ADVERTISEMENT

കൽപറ്റ∙ ‘‘അദ്ദേഹത്തിന്റെ അദൃശ്യമായ ശക്തി എപ്പോഴും കൂടെയുണ്ട്. അതുകൊണ്ടുതന്നെ എന്തു കാര്യത്തിനും ഇറങ്ങിത്തിരിക്കാൻ ധൈര്യമാണ്. കൂടെ ഇല്ലെന്ന സങ്കടം മാത്രമേ ഉള്ളൂ.’’ പ്രണയദിനത്തിൽ വസന്തകുമാറിന്റെ നീറുന്ന ഓർമകൾക്കു മുന്നിൽ ഭാര്യ ഷീനയുടെ കണ്ണുകൾ ഇൗറനണിഞ്ഞു. പുൽവാമ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച സിആർപിഎഫ് ഹവിൽദാർ വി.വി.വസന്തകുമാറിന്റെ ഒന്നാം ചരമവാർഷികമായിരുന്നു ഇന്നലെ.

‘‘ജീവിക്കാനുള്ള കരുത്ത് പകർന്നു നൽകിയിട്ടാണ് പോയത്. സർവീസിൽനിന്നു വിരമിക്കാൻ 2 വർഷം കൂടിയേ ഉണ്ടായിരുന്നുള്ളൂ. ഫോണിൽ വിളിക്കുമ്പോഴെല്ലാം മക്കളെ കുറിച്ചായിരുന്നു കൂടുതലും സംസാരിച്ചിരുന്നത്. വീടുപണി പൂർത്തിയാക്കിയ ശേഷം മക്കളോടൊപ്പം മുഴുവൻ സമയം കഴിയാനായിരുന്നു ആഗ്രഹം. പക്ഷേ....’’ ഷീനയുടെ വാക്കുകൾ ഇടറി. കണ്ണീർ തുടച്ച് ഷീന തുടർന്നു– ഏട്ടന്റെ സ്വപ്നങ്ങൾ ഓരോന്നായി യാഥാർഥ്യമാക്കണം. ഇനിയുള്ള ജീവിതം അതിനായി മാറ്റിവച്ചിരിക്കുകയാണ്.

2019 ഫെബ്രുവരി 14ന് ആണു കശ്മീരിലെ പുൽവാമയിലുണ്ടായ ഭീകരാക്രമണത്തിൽ വസന്തകുമാർ ഉൾപ്പെടെ 44 ജവാന്മാർ കൊല്ലപ്പെട്ടത്. ഹവിൽദാറായി സ്ഥാനക്കയറ്റം ലഭിച്ച ശേഷം ആദ്യമേറ്റെടുത്ത ചുമതലയ്ക്കിടെയായിരുന്നു ഭീകരാക്രമണം. പുതിയ ജോലിസ്ഥലമായ കശ്മീരിലെ വിശേഷങ്ങളുമായി, ഭീകരാക്രമണമുണ്ടാകുന്നതിനു 2 മണിക്കൂർ മുൻപും വസന്തകുമാർ വീട്ടിലേക്കു വിളിച്ചിരുന്നു.
ഒരുവർഷം കൊണ്ടുതന്നെ ജീവിതം ഒരുപാട് മാറിയെന്നു ഷീന പറയുന്നു. കുടുംബത്തെ സർക്കാർ ഏറ്റെടുത്തു. കേരള വെറ്ററിനറി

സർവകലാശാലയിൽ അസിസ്റ്റന്റ് തസ്തികയിൽ ഷീനയ്ക്കു ജോലി ലഭിച്ചു. മക്കളായ അനാമികയെയും അമർദിപിനെയും കൽപറ്റ കേന്ദ്രീയ വിദ്യാലയത്തിൽ ചേർത്തു. അവരുടെ പഠനസൗകര്യാർഥം കൽപറ്റ ബിഎസ്എൻഎൽ ക്വാർട്ടേഴ്സിലേക്ക് താമസം മാറ്റി. സർക്കാർ അനുവദിച്ച വീടിന്റെ പ്രാരംഭ പ്രവൃത്തികൾ പുത്തൂർവയലിൽ തുടങ്ങി. ധീരജവാന്റെ ഓർമകൾക്കു മുന്നിൽ പ്രണാമം അർപ്പിക്കാൻ നൂറുകണക്കിനാളുകൾ വസന്തകുമാറിന്റെ തൃക്കൈപ്പറ്റയിലെ തറവാട്ട് വീട്ടിലേക്ക് ഒഴുകിയെത്തി.

English Summary: Pulwama Attack Anniversary, Vasanthakumar's Wife

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com