ADVERTISEMENT

തിരുവനന്തപുരം ∙ തലസ്ഥാനത്തെ ആംഡ് പൊലീസ് ബറ്റാലിയനിൽ നിന്നു കാണാതായ തോക്കുകളും വെടിയുണ്ടകളും എവിടെയെന്നതിന് ഉദ്യോഗസ്ഥർക്കു കൃത്യമായ മറുപടിയുണ്ടായില്ലെന്നു സിഎജി റിപ്പോർട്ട്. സ്റ്റോക്ക് റജിസ്റ്ററും രേഖകളും ശരിയായല്ല സൂക്ഷിച്ചിരിക്കുന്നത്. ഇവ കൃത്യമായി പരിശോധിക്കുന്നില്ല. സ്റ്റോക്ക് റജിസ്റ്ററിൽ മേലെഴുത്തുകൾ, വെള്ള നിറത്തിലുള്ള തിരുത്തൽ മഷിയുടെ ഉപയോഗം, എൻട്രികളുടെ വെട്ടിക്കളയൽ എന്നിവയുണ്ട്. ചിലതെല്ലാം നാലും അഞ്ചും തവണ വെട്ടിത്തിരുത്തിയിട്ടുണ്ട്.

9 എംഎം ഡ്രിൽ വെടിയുണ്ടകളിൽ കാണാതായതിനു പകരമായി 250 കൃത്രിമ വെടിയുണ്ടകൾ വന്നതിനു വിശദീകരണമില്ല. തൃശൂർ പൊലീസ് അക്കാദമിയിൽ ലോങ് റേഞ്ച് ഫയറിങ് നടത്താൻ നൽകിയ 7.62 എംഎം വെടിയുണ്ടകളിൽ 200 എണ്ണത്തിന്റെ കുറവുള്ളതായി 2015 ൽ ആംഡ് പൊലീസ് ബറ്റാലിയനിലെ ബി കമ്പനി ഓഫിസർ കമാൻഡിങ് റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ ആയുധങ്ങൾ തിരുവനന്തപുരത്തെ പൊലീസ് ചീഫ് സ്റ്റോറിൽ നിന്നു വിതരണം ചെയ്തതിനാൽ സീൽ ചെയ്ത പെട്ടിയിലുണ്ടായിരുന്ന വിവരങ്ങളാണു സ്റ്റോക്കിൽ രേഖപ്പെടുത്തിയതെന്ന് അധികൃതർ ന്യായീകരിച്ചു.

ചീഫ് സ്റ്റോർ ഉദ്യോഗസ്ഥർ 2016 ൽ ഇതു നിഷേധിച്ചു. വിശദമായി പരിശോധിക്കാൻ ഡിജിപി ഉത്തരവിട്ടു. പെട്ടിയിൽ കൃത്രിമം കാണിച്ചതിന്റെ സൂചനകളാണു ലഭിച്ചത്. 2016 നവംബറിലെ കണക്കനുസരിച്ച് ഇത്തരം വെടിയുണ്ടകളിൽ 7433 എണ്ണത്തിന്റെ കുറവുണ്ടെന്നു റിപ്പോർട്ടിൽ പറയുന്നു.

അന്വേഷണം മുക്കി പൊലീസും ക്രൈംബ്രാഞ്ചും

തിരുവനന്തപുരം ∙ കേരള പൊലീസിന്റെ തോക്കും വെടിയുണ്ടയും കാണാതായ കേസ് അന്വേഷണം ലോക്കൽ പൊലീസും ക്രൈംബ്രാഞ്ചും മുക്കി. വെടിയുണ്ടകൾ കാണാതായ സംഭവം ‘മനോരമ’ മുൻപു റിപ്പോർട്ട് ചെയ്തിരുന്നു.  പൊലീസ് നവീകരണത്തിനുള്ള കേന്ദ്ര ഫണ്ടിൽ നിന്നാണ് ഇവ വാങ്ങുന്നത്. അതിനാൽ അക്കൗണ്ടന്റ് ജനറലിന് ഇതു സംബന്ധിച്ച് പരാതി ലഭിച്ചിരുന്നു. പ്രാഥമിക അന്വേഷണത്തിനു ശേഷം 2019 ഫെബ്രുവരിയിൽ പേരൂർക്കട എസ്എപി കമൻഡാന്റിന് എജി തുടർച്ചയായി 6 റിപ്പോർട്ടുകൾ നൽകി.

ഒടുവിൽ, കമൻഡാന്റ് കഴിഞ്ഞ ഏപ്രിലിൽ പേരൂർക്കട സ്റ്റേഷനിൽ തോക്കും വെടിയുണ്ടയും കാണാനില്ലെന്ന പരാതി നൽകി. 1996– 2018 കാലത്തു സൂക്ഷിപ്പു ചുമതലയുണ്ടായിരുന്ന 11 പൊലീസുകാരെ പ്രതിയാക്കി കേസെടുത്തെങ്കിലും അനക്കമുണ്ടായില്ല. ഓഗസ്റ്റിൽ കേസ് ക്രൈംബ്രാഞ്ചിനു കൈമാറി. തിരുവനന്തപുരം റേഞ്ച് എസ്പിക്കായിരുന്നു ചുമതല. അവിടെയും അന്വേഷണമുണ്ടായില്ല. എജിയുടെ റിപ്പോർട്ട് പുറത്തുവന്നതോടെ, അന്വേഷണം ഊർജിതമാക്കാൻ ക്രൈംബ്രാഞ്ച് മേധാവി ടോമിൻ തച്ചങ്കരി എസ്പിക്കു നിർദേശം നൽകിയിട്ടുണ്ട്. 

ജീപ്പും ട്രക്കും വാങ്ങേണ്ട കാശിന് പജീറോ

തിരുവനന്തപുരം ∙ കേന്ദ്രവും സംസ്ഥാനവും 60:40 അനുപാതത്തിൽ പണം ചെലവഴിക്കുന്ന പൊലീസ് നവീകരണ പദ്ധതി പ്രകാരം വിഐപി സുരക്ഷയ്ക്കായി കാറുകൾ വാങ്ങാനാവില്ല. ജീപ്പുകളും ട്രക്കുകളും വാനുകളും ബൈക്കുകളും വാങ്ങാം. എന്നാൽ ആഡംബര കാറുകൾ വാങ്ങാനാണു ഡിജിപി തീരുമാനിച്ചത്. ഏറ്റവും അനുകൂലമായ വിലയ്ക്കു സുതാര്യമായി വാങ്ങണമെന്ന കേന്ദ്ര വിജിലൻസ് കമ്മിഷന്റെ മാർഗനിർദേശങ്ങളും ലംഘിച്ചു. 

2016–17 ലാണ് പൊലീസിനു 2 ബുള്ളറ്റ് പ്രൂഫ് വാഹനങ്ങൾ വാങ്ങാൻ 1.26 കോടി രൂപ അനുവദിച്ചത്. സ്റ്റോർസ് പർച്ചേസ് മാന്വൽ വ്യവസ്ഥകൾ പാലിക്കണമെന്നു വ്യവസ്ഥ ചെയ്താണ് അനുമതി നൽകിയത്. എന്നാൽ ഇതിനു വിരുദ്ധമായി, ടെൻഡർ വിളിക്കാതെ ഡിജിപി ടെക്നിക്കൽ കമ്മിറ്റിക്കു രൂപം നൽകുകയും 55.02 ലക്ഷത്തിനു മിത്‌സുബിഷി പജീറോ വാങ്ങാൻ ശുപാർശ നൽകുകയുമായിരുന്നു. 

ടെൻഡർ വിളിക്കാതെ തന്നെ 1.10 കോടി രൂപയ്ക്ക് 2 വാഹനങ്ങൾ ഹിന്ദുസ്ഥാൻ മോട്ടോഴ്സ് ഫിനാൻസ് കോർപറേഷനിൽ നിന്നു വാങ്ങാനും തീരുമാനിച്ചു. സുരക്ഷാ കാരണങ്ങളാൽ ടെൻഡർ വിളിച്ചില്ലെന്നും ഇതിനു നിയമ സാധുത നൽകണമെന്നുമാണു സർക്കാരിനോടു പറഞ്ഞത്. സർക്കാരിൽ നിന്നുള്ള നിയമസാധുത കാത്തു നിൽക്കാതെ ഹിന്ദുസ്ഥാൻ മോട്ടോഴ്സ് ഫിനാൻസ് കോർപറേഷന് 33 ലക്ഷം രൂപ നൽകി. ഡിജിപിയുടെ നടപടിയെ ന്യായീകരിച്ച സർക്കാർ നിലപാട് നിലനിൽക്കുന്നതല്ലെന്നും സിഎജി വിലയിരുത്തുന്നു.

പൊലീസ് ഫണ്ട് ക്രമക്കേട് പുകഞ്ഞുതുടങ്ങിയിട്ട് 2 വർഷം

തിരുവനന്തപുരം ∙ പൊലീസ് യൂണിഫോം ഏകീകരണത്തിന്റെയും പൊലീസ് സ്റ്റേഷനുകൾക്കുള്ള പൊതു കളർ സ്കീമിന്റെയും പേരിൽ മുൻപ് ആരോപണം നേരിട്ട സംസ്ഥാന പൊലീസ് നേതൃത്വം കേന്ദ്ര ഓഡിറ്റിങ്ങിൽ പുലിവാലു പിടിക്കുന്നത് ആദ്യം. പൊലീസ് മേധാവിയെന്നു പേരെടുത്തു പറഞ്ഞ് അക്കൗണ്ടന്റ് ജനറൽ വാർത്താസമ്മേളനം നടത്തുന്നതും ആദ്യ സംഭവം. കേന്ദ്ര ഏജൻസിയായ അക്കൗണ്ടന്റ് ജനറലിന്റെ സംഘം 5 വർഷത്തെ കേന്ദ്ര ഫണ്ട് വിനിയോഗം പരിശോധിച്ചപ്പോൾ വമ്പൻ ക്രമക്കേടുകളാണു കണ്ടെത്തിയത്.

എജിയുടെ കണ്ടെത്തലുകൾ 2 വർഷമായി പൊലീസ് ആസ്ഥാനത്തു കടുത്ത അസ്വസ്ഥത സൃഷ്ടിക്കുന്നുണ്ട്. ഒന്നര വർഷം മുൻപു ക്രമക്കേടുകൾ സംബന്ധിച്ച് വിശദീകരണം ചോദിച്ചതോടെ ഉന്നതർ വെട്ടിലായി. മറുപടി തയാറാക്കാൻ പൊലീസ് ആസ്ഥാനത്ത് ഐജിയായിരുന്ന ദിനേന്ദ്ര കശ്യപിനെയും എസ്പിയായിരുന്ന ഹരിശങ്കറിനെയുമാണു ചുമതലപ്പെടുത്തിയത്. കീഴുദ്യോഗസ്ഥരെയോ ആസ്ഥാനത്തെ മറ്റ് ഉന്നതരേയോ കാണിക്കാതെ ഇവരുടെ സ്വന്തം കംപ്യൂട്ടറിൽ രഹസ്യമായാണു മറുപടി തയാറാക്കിയത്. ആ മറുപടിയിൽ തൃപ്തിയാകാതെ, കഴിഞ്ഞ ഏപ്രിലിൽ എജി ആഭ്യന്തര സെക്രട്ടറിയെയും ഡിജിപിയെയും നേരിട്ടു വിളിച്ചു വരുത്തി വിശദീകരണം ചോദിച്ചു.

അതിനിടെ, കേന്ദ്ര ഫണ്ടിന്റെ ദുരുപയോഗത്തെക്കുറിച്ചു കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനും പരാതി ലഭിച്ചിരുന്നു. കേന്ദ്ര വിജിലൻസ് കമ്മിഷന്റെ മാർഗനിർദേശം ലംഘിച്ചു നടത്തിയ ഇടപാടുകളിൽ കേന്ദ്രത്തിൽ നിന്നു ഡിജിപിക്കു കുറിപ്പു കിട്ടി. പൊലീസ് ആസ്ഥാനത്തെ ഒരു ജൂനിയർ ഐപിഎസ് ഉദ്യോഗസ്ഥനെയാണ് ഇതിന്റെ മറുപടി തയാറാക്കാൻ ഏൽപിച്ചത്. എന്നാൽ കേന്ദ്രത്തിൽ നിന്നുള്ള കത്തല്ലാതെ മറ്റു ഫയലൊന്നും അദ്ദേഹത്തിനു നൽകിയില്ല. ഏതാനും ആഴ്ച കഴിഞ്ഞ് അതേ കത്ത് മടക്കിവാങ്ങി.

പെയിന്റ്, യൂണിഫോം: ബ്രാൻഡ് വരെ പറഞ്ഞ് ഉത്തരവുകൾ

മുൻപ് എല്ലാ പൊലീസ് സ്റ്റേഷനുകളിലും ഒരേ നിറത്തിൽ പെയിന്റ് അടിക്കണമെന്നും ഒരു പ്രത്യേക കമ്പനിയുടെ പ്രത്യേക ബ്രാൻഡ് ആയിരിക്കണമെന്നും ഉത്തരവിട്ടതാണ് വൻ വിവാദമായത്. എന്നാൽ ആരോപണത്തിൽ കഴമ്പില്ലെന്നു പറഞ്ഞ് വിജിലൻസും പൊലീസും ഫയൽ അടച്ചു.

അതിനു ശേഷമാണു പൊലീസ് യൂണിഫോം ഏകീകരണം എന്ന പേരിൽ എല്ലാ പൊലീസുകാരും ഒരു പ്രത്യേക കമ്പനിയുടെ തുണി വാങ്ങാൻ ഡിജിപി ഉത്തരവിട്ടത്. നാഷനൽ ടെക്സ്റ്റൈൽ കോർപറേഷന്റെ വാഗ്ദാനം തള്ളിയായിരുന്നു ഇടപാട്. വിവാദമായതോടെ ആ ഉത്തരവും മരവിപ്പിച്ചു. കോർപറേഷനുമായി ചർച്ച നടത്താൻ ക്രൈംബ്രാഞ്ച് ഐജിയുടെ നേതൃത്വത്തിൽ കമ്മിറ്റി രൂപീകരിച്ചെങ്കിലും അതു കൺകെട്ടു വേലയായിരുന്നുവെന്നു പിന്നീടു തെളിഞ്ഞു.

ജിപിഎസ് കരാർ മറിച്ചുകൊടുക്കാൻ കെൽട്രോൺ– പൊലീസ് ഒത്തുകളി

തിരുവനന്തപുരം ∙ പൊലീസിനു വേണ്ടിയുള്ള ജിപിഎസ് ഉപകരണം വോയ്സ് ലോഗേഴ്സ് വാങ്ങാനുള്ള കരാർ കെൽട്രോണും പൊലീസും തമ്മിലുള്ള അവിശുദ്ധ ഇടപാടിലൂടെ സ്വകാര്യ കമ്പനികൾക്കു മറിച്ചുകൊടുത്തതായി സിഎജി ആരോപണം. ശബരിമലയിലേക്കു കെൽട്രോൺ വഴി സുരക്ഷാ ഉപകരണങ്ങൾ വാങ്ങിയതിൽ 1.5 കോടിയുടെ നഷ്ടമുണ്ടായെന്നും പറയുന്നു.

റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്ന മറ്റു കാര്യങ്ങൾ:

∙ പൊലീസിന്റെ കാലപ്പഴക്കം വന്ന അനലോഗ് സംപ്രേഷണ സംവിധാനങ്ങൾ മാറ്റി ഡിജിറ്റൽ സംവിധാനങ്ങൾ സ്വീകരിക്കണം. ഇല്ലെങ്കിൽ നക്സൽ, മാവോയിറ്റ് ഭീഷണി നേരിടാനാകില്ല.

∙ വിദഗ്ധ ഉദ്യോഗസ്ഥരില്ലാത്തതിനാൽ ഫൊറൻസിക് ലാബിൽ 9265 കേസുകൾ കെട്ടിക്കിടക്കുന്നു. 

∙ ഇ ബീറ്റ് പദ്ധതിപ്രകാരം പൊലീസിന് ഉപകരണങ്ങൾ വാങ്ങാൻ വിൽപനക്കാരന് 188 കോടി രൂപ 9 മാസം മുൻപു നൽകി.

∙ മൊബൈൽ ഡിജിറ്റൽ ഇൻവെസ്റ്റിഗേഷൻ അസിസ്റ്റൻസ് പ്ലാറ്റ്ഫോം ലക്ഷ്യപ്രാപ്തിക്കായി 40 വാഹനങ്ങളിൽ 40 ഐപാഡുകൾ ഘടിപ്പിക്കുന്ന പദ്ധതി പാളി. ഉന്നത ഉദ്യോഗസ്ഥർക്ക് ഐപാഡുകൾ വിതരണം ചെയ്തതു നഷ്ടമുണ്ടാക്കി.

 

English summary: CAG report on Kerala Police missing guns and bullets

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com