ADVERTISEMENT

തിരുവനന്തപുരം ∙പൊലീസ് സ്റ്റേഷനുകൾക്കു വണ്ടി വാങ്ങേണ്ട കോടികളുടെ കേന്ദ്ര ഫണ്ട് വകമാറ്റി വാങ്ങിയ ആഡംബര കാറുകളിലൊന്ന് ചീഫ് സെക്രട്ടറിക്കും; ഇതു റജിസ്റ്റർ ചെയ്തിരിക്കുന്നതു ഡിജിപിയുടെ പേരിലും. സംസ്ഥാനത്തെ 5 പൊലീസ് സ്റ്റേഷനുകൾക്കു വാഹനമില്ലാതിരിക്കെ, ഫണ്ട് വകമാറ്റി ഉന്നത ഉദ്യോഗസ്ഥർക്കായി 41 കാറുകൾ വാങ്ങിയെന്നു കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ (സിഎജി) റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു.

2018 സെപ്റ്റംബറിലാണു ഡിജിപി ഔദ്യോഗിക ഉപയോഗത്തിന് 20 ലക്ഷത്തോളം രൂപയുടെ ജീപ് കോംപസ് (കെഎൽ 01 സിഎച്ച് 5999) വാങ്ങിയത്. 2019 ഓഗസ്റ്റിൽ ഇതേ മോഡൽ വാഹനം (കെഎൽ 01 സിഎൽ 9663) ചീഫ് സെക്രട്ടറിക്കും വാങ്ങി നൽകി. ഉദ്യോഗസ്ഥർക്കു കാർ വാങ്ങാൻ ശുപാർശ എത്തുന്നത് അതതു വകുപ്പുകളിൽ നിന്നാണ്; മന്ത്രിമാർക്കും വകുപ്പു സെക്രട്ടറിമാർക്കും കാർ നൽകുന്നതു ടൂറിസം വകുപ്പും.

പൊലീസ് വകുപ്പിൽ നിന്നു ചീഫ് സെക്രട്ടറിക്കു വാഹനം നൽകാറില്ലെന്ന് ഉന്നത ഉദ്യോഗസ്ഥർ പറയുന്നു.
അതേസമയം, വിവിധ വകുപ്പുകളുടെ മേധാവിയെന്ന നിലയിൽ താൻ ഏതെങ്കിലുമൊരു വകുപ്പിന്റെ വാഹനം ഉപയോഗിക്കുന്നതിൽ തെറ്റില്ലെന്നും ഇതു നിയമവിരുദ്ധമല്ലെന്നും ചീഫ് സെക്രട്ടറി ടോം ജോസ് പ്രതികരിച്ചു. പൊലീസിൽ കാറുകൾ കൈകാര്യം ചെയ്യുന്ന വിഭാഗത്തിലെ എസ്പി പ്രതികരിച്ചില്ല.

വെടിയുണ്ടക്കേസിൽ മന്ത്രിയുടെ ഗൺമാനും

തിരുവനന്തപുരം ∙ പേരൂർക്കട സ്പെഷൽ ആംഡ് പൊലീസ് ബറ്റാലിയനിൽ നിന്നു വെടിയുണ്ടകൾ കാണാതായ സംഭവത്തിലെ മൂന്നാം പ്രതി സനിൽ കുമാർ മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ഗൺമാൻ. എങ്കിലും കുറ്റക്കാരനെന്നു കോടതി കണ്ടെത്തും വരെ സനിൽകുമാറിനെ മാറ്റില്ലെന്നു മന്ത്രി പ്രതികരിച്ചു.

എകെ 47ന്റെ 407 കാലി കെയ്സിന്റെ വിവരങ്ങളും ഇൻസാസിന്റെ 390 കാലി കെയ്സിന്റെ വിവരങ്ങളും റജിസ്റ്ററിൽ രേഖപ്പെടുത്തിയില്ലെന്നതാണു സനിൽകുമാറിന്റെ കുറ്റമായി എഫ്ഐആറിലുള്ളത്. അക്കൗണ്ടന്റ് ജനറലിന്റെ ആവർത്തിച്ചുള്ള കത്തുകളെത്തുടർന്ന് എസ്എപി കമൻഡാന്റ് കഴിഞ്ഞ ഏപ്രിലിൽ പരാതി നൽകി.

പേരൂർക്കട പൊലീസ് കേസെടുത്തെങ്കിലും അന്വേഷണമുണ്ടായില്ല. 4 മാസം കഴിഞ്ഞ് കേസ് ക്രൈംബ്രാഞ്ചിനു കൈമാറി. 6 മാസം അവരും അനങ്ങിയില്ല. സംഭവം വിവാദമായതോടെ, അന്വേഷണം ഉടൻ പൂർത്തിയാക്കാൻ എഡിജിപി ടോമിൻ തച്ചങ്കരി നിർദേശിച്ചിരിക്കുകയാണ്. 1996–2018 കാലത്താണു വെടിയുണ്ടകൾ കാണാതായതെന്നു പരാതിയിൽ പറയുന്നു.

English Summary: Car for Chief secretary from police fund

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com