അന്വേഷണം പ്രഖ്യാപിക്കുമോയെന്ന് സംശയം; ഗവർണർക്ക് വിശദീകരണം നൽകി ഡിജിപി

dgp-lokanath-behera
SHARE

തിരുവനന്തപുരം ∙ അക്കൗണ്ടന്റ് ജനറലിന്റെ റിപ്പോർട്ടിൽ കുടുങ്ങിയതിനു പിന്നാലെ ഡിജിപി ലോക്നാഥ് ബെഹ്റ വിശദീകരണവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ സന്ദർശിച്ചു. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടു വിശദീകരണം നൽകിയതിനു പിന്നാലെയാണു രാജ്ഭവനിലെത്തിയത്. മുഖ്യമന്ത്രിയുടെ പൊലീസ് ഉപദേഷ്ടാവ് രമൺ ശ്രീവാസ്തവയും ഒപ്പമുണ്ടായിരുന്നു. രാവിലെ 11.30ന് എത്തിയ ഇവർ ഗവർണറുമായി ഒന്നര മണിക്കൂറോളം ചർച്ച നടത്തി.

സാധാരണ എജിയുടെ റിപ്പോർട്ടിലെ പരാമർശങ്ങൾക്ക് ഉദ്യോഗസ്ഥർ ഗവർണർക്കു വിശദീകരണം നൽകേണ്ടതില്ല. എന്നാൽ പൊലീസ് നവീകരണത്തിനായുള്ള കേന്ദ്ര സർക്കാർ ഫണ്ട് ദുർവിനിയോഗം ചെയ്തതായി എജി കണ്ടെത്തിയതിനാൽ കേന്ദ്രം നേരിട്ട് അന്വേഷണം പ്രഖ്യാപിക്കുമോയെന്നു സംശയമുണ്ട്. മിക്ക കാര്യങ്ങളും ശ്രീവാസ്തവയുമായി ആലോചിച്ചാണു ബെഹ്റ ചെയ്യുന്നത്. അതിനാലാണ് അദ്ദേഹവും ഗവർണറെ കാണാൻ ഒപ്പം പോയത്.

സിഎജി റിപ്പോർട്ട് ചർച്ച ചെയ്യാതെ മന്ത്രിസഭാ യോഗം

പൊലീസിന് അനുവദിച്ച ഫണ്ട് ക്രമവിരുദ്ധമായി ചെലവഴിച്ചതും വെടിയുണ്ടയും ആയുധങ്ങളും കാണാതായതും ഉൾപ്പെടെയുള്ള വിഷയങ്ങൾ പരാമർശിക്കുന്ന സിഎജി റിപ്പോർട്ടിനെക്കുറിച്ച് ഇന്നലെ കൂടിയ പ്രത്യേക മന്ത്രിസഭാ യോഗം ചർച്ച ചെയ്തില്ല. മന്ത്രിസഭാ യോഗം 3 മിനിറ്റു കൊണ്ട് അവസാനിപ്പിച്ചു.

അജൻഡയിൽ ഉൾപ്പെടുത്തുന്ന വിഷയങ്ങൾ മാത്രമാണു ചർച്ചക്കെടുക്കുക. അടിയന്തര പ്രാധാന്യമുള്ള വിഷയങ്ങൾ മുഖ്യമന്ത്രിയുടെ അനുമതിയോടെ അജൻഡയ്ക്കു പുറത്തുള്ള ഇനമായി കൊണ്ടുവരാറുണ്ട്. ഈ വിഷയം അജൻഡയിൽ ഇല്ലാത്തതിനാൽ പരിഗണിച്ചില്ല. അജൻഡയ്ക്കു പുറത്തുള്ള വിഷയം ഉന്നയിക്കാൻ മന്ത്രിമാർക്കു പൊതുവേ മടിയാണ്. മുൻപ് ഇത്തരം വിഷയങ്ങൾ ചർച്ചയ്ക്കു വന്നപ്പോൾ മുഖ്യമന്ത്രി അതിനോടു യോജിച്ചിരുന്നില്ല. നിയമസഭാ സമ്മേളനത്തിനു ശേഷം ഭൂരിപക്ഷം മന്ത്രിമാരും നാട്ടിലേക്കു മടങ്ങിയതിനാൽ ഇന്നലത്തെ യോഗത്തിൽ ഏതാനും പേരേ ഉണ്ടായിരുന്നുള്ളൂ.

വ്യക്തിഹത്യ അരുത്: ചീഫ് സെക്രട്ടറി

സിഎജി റിപ്പോർട്ടിന്റെ പേരിൽ ഉദ്യോഗസ്ഥരെ വ്യക്തിഹത്യ ചെയ്യുന്നതു നല്ല കീഴ്‌വഴക്കമല്ലെന്നു ചീഫ് സെക്രട്ടറി ടോം ജോസ്. റിപ്പോർട്ട് പരിശോധിച്ചു നടപടി സ്വീകരിക്കാൻ കൃത്യമായ വ്യവസ്ഥകളുണ്ട്. ഇതിനിടെ തിടുക്കപ്പെട്ട് ഉദ്യോഗസ്ഥരെ കുറ്റക്കാരായി ചിത്രീകരിക്കുന്നതും മാധ്യമ വിചാരണ നടത്തുന്നതും ജനാധിപത്യ മര്യാദകളുടെ ലംഘനമാണ്.

റിപ്പോർട്ടിൽ തുടർപരിശോധനയും വിശദീകരണവും ആവശ്യമെങ്കിൽ തിരുത്തൽനടപടികളും ഉണ്ടാകും. ബന്ധപ്പെട്ട വകുപ്പുകൾ പരിശോധിച്ച് മറുപടിയും നൽകും. ഏപ്രിൽ 2013 മുതൽ മാർച്ച് 2018 വരെ രണ്ടു സർക്കാരുകളുടെ കാലത്തു നടന്ന പ്രവർത്തനങ്ങളെക്കുറിച്ചാണ് റിപ്പോർട്ട്.

സിഎജി പ്രശംസിച്ചുവെന്ന് റവന്യു അധികൃതർ

മിച്ച ഭൂമി ഏറ്റെടുക്കുന്നതു സംബന്ധിച്ച വകുപ്പിന്റെ പ്രവർത്തനത്തെ കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറലിന്റെ (സിഎജി) റിപ്പോർട്ടിൽ പ്രശംസിക്കുകയാണ് ചെയ്തതെന്നു റവന്യു മന്ത്രിയുടെ ഓഫിസ്. മിച്ച ഭൂമി ഏറ്റെടുക്കുന്നതിൽ കാലതാമസം വന്നതിന്റെ പേരിൽ സിഎജി റിപ്പോർട്ടിൽ റവന്യു വകുപ്പിനെ വിമർശിച്ചു എന്ന വാർത്തയ്ക്കു പിന്നാലെയാണ് മന്ത്രിയുടെ ഓഫിസ് വിശദീകരണവുമായി വന്നത്.
തിരഞ്ഞെടുത്ത അഞ്ചു ജില്ലകളിൽ സിഎജി നടത്തിയ പരിശോധനയിൽ ആകെയുള്ള 23,151,3770 ഹെക്ടർ മിച്ച ഭൂമിയിൽ 21,563,3358 ഹെക്ടർ ഏറ്റെടുത്തതായി കണ്ടെത്തി. ഇത് 93% വരും. ആകെയുളള 24967 കേസുകളിൽ വെറും 169 കേസുകൾ മാത്രമാണ് ഇനി ശേഷിക്കുന്നത്. വനം വകുപ്പ് നിക്ഷിപ്ത വനമായി പ്രഖ്യാപിച്ചതും കോടതിയുടെ സ്റ്റേ നിലനിൽക്കുന്നതും മറ്റുള്ളവരുടെ കൈവശമുള്ളതുമായ ഭൂമിയാണിത്.

ഇക്കാര്യം ഓഡിറ്റ് റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്. തിരഞ്ഞെടുത്ത അഞ്ചു ജില്ലകളിലെ രേഖകൾ പരിശോധിച്ചപ്പോൾ 93% ഭൂമി പ്രശംസാർഹമായ രീതിയിൽ ഏറ്റെടുത്തതായി ഓഡിറ്റ് നിരീക്ഷിച്ചുവെന്നാണ് സിഎജി റിപ്പോർട്ടിന്റെ നാലാം അധ്യായത്തിൽ ഭൂനികുതിയും കെട്ടിട നികുതിയും എന്ന തലക്കെട്ടിൽ രേഖപ്പെടുത്തിയിരിക്കുന്നതെന്നും മന്ത്രിയുടെ ഓഫിസ് ചൂണ്ടിക്കാട്ടി.

English Summary: DGP Gives Explanation to Governor

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KERALA
SHOW MORE
FROM ONMANORAMA