ADVERTISEMENT

പഴയന്നൂർ (തൃശൂർ) ∙ ‘ഹലോ... പൊലീസ് സ്റ്റേഷനല്ലേ..? കോടത്തൂരിൽ നിന്ന് അതുലാണ് വിളിക്കുന്നത്. എന്റെ കാണാതായ പന്ത് കണ്ടുപിടിച്ചു തരണം’. ഒരാഴ്ച മുൻപ് പഴയന്നൂർ സ്റ്റേഷനിലേക്കു വിളിച്ച 10 വയസ്സുകാരന്റെ പരാതി പൊലീസുകാരെ വിസ്മയിപ്പിക്കുകയും വലയ്ക്കുകയും ചെയ്തു. വീട്ടുമുറ്റത്തു നിന്ന് ആരോ മോഷ്ടിച്ച ഫുട്ബോൾ കണ്ടെത്തിത്തരണമെന്നായിരുന്നു അതുലിന്റെ ആവശ്യം.

പരാതി വെറും ‘പിള്ളേരുകളി’യാണെന്നാണ് ആദ്യം കരുതിയത്. പൊലീസുകാർ കുട്ടിയുടെ അമ്മ പ്രിയയുമായി സംസാരിച്ചു. ഏറെ നാളായി അതുലും കൂട്ടരും കളിച്ചു കൊണ്ടിരുന്ന പന്ത് ഈ മാസം ഒന്നിനു മുറ്റത്തു നിന്നു കാണാതായി. വീടിനടുത്തു നടന്ന പന്തുകളി മത്സരത്തിനെത്തിയവരിൽ ചിലരാണതു കൈക്കലാക്കിയതെന്ന് അതുലിന് സംശയം.

തൃശൂരിലെ ഹോട്ടലിൽ ജീവനക്കാരനായ അച്ഛൻ കൊന്നംപ്ലാക്കൽ സുധീഷിനോടും അമ്മയോടും പന്ത് കണ്ടെത്തിത്തരണമെന്ന് അതുൽ പറഞ്ഞു. വേറെ പന്തു വാങ്ങിത്തരാമെന്ന അവരുടെ മറുപടിയിൽ അതുൽ തൃപ്തനായില്ല. ഗൂഗിളിൽ പരതി പൊലീസ് സ്റ്റേഷനിലെ ഫോൺ നമ്പർ തപ്പിയെടുത്തു വിളിക്കുകയായിരുന്നു.

പരാതി കേട്ട പൊലീസും പകരം പന്തു വാങ്ങിത്തരാമെന്നു പറഞ്ഞ് സമാധാനിപ്പിക്കാൻ ശ്രമിച്ചു. പക്ഷേ, അതുൽ സമ്മതിച്ചില്ല. അവനു പഴയ പന്തു മതി. പന്തുപോയതുമായി ബന്ധപ്പെട്ട ചില സൂചനകളും നൽകി.

അവന്റെ നിഷ്കളങ്കതയ്ക്കുമുന്നിൽ തോറ്റ് പൊലീസ് പന്തിനായി അന്വേഷണം തുടങ്ങി. എഎസ്ഐ കെ. പ്രദീപ് കുമാർ, സിപിഒമാരായ ബിസ്മിത, അനീഷ് എന്നിവർ രംഗത്തിറങ്ങി. അയൽപക്കത്തെ വീടുകളിൽ അന്വേഷിച്ചപ്പോൾ പന്തുമായി പോയ സംഘം ഒരു വീട്ടിൽ വെള്ളം കുടിക്കാൻ കയറിയതായി വിവരം ലഭിച്ചു. 

കോടത്തൂരിൽ ഫുട്ബോൾ മത്സരത്തിനെത്തിയ കുട്ടികളാണ് അതെന്നു മനസ്സിലായി. നാട്ടുകാരിൽ നിന്നു ചില സൂചനകൾ കൂടി കിട്ടിയതോടെ പൊലീസ് പന്ത് കണ്ടെത്തി അതുലിനെ തിരിച്ചേൽപ്പിച്ചു. തിരുവില്വാമല പുനർജനി ഗാർഡൻസിലെ ക്രൈസ്റ്റ് ന്യൂ ലൈഫ് സ്കൂളിൽ 5–ാം ക്ലാസ് വിദ്യാർഥിയാണ് അതുൽ‍. അവനിപ്പോൾ ആ പന്തു തട്ടി നടക്കുന്നു.

 

 

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com