ADVERTISEMENT

തൊടുപുഴ ∙ പട്ടാപ്പകൽ വീട്ടിൽ കയറി പിഞ്ചുകുഞ്ഞിനെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ച ആന്ധ്രാ സ്വദേശിനി പിടിയിൽ.ആന്ധ്ര ചിറ്റൂർ കോട്ടൂർ ഗ്രാമവാസി ഷമീം ബീവി (സുമയ്യ–60) ആണ് അറസ്റ്റിലായത്. ഇവരുടെ കൈവശം തിരിച്ചറിയൽ രേഖ ഇല്ലാത്തതിനാൽ ആന്ധ്ര പൊലീസുമായി ബന്ധപ്പെടുമെന്ന് പൊലീസ് പറഞ്ഞു. ഇവർ നൽകിയിരിക്കുന്ന പേര് വ്യാജമാണോ എന്നും പൊലീസ് സംശയിക്കുന്നു.  ഇന്നലെ ഒന്നരയോടെ ഇടവെട്ടി ജാറത്തിനു സമീപത്തെ വീട്ടിൽ നിന്നാണ് ഒന്നര വയസ്സുള്ള പെൺകുഞ്ഞിനെ തട്ടിയെടുത്തത്.

മുത്തശ്ശി കുഞ്ഞിനെ കുളിപ്പിച്ച് വസ്ത്രം ധരിപ്പിച്ച് ഹാളിൽ നിർത്തിയതിനു ശേഷം പൗഡർ എടുക്കാൻ അടുത്ത മുറിയിലേക്കു പോയ തക്കം നോക്കിയാണ് ഷമീം ബീവി വീട്ടിൽക്കയറിയത്. തിരിച്ചു വന്നപ്പോൾ മുത്തശ്ശി കണ്ടത്, ഒരു സ്ത്രീ കുഞ്ഞിനെ എടുത്ത് ഹാളിൽ നിന്നു മുറ്റത്തേക്ക് ഓടുന്നതാണ്.

മുത്തശ്ശിയും ബഹളം വച്ച് പിന്നാലെ ഓടി സ്ത്രീയെ പിടിച്ചു നിർത്തി. പോർച്ചിൽ കിടന്ന കാറിന്റെ ബോണറ്റിലേക്ക് കുഞ്ഞിനെ വലിച്ചെറിഞ്ഞ ശേഷം ഷമീം ബീവി കടന്നുകളഞ്ഞെന്ന് പറയുന്നു. നാട്ടുകാർ ചേർന്ന് രണ്ടു കിലോമീറ്റർ അകലെ ഇടവെട്ടി ഭാഗത്ത് മറ്റൊരു വീട്ടിൽ നിന്നാണ് ഷമീം ബീവിയെ കണ്ടെത്തിയത്. അവിടെ സഹായം ചോദിച്ച് എത്തിയതായിരുന്നു. നാട്ടുകാർ ഇവരെ തടഞ്ഞുനിർത്തി പൊലീസിൽ അറിയിച്ചു.

തൊടുപുഴ സിഐ സജീവ് ചെറിയാൻ, എസ്ഐ എം.പി.സാഗർ, വനിത സെൽ എസ്ഐ സീന എന്നിവരുടെ നേതൃത്വത്തിൽ ഷമീം ബീവിയെ കസ്റ്റഡിയിൽ എടുത്തു ചോദ്യം ചെയ്തു. ഇവർ കരിങ്കുന്നത്ത് വാടകയ്ക്ക് താമസിക്കുന്ന കെട്ടിടത്തിൽ എത്തിച്ച് തെളിവെടുത്തു. ഇവിടെ നിന്നു മൊബൈൽ ഫോണും കുറച്ച് പണവും കണ്ടെത്തി. ബോണറ്റിലേക്കു വീണതിനാൽ കുഞ്ഞിനെ തൊടുപുഴ ജില്ലാ ആശുപത്രിയിൽ പരിശോധിച്ചു. കാര്യമായ പരുക്കില്ലെന്ന് ഡോക്ടർമാർ പറഞ്ഞു.

English Summary: Attempt to Kidnap a baby Girl

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com