ADVERTISEMENT

കോഴിക്കോട്∙ കൂടത്തായി കൊലപാതകക്കേസുകളിലെ വക്കാലത്ത് മാറ്റാൻ ജയിൽ അധികൃതരും ഒരു വിഭാഗം അഭിഭാഷകരും സമ്മർദം ചെലുത്തുന്നതായി മുഖ്യപ്രതി ജോളി ജോസഫിന്റെ അഭിഭാഷകൻ ബി.എ.ആളൂർ. ജയിൽ ഡിജിപി ഋഷിരാജ് സിങ് ഇതിനായി ജോളിയോട് സംസാരിച്ചെന്നും സർക്കാരിന്റെ അഭിമാനപ്രശ്നമായ കേസായതിനാൽ പ്രതിഭാഗത്തെ ദുർബലമാക്കാനാണു ശ്രമമെന്നും ആളൂർ വാർത്താസമ്മേളനത്തിൽ ആരോപിച്ചു. 

കഴിഞ്ഞ ദിവസം ജില്ലാ ജയിലിലെ ചടങ്ങിനെത്തിയ ഋഷിരാജ് സിങ് ജോളിയോട് ‘ആളൂരിനെ വച്ചാണോ കേസ് നടത്തുന്നത്’ എന്നു ചോദിച്ചെന്നും തിരഞ്ഞെടുപ്പ് അടുക്കുന്നതിനാൽ സർക്കാരിനു വേണ്ടി പലതരത്തിൽ ഇടപെടൽ നടക്കുന്നുവെന്നുമാണ് ആളൂരിന്റെ ആരോപണം. തെളിവില്ലാതെ കേസ് തള്ളിപ്പോയാൽ സർക്കാരിനു നാണക്കേടാകുമെന്നതാണു കാരണം.

  3 അഭിഭാഷകർ ജയിലിലെത്തി ഇപ്പോഴത്തെ വക്കാലത്ത് ഒഴിയാൻ ജോളിയോട് അഭ്യർഥിച്ചു.  പ്രമുഖ അഭിഭാഷകന്റെ ജൂനിയർമാരെന്നു പരിചയപ്പെടുത്തിയാണ് ഇവരെത്തിയത്. കോഴിക്കോട്ടെ അഭിഭാഷകരുടെ അഭിമാന പ്രശ്നമാണിതെന്നും ആളൂർ കേസ് നടത്തിയാൽ ജയിക്കില്ലെന്നുമാണു വാദം. പകരം വക്കാലത്ത് ഏറ്റെടുക്കാൻ തയാറാണെന്നും അറിയിച്ചു.  വക്കാലത്ത് മാറ്റുന്നതിനെക്കുറിച്ച് ആലോചിക്കുന്നില്ലെന്നാണു ജോളി പറഞ്ഞത്. 

ജോളിയെ സമ്മർദത്തിലാക്കി ആത്മഹത്യ ചെയ്യിക്കാനാണു ശ്രമം. ഇപ്പോഴത്തെ അഭിഭാഷകരല്ലാതെ ആരും തന്നെ ജയിലിൽ വന്നു കാണരുതെന്ന അപേക്ഷ ജോളി അടുത്ത ദിവസം കോടതിയിൽ എഴുതി സമർപ്പിക്കുമെന്നും ആളൂർ അറിയിച്ചു. അതിനിടെ, കൂടത്തായി കൊലപാതക പരമ്പരയിലെ സിലി വധക്കേസിൽ ജോളിയുടെ ജാമ്യാപേക്ഷ മാർച്ച് 7ലേക്ക് മാറ്റി. ജില്ലാ സെഷൻസ് ജഡ്ജി അവധിയായതിനാലാണ് ഹർജി മാറ്റിയത്. 

English summary: Advocate B.A. Aloor against Jail DGP

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com