയിട്ടുണ്ട്. അന്ന് അനുവദിച്ച പണം വീണ്ടും നൽകാൻ ഇടപെടും. ഇത്തവണ കെഎസ്ആർടിസിക്കു പ്ലാനിൽ അനുവദിച്ച തുകയിൽ 50 കോടി രൂപ പുതിയ ബസ് വാങ്ങാനാണ്. 

?  ദേശീയപാത വികസനത്തിനു സ്ഥലം അളന്നു പോയിട്ടുണ്ട്. കിഫ്ബിയിൽ നിന്നു പണം അനുവദിച്ചിട്ടുണ്ടെന്നു പറഞ്ഞു. പക്ഷേ, നടപടി എന്തെന്ന് ആർക്കും അറിയില്ല.

റെയ്സ ബീഗം, കോട്ടയം

∙ രേഖകളെല്ലാം കൃത്യമായി നൽകിയിട്ടുണ്ടെങ്കിൽ ഇക്കൊല്ലം തന്നെ പണം ലഭ്യമാക്കും. വടക്കൻ ജില്ലകളിൽ പണം നൽകിത്തുടങ്ങിയിട്ടുണ്ട്. 

?  വീടില്ലാത്ത മത്സ്യത്തൊഴിലാളികൾ അപേക്ഷ നൽകി കാത്തിരിക്കാൻ തുടങ്ങിയിട്ടു വർഷങ്ങളായി.

അനിത, മുല്ലയ്ക്കൽ, ആലപ്പുഴ

∙ മത്സ്യത്തൊഴിലാളികൾക്ക് 7000 വ‍ീടുകൾ ഇത്തവണത്തെ ബജറ്റിൽ അനുവദിച്ചിട്ടുണ്ട്. ഫിഷറീസ് വകുപ്പ് അല്ല, ലൈഫ് മിഷൻ ആണ് ഇനി മുതൽ മത്സ്യത്തൊഴിലാളികൾക്കും വീടു നൽകുക. ഏപ്രിലിൽ അതിനുള്ള നടപടികൾ ആരംഭിക്കും.

? ഇപിഎഫ് പെൻഷൻ 1500 രൂപയേ ലഭിക്കുന്നുള്ളൂ. അതുകൊണ്ടു ജീവിക്കാനാകുന്നില്ല.

നളിനി, കോഴിക്കോട്

∙ ഇപിഎഫ് പെൻഷൻ 1500 രൂപ മാത്രമേ ലഭിക്കുന്നുള്ളൂവെങ്കിൽ വയോജന പെൻഷനു കൂടി അർഹതയുണ്ട്. തദ്ദേശ സ്ഥാപനത്തിൽ അപേക്ഷിച്ചാൽ മതി.

? പ്രവാസി ക്ഷേമ വകുപ്പിന് 90 കോടി രൂപ അനുവദിച്ചപ്പോൾ പ്രവ‍ാസി പെൻഷനെക്കുറിച്ച് ഒന്നും പറഞ്ഞിട്ടില്ല.

കുഞ്ഞായി, കോഴിക്കോട്

∙ മറ്റു ക്ഷേമ പെൻഷനുകൾ 1300 രൂപയാണ്. പ്രവാസി ക്ഷേമനിധിയുടെ വരുമാനം കൊണ്ട് 2000 രൂപയാണു പെൻഷൻ നൽകുന്നത്. സർക്കാരല്ല ക്ഷേമനിധി പെൻഷൻ വർധിപ്പിക്കുന്നത്. പ്രവാസി ക്ഷേമ വകുപ്പിനു കഴിഞ്ഞ വർഷത്തെക്കാൾ മൂന്നിരട്ടിയാണ് ഇത്തവണ തുക വകയിരുത്തിയിരിക്കുന്നത്.

‘25 രൂപയുടെ ഊണിനു മീൻചാർ കൊടുക്കാൻ വലിയ പ്രയാസമില്ല. മത്തിയാണു നല്ലത്, അല്ലെങ്കിൽ ഉണക്കമീനോ ഉണക്കച്ചെമ്മീനോ ആകാം. അരച്ചുചേർത്താൽ മതിയല്ലോ. ആളുകൾ അൽപം രുചിയായിട്ടുതന്നെ കഴിക്കട്ടെ.’

  മന്ത്രി തോമസ് ഐസക്

English summary: Thomas Isaac speaks in Manorama phone in programme

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com