ADVERTISEMENT

തിരുവനന്തപുരം ∙ തസ്തിക പുനർവിന്യാസത്തിന്റെ പേരിൽ നിയമന നിരോധനമോ പെൻഷൻ പ്രായം വർധിപ്പിക്കലോ നടപ്പാക്കില്ലെന്നു മന്ത്രി ടി.എം.തോമസ് ഐസക്. ബജറ്റ് ചർച്ചയ്ക്കു നിയമസഭയിൽ മറുപടി പറയുകയായിരുന്നു അദ്ദേഹം. ഈ സർക്കാർ വന്ന ശേഷം മാത്രം ഒന്നേകാൽ ലക്ഷം പേർക്കു നിയമനം നൽകി. ഇതിൽ എയ്ഡഡ് സ്കൂളോ കോളജോ പൊതുമേഖലാ സ്ഥാപനങ്ങളോ ഉൾപ്പെടുന്നില്ല. 17,614 പുതിയ തസ്തിക സൃഷ്ടിച്ചിട്ടുണ്ട്. ഈ ബജറ്റിൽ 1,000 തസ്തിക സൃഷ്ടിക്കാൻ തീരുമാനിച്ചിട്ടുണ്ട്. 

സ്കൂൾ നിയമന രീതിയെക്കുറിച്ചു ബജറ്റിൽ പറഞ്ഞതു പൊതുവേ സ്വീകരിക്കപ്പെട്ടിട്ടുണ്ട്. മാനേജ്മെന്റിന്റെ ഒരു നിയമനാവകാശത്തിലും സർക്കാർ കൈവച്ചിട്ടില്ല. നിർണയിച്ചതിനേക്കാൾ ഒരു കുട്ടി വർധിച്ചാൽ ഒരു തസ്തിക സൃഷ്ടിക്കാമെന്ന വ്യവസ്ഥയാണ് ഇല്ലാതാക്കുന്നത്. ധനവകുപ്പിന്റെ നിർദേശമില്ലാതെ ഇറക്കിയ ഉത്തരവാണ് ഇതിനു കാരണം. തസ്തിക സൃഷ്ടിക്കുന്നതിന് ഈ ഉത്തരവിന് മുൻപുണ്ടായിരുന്ന ഫോർമുല പുനഃസ്ഥാപിക്കും. 

ഇങ്ങനെ തസ്തിക സൃഷ്ടിക്കുമ്പോൾ സർക്കാരിന്റെ അംഗീകാരവും വേണം. ഇതു വിദ്യാഭ്യാസ അവകാശ നിയമത്തിനു വിരുദ്ധമല്ല. സർക്കാർ നീക്കത്തിനെതിരെ കോടതിയിൽ പോകുന്നവർക്ക് ഇക്കാര്യം ബോധ്യപ്പെടും. പല സ്കീമുകളും അപ്രസക്തമായെങ്കിലും ജീവനക്കാർ തുടരുകയാണ്. കംപ്യൂട്ടർ വന്നതോടെ പല ഉദ്യോഗതലങ്ങളും ഓഫിസുകളും അപ്രസക്തമായി.. തദ്ദേശഭരണ സ്ഥാപനങ്ങളിൽ മാത്രമല്ല വനിതാ-ശിശുവികസന വകുപ്പ്, ജല അതോറിറ്റി തുടങ്ങിയ വകുപ്പുകളിൽ കൂടുതൽ ജീവനക്കാർ ആവശ്യമുണ്ട്. 

ഇൗ വകുപ്പുകളിലേക്കാകും പുനർവിന്യാസം. നിലമ്പൂരടക്കം പ്രളയബാധിത പ്രദേശങ്ങളിലെ വിവിധ ആവശ്യങ്ങൾക്ക് ഒട്ടേറെ നിവേദനങ്ങൾ ലഭിച്ചിട്ടുണ്ട്. അവയ്ക്ക‌െല്ലാം റീബിൽഡ് കേരളയിൽ നിന്ന് അനുവദിച്ച ഗ്രാമീണ റോഡുകളുടെ നിർമ്മാണത്തിനുള്ള 1000 കോടി രൂപയിൽ നിന്നു തുക കണ്ടെത്തേണ്ടതാണ്. നാടകങ്ങൾക്കായി പ്രഖ്യാപിച്ച ഗ്രാന്റ് 5 ലക്ഷം രൂപ വീതമെന്നതു പരമാവധി 5 ലക്ഷം രൂപയെന്നാക്കി മാറ്റി. പരമാവധി 1 കോടി രൂപ ഇതിനായി ഉപയോഗിക്കാം.

പല ഗ്രാന്റ് ഇൻ എയ്ഡ് സ്ഥാപനങ്ങൾക്കും യൂണിവേഴ്സിറ്റികൾക്കും നോൺപ്ലാൻ കുറച്ചതായി പരാതികൾ തന്നിട്ടുണ്ടെന്നും ഏപ്രിൽ, മേയ് മാസങ്ങളിൽ കേന്ദ്ര ധനസഹായത്തെക്കുറിച്ചു കൃത്യമായ ധാരണയുണ്ടാകുമ്പോൾ ഇവരുടെ ഗ്രാന്റ് തുക വർധിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. പുതിയ കോഴ്സുകൾ ആരംഭിക്കുന്നതിനു മിനിമം എ പ്ലസ് നാക് അക്രഡിറ്റേഷൻ വേണമെന്നു പറഞ്ഞിരുന്നതിൽ ശതാബ്ദി കഴിഞ്ഞ കോളജുകൾക്ക് ഇളവുണ്ടാകും. എൻഡോസൾഫാൻ ദുരിതബാധിതർക്കുളള ധനസഹായം 50 കോടി രൂപയായി ഉയർത്തി. നാളികേര വികസന കോർപറേഷനും കേരള ഫീഡ്സിനും 2 കോടി രൂപ വീതം അധികമായി അനുവദിക്കുകയും ചെയ്തു.

വിട്ടുപോയ പദ്ധതികൾ അനുവദിക്കും

എംഎൽഎമാർ സമർപ്പിച്ച 20 പദ്ധതികളിൽ എതെങ്കിലും വിട്ടുപോയിട്ടുണ്ടെങ്കിൽ അവയ്ക്കെല്ലാം അനുവാദം നൽകുമെന്നു മന്ത്രി തോമസ് ഐസക്. 2019-20ലെ ബജറ്റിൽ 20% വകയിരുത്തിയ പ്രവൃത്തികൾക്ക് ഇനിയും അനുവാദം നൽകിയിട്ടില്ലെന്നു പരാതിയുണ്ട്. 20 ശതമാനം വകയിരുത്തിയ എല്ലാ പദ്ധതികൾക്കും അനുവാദം നൽകും. 

സാമ്പത്തിക സ്ഥിതി വിലയിരുത്തി അടുത്ത വർഷത്തെ ആദ്യ ഉപധനാഭ്യർഥനയിൽ 1000 കോടി രൂപയുടെ പ്രവൃത്തികൾക്ക് അനുവാദം നൽകും. ടോക്കൺ വച്ച പദ്ധതികളെയാണ് ഇതിൽ ഉൾപ്പെടുത്തുക. ഉപധനാഭ്യർഥനയിൽ വാഹനങ്ങൾ വാങ്ങാൻ അനുമതി നൽകിയത് ബജറ്റിലെ ചെലവ് ചുരുക്കലിനു വിരുദ്ധമാണെന്ന് ആക്ഷേപമുയർന്നിട്ടുണ്ട്. അനുവദിച്ച വാഹനങ്ങളുടെ ചെലവ് ക്രമീകരിക്കുക മാത്രമാണ് ചെയ്തതെന്നു മന്ത്രി വ്യക്തമാക്കി.

English summary: No post creation ban in Kerala; Thomas Isaac

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com