ADVERTISEMENT

ന്യൂഡൽഹി∙ ഈ വർഷത്തെ ഏറ്റവും മികച്ച വാർത്താ വെബ്സൈറ്റിനുള്ള വാൻ–ഇഫ്ര സൗത്ത് ഏഷ്യൻ ഡിജിറ്റൽ മീഡിയ സുവർണ പുരസ്കാരം മനോരമ ഓൺലൈനിനു സമ്മാനിച്ചു. ന്യൂഡൽഹിയിൽ നടന്ന ചടങ്ങിൽ മനോരമ ഓൺലൈൻ കോഓർഡിനേറ്റിങ് എഡിറ്റർ ‌സന്തോഷ് ജോർജ് ജേക്കബ് സുവർണ പുരസ്കാരം ഏറ്റുവാങ്ങി. ഇതേ വിഭാഗത്തിൽ വെള്ളി മെഡൽ മനോരമ ഓൺലൈനിന്റെ മൊബൈൽ ആപ്പിനുവേണ്ടി അസോഷ്യേറ്റ് പ്രൊഡ്യൂസർ അമിൻ സീതിയും മികച്ച സമൂഹമാധ്യമ ഇടപെടലിനുള്ള സ്വർണ മെഡൽ വനിത ഓൺലൈനിനു വേണ്ടി സബ് എഡിറ്റർ സുജിത് പി. നായരും ഏറ്റുവാങ്ങി.

തുടർച്ചയായ മൂന്നാം തവണയാണ് മനോരമ ഓൺലൈനിന്റെ മൊബൈൽ ആപ് ഈ പുരസ്കാരം നേടുന്നത്. #ഇവിടെനല്ലവിശേഷം ക്യാംപെയ്നാണ് വനിത ഓൺലൈനിനെ പുരസ്കാരത്തിന് അർഹമാക്കിയത്. മനോരമ ഓൺലൈൻ (www.manoramaonline.com) മൂന്നാം തവണയാണു സൗത്ത് ഏഷ്യൻ പുരസ്കാരം നേടുന്നത്. ലോകത്തെ ഏറ്റവും മികച്ച വെബ്സൈറ്റിനുള്ള വാൻ–ഇഫ്ര പുരസ്കാരം (2016) ഉൾപ്പെടെ ഇരുപതിലേറെ പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. ദക്ഷിണേഷ്യൻ രാജ്യങ്ങളിലെ എൺപതോളം എൻട്രികളെ പിന്തള്ളിയാണു മനോരമ ഓൺലൈനിന്റെയും വനിത ഓൺലൈനിന്റെയും നേട്ടം.

മലയാള മനോരമ ദിനപത്രത്തിന്റെ വെബ് പതിപ്പായ മനോരമ ഓൺലൈൻ രാജ്യത്ത് ഏറ്റവുമധികം വായനക്കാരുള്ള വാർത്താ വെബ്സൈറ്റുകളിൽ മുൻപന്തിയിലാണ്. പുതു ഡിസൈനിൽ, പുത്തൻ ലോഗോ സഹിതം പുതുമുഖം സ്വീകരിച്ച മനോരമ ഓൺലൈനിനാണ് പുരസ്കാരനേട്ടം. 2016ൽ ലോകത്തിലെ ഏറ്റവും മികച്ച വെബ്സൈറ്റിനുള്ള വാൻ–ഇഫ്ര പുരസ്കാരവും മനോരമ സ്വന്തമാക്കിയിരുന്നു.

120 രാജ്യങ്ങളിലായി 3000 പ്രസാധക സ്ഥാപനങ്ങളെയും 18,000 പ്രസിദ്ധീകരണങ്ങളെയും പ്രതിനിധീകരിക്കുന്ന ആഗോള പത്രസംഘടനയാണു വാൻ–ഇഫ്ര. മാറുന്ന വാർത്താലോകത്തിൽ വായനക്കാർക്കായി ഡിജിറ്റൽ–മൊബൈൽ സമീപനം കൂടി സ്വീകരിച്ചു കൂടുതൽ മികച്ച വിഭവങ്ങളെത്തിക്കുന്ന മാധ്യമസ്ഥാപനങ്ങളെ അംഗീകരിക്കാനാണു പുരസ്കാരം ഏർപ്പെടുത്തിയിരിക്കുന്നത്. ദക്ഷിണേഷ്യയിലെ ഇരുപതിലേറെ മാധ്യമ സ്ഥാപനങ്ങളിൽനിന്നുള്ള എൺപതോളം എൻട്രികളെ പിന്തള്ളിയാണ് മനോരമയുടെ അഭിമാനനേട്ടം. രാജ്യാന്തര വിദഗ്ധരുടെ പാനലാണ് വിജയികളെ തിരഞ്ഞെടുത്തത്.

ഡിജിറ്റൽ മാധ്യമരംഗത്ത് ഇരുപതാണ്ടിന്റെ പാരമ്പര്യമുള്ള മനോരമ ഓൺലൈന്‍ മികച്ച വാർത്താ വെബ്സൈറ്റിനുള്ള ഏഷ്യൻ ഡിജിറ്റൽ മീഡിയ പുരസ്കാരം (2011), മികച്ച 360 അവതരണത്തിനുള്ള ആന്വൽ ടെല്ലി വെങ്കല പുരസ്കാരം (2017) എന്നിവയുൾപ്പെടെ രാജ്യാന്തരവും ദേശീയവുമായ ഇരുപതിലേറെ പുരസ്കാരങ്ങൾ സ്വന്തമാക്കിയിട്ടുണ്ട്. ദക്ഷിണേഷ്യയിലെ മികച്ച വാർത്താ വെബ്സൈറ്റിനുള്ള 2016ലെ വാൻ–ഇഫ്ര ഡിജിറ്റൽ മീഡിയ വെങ്കല പുരസ്കാരം മനോരമ ഓൺലൈൻ ഇംഗ്ലിഷ് പതിപ്പായ ഓൺമനോരമയ്ക്കായിരുന്നു.

മനോരമ ഓൺലൈനിന്റെ മൊബൈൽ ആപ്പ് ഡൗൺലോഡ് ചെയ്യാൻ സന്ദർശിക്കുക: ആൻഡ്രോയിഡ്, ഐഒഎസ്

English summary: Manorama Online receives WAN - IFRA award

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com