ADVERTISEMENT

കുമരകം ∙ അയൽവാസി യുവതിയുടെ ചിത്രം നൽകി യുവാവിനെ കബളിപ്പിച്ച് വിവാഹം ഉറപ്പിച്ച വീട്ടമ്മ പൊലീസിന്റെ പിടിയിൽ. വിവാഹ ബ്ലൗസിന്റെ അളവ് വാങ്ങാനെത്തിയപ്പോഴാണ് യുവാവിന് അബദ്ധം മനസ്സിലായത്. തുടർന്ന് പൊലീസിൽ പരാതി നൽകി. കണ്ണൂർ തളിപ്പറമ്പ് കൂവേരി കാക്കമണി വിഗേഷാണു തട്ടിപ്പിനിരയായത്. തിരുവാർപ്പ് സ്വദേശിയാണ് വീട്ടമ്മ. 

പെൺകുട്ടിയുടെ ഫോൺ നമ്പർ എന്ന വ്യാജേന വീട്ടമ്മയുടെ ഫോൺ നമ്പർ ആണ് ഉപയോഗിച്ചത്. 6 മാസം മുൻപു തുടങ്ങിയ വാട്സാപ് ബന്ധത്തിനൊടുവിൽ ഈ മാസം 16ന് വിവാഹം നടത്താനിരിക്കെയാണു വീട്ടമ്മ പിടിയിലാകുന്നത്. സമീപവാസിയായ 23 വയസ്സുകാരിയുടെ പടമാണ് തട്ടിപ്പിനായി വീട്ടമ്മ ഉപയോഗിച്ചത്. വിവാഹം ഉറപ്പിക്കുന്നതിനായി വിഗേഷിന്റെ അച്ഛൻ ബാലകൃഷ്ണനും സഹോദരി വിനീഷയും ഭർത്താവ് ജയദീപും കഴിഞ്ഞ മാസം 27ന് തിരുവാർപ്പിലെ വീട്ടിലേക്കു വരാൻ നിശ്ചയിച്ചു.

ബന്ധു മരിച്ചതു മൂലം വീട്ടിലേക്കു വരേണ്ടെന്നും കോട്ടയം റെയിൽവേ സ്റ്റേഷനു സമീപത്തെ ലോഡ്ജിൽ എത്തിയാൽ മതിയെന്നും വിഗേഷിന്റെ ബന്ധുക്കളെ വീട്ടമ്മ അറിയിച്ചു. ഇതിനുസരിച്ച് യുവാവിന്റെ വീട്ടുകാർ ലോഡ്ജിൽ എത്തി. പെൺകുട്ടിയുടെ ബന്ധുവാണെന്ന് പരിചയപ്പെടുത്തി വീട്ടമ്മയും മറ്റൊരാളും അവിടെ വന്നു. ഇരുകൂട്ടരും പരിചയപ്പെട്ട് വിവാഹം ഉറപ്പിക്കുകയും ചെയ്തു. പെൺകുട്ടിയെ കാണണമെന്നു വിഗേഷിന്റെ അച്ഛൻ ബാലകൃഷ്ണൻ നിർബന്ധം പിടിച്ചപ്പോൾ ഗതാഗതക്കുരുക്കു മൂലം അവിടെ എത്താൻ കഴിയില്ലെന്നു പറഞ്ഞു വീട്ടമ്മ കൂടിക്കാഴ്ച മുടക്കി.

16ന് നടത്തേണ്ട വിവാഹത്തിന്റെ ഒരുക്കങ്ങൾ വിഗേഷിന്റെ വീട്ടിൽ നടന്നു വരികയായിരുന്നു. 3 ലക്ഷത്തിലേറെ രൂപ ചെലവഴിച്ചു വീട് മോടി പിടിപ്പിച്ചു. പന്തലും ഇട്ടു. കല്യാണപ്പെണ്ണിന് ഇടാനുള്ള അളവ് ബ്ലൗസുമായി കണ്ണൂരിലുള്ള ബന്ധുവീട്ടിൽ എത്താമെന്നു വീട്ടമ്മ അറിയിച്ചിരുന്നു. എത്താതെ വന്നപ്പോൾ വിഗേഷിന്റെ സഹോദരി വിനീഷയും ഭർത്താവ് ജയദീപും പെൺകുട്ടിയുടെ വീട്ടിലേക്കു വരാൻ നിശ്ചയിച്ചു.

കഴിഞ്ഞ ബുധനാഴ്ച അവർ കോട്ടയത്ത് എത്തി പെൺകുട്ടിയെ വിളിച്ചു.  അമ്മയ്ക്കു  ചിക്കൻപോക്സാണെന്നും വീട്ടിലേക്കു വരേണ്ടന്നും വീട്ടമ്മ അവരെ അറിയിച്ചു. ഇതോടെ സഹോദരിക്കും ഭർത്താവിനും സംശയമായി. തുടർന്നു നടത്തിയ അന്വേഷണത്തിലാണ് കള്ളി വെളിച്ചത്തായത്.  

 

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com