ADVERTISEMENT

കൊറോണക്കാലത്ത് ഐസലേഷൻ വാർഡിൽ കിടന്നപ്പോൾ കണ്ട സിനിമയേത്?

‘ദ് ഫ്ലൂ’ – സൗത്ത് കൊറിയൻ സിറ്റിയെ വൈറസ് കീഴടക്കുന്ന സിനിമ...!  ആ മറുപടിയിലുണ്ട് ഇന്ത്യയിൽ ആദ്യമായി കോവിഡ് –19 (കൊറോണ) രോഗം സ്ഥിരീകരിക്കപ്പെട്ട തൃശൂർ സ്വദേശിയായ പെൺകുട്ടിയുടെ ധീരത. സുഖപ്പെട്ടു വീട്ടിൽ തിരിച്ചെത്തിയ പെൺകുട്ടി ആ അനുഭവങ്ങൾ ‘മനോരമ’യോടു പങ്കുവയ്ക്കുന്നു. (നിയമ തടസ്സമുള്ളതിനാൽ പേരും വിലാസവും വെളിപ്പെടുത്തുന്നില്ല) ജനുവരി 24നു ചൈനയിൽ നിന്നെത്തി 27ന് ഐസലേഷൻ വാർഡിൽ പ്രവേശിപ്പിക്കപ്പെട്ട പെൺകുട്ടി കുറച്ചുദിവസം മുൻപാണ് ആശുപത്രി വിട്ടത്.

എപ്പോഴെങ്കിലും പേടി തോന്നിയോ?

ഇല്ല. കാരണം രോഗലക്ഷണങ്ങൾ ആദ്യ രണ്ടുമൂന്നു ദിവസം കൊണ്ടു തന്നെ മാറി. അതിനു ശേഷമാണ് വൈറസ് ബാധ സ്ഥിരീകരിച്ച ഫലം ലഭിച്ചത്. കടുത്ത രോഗമുണ്ടായിരുന്നെങ്കിൽ ചിലപ്പോൾ പേടിച്ചേനെ.

എന്തായിരുന്നു ചൈനയിൽ നിന്നു പോരുമ്പോഴത്തെ അനുഭവം?

വുഹാൻ സർവകലാശാലയിലെ മൂന്നാം വർഷ  മെഡിക്കൽ വിദ്യാർഥിനിയാണ് ഞാൻ. ജനുവരി 24വരെ വുഹാനിലുണ്ടായിരുന്നു. വൈറസ് ബാധ പടരുന്നുണ്ടെന്നറിഞ്ഞെങ്കിലും ഞാൻ ഹോസ്റ്റലിൽ തന്നെയായിരുന്നു. അവിടെ ഡോക്ടർമാരെത്തി ഞങ്ങളെ പരിശോധിച്ചിരുന്നു. അവധിക്കു വരേണ്ടെന്നാണു തീരുമാനിച്ചിരുന്നത്. ലക്ഷണങ്ങളൊന്നുമില്ലെങ്കിലും പോരാൻ തീരുമാനിക്കുകയായിരുന്നു..

എത്തിയപ്പോൾ രോഗലക്ഷണങ്ങൾ ഇല്ലാതിരുന്നിട്ടും ഐസലേഷൻ വാർഡിൽ പ്രവേശിക്കപ്പെട്ടതെങ്ങനെ?

ഞാനൊരു മെഡിക്കൽ വിദ്യാർഥിനിയാണ്. അതിനാൽ ചൈനയിൽ നിന്നെത്തുന്നവർ ആ വിവരം അറിയിക്കണമെന്ന ആരോഗ്യവകുപ്പിന്റെ നിർദേശം പാലിച്ചു. വന്ന അന്നുതന്നെ എന്റെ നാട്ടിലെ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥനെ അറിയിച്ചിരുന്നു. വീട്ടിൽ തന്നെ കഴിഞ്ഞു. 27നു തൊണ്ടവേദനയും ജലദോഷവും തുടങ്ങിയപ്പോൾ ആ വിവരം അറിയിച്ചു. ജനറൽ ആശുപത്രിയിൽ നിന്ന് ആംബുലൻസ് വന്നു കൊണ്ടുപോവുകയായിരുന്നു.

അപ്പോൾ ഒന്നു പേടിച്ചില്ലേ?

പേടിയൊന്നും തോന്നിയില്ല. എങ്കിലും എന്റെ കയ്യിൽനിന്ന് ആർക്കെങ്കിലും കിട്ടിയോ എന്ന ആശങ്കയുണ്ടായിരുന്നു. ജനറൽ ആശുപത്രിയിൽ ഡോക്ടർമാർ സ്രവം എടുത്തു പരിശോധനയ്ക്ക് അയച്ചു. അപ്പോഴും വൈറസ് ബാധയുണ്ടാകുമെന്നു കരുതിയില്ല. ആദ്യ ദിവസങ്ങളിൽ ഞാൻ വളരെ ‘കൂളായിരുന്നു’. എനിക്കൊപ്പം ജനറൽ ആശുപത്രിയിൽ ഐസലേഷനിലുണ്ടായിരുന്ന എല്ലാവരുടെയും ഫലം നെഗറ്റീവ്. അവരെ വിട്ടയച്ചു. 

രോഗബാധയുണ്ടെന്നുള്ള വിവരം  അറിഞ്ഞതെങ്ങനെ?

എന്റെ മാത്രം ഫലം വൈകുന്നതു കണ്ടപ്പോൾ ചെറിയ സംശയം തോന്നിയിരുന്നു. സത്യത്തിൽ വാർത്ത കണ്ടാണ് എനിക്കു സൂചന കിട്ടിയത്.  കൂട്ടുകാരും അടുത്ത മുറിയിലുണ്ടായിരുന്ന അമ്മയുമൊക്കെ ചോദിച്ചെങ്കിലും ഞാൻ ഒന്നും പറഞ്ഞില്ല. കുറേക്കഴിഞ്ഞു രണ്ടുമൂന്നു ഡോക്ടർമാർ എന്റെ അടുത്തു വന്ന് ‘ധൈര്യം പകരാൻ’ തുടങ്ങി. അപ്പോൾ സംഗതി പിടികിട്ടി. ഡോക്ടറോട് ഞാൻ ചോദിച്ചു – രോഗബാധയുണ്ടെന്നു ഫലം വന്നത് എന്റേതാണല്ലേ..?ഏയ്,  എല്ലാം നോർമലാണ് എന്നായിരുന്നു മറുപടി. പേടിയുണ്ടോയെന്നു ഡോക്ടർ ചോദിച്ചു. ഇല്ലെന്നു ഞാൻ പറഞ്ഞു. പിന്നെ നാലു ഡോക്ടർമാർ ഒരുമിച്ചുവന്നാണു വിവരം പറയുന്നത്. 

സത്യത്തിൽ പേടിയില്ലായിരുന്നോ?

ചൈനയിലെ മരണങ്ങളുടെ വാർത്ത അറിയാമായിരുന്നതിനാൽ വരുന്നത് കഠിനമായ അനുഭവങ്ങളുടെ ദിവസങ്ങളാണെന്നു മനസ്സിലായി. പക്ഷേ, ആശുപത്രി ജീവനക്കാരും ബന്ധുക്കളും നൽകിയ പിന്തുണ സഹായമായി. 25 ദിവസമാണു പിന്നെ ആശുപത്രിയിൽ കിടന്നത്.

ആദ്യ ദിവസം എന്താണു ചെയ്തത്?

ആദ്യദിവസം ആരോഗ്യ ജീവനക്കാരെ സഹായിക്കാൻ എനിക്കു കഴിഞ്ഞു. എന്റെ ഒപ്പം യാത്രചെയ്തവരെയും ഞാനുമായി ഇടപെട്ടവരെയുമൊക്കെ കണ്ടെത്താൻ സഹായിച്ചു. വിമാനത്തിലെ വിശദാംശങ്ങളൊക്കെ ഞാൻ തന്നെയാണു സംഘടിപ്പിച്ചു കൊടുത്തത്.

സർവകലാശാലയിൽ നിന്ന് ആരെങ്കിലും ബന്ധപ്പെട്ടിരുന്നോ?

ഉവ്വ്. ൈചനയിലെ അധ്യാപകരൊക്കെ സന്ദേശങ്ങൾ അയച്ചു. സർവകലാശാല ഡീൻ വിദ്യാർഥികളിലെ ഇന്ത്യൻ പ്രതിനിധിയുടെ അടുത്ത് ചോദിച്ച് വിവരങ്ങൾ ആരാഞ്ഞു. സുഹൃത്തുക്കളൊക്കെ നീ സുഖമായി തിരിച്ചുവാ... എന്ന് ആശ്വസിപ്പിച്ചു.

ഐസലേഷൻ കാലത്തെ ആശ്വാസം എന്തായിരുന്നു.

31നു മെഡിക്കൽ കോളജിലേക്കു മാറ്റി. മന്ത്രി ശൈലജ ടീച്ചർ വന്നു കണ്ടു. പേടിക്കേണ്ട എന്നുപറഞ്ഞു. അതു വലിയ ആശ്വാസമായി. പിന്നെ  ഡോക്ടർമാരും മറ്റുമായി നല്ല കൂട്ടായി. ചൈനയിൽ നിന്ന് അധ്യാപകർ ഓൺലൈനായി ക്ലാസെടുത്തു തുടങ്ങിയപ്പോൾ അതിലായി ശ്രദ്ധ. ഞങ്ങൾ കൂട്ടുകാരെല്ലാം ‘കണക്ടഡ്’ ആയി. സംശയങ്ങളൊക്കെ ചോദിക്കാവുന്ന സംവിധാനമായിരുന്നു. ശരിക്കും ക്ലാസ് മുറിയിൽ ഇരിക്കുന്ന അനുഭവമായിരുന്നു അപ്പോൾ. എനിക്കുവേണ്ടി വൈഫൈ സംവിധാനമൊക്കെ ആശുപത്രിയിൽ ഏർപ്പെടുത്തിയിരുന്നു. സിനിമയൊക്കെ കണ്ടു. ഇഷ്ടമുള്ള ഭക്ഷണം കിട്ടുമായിരുന്നു. ബിരിയാണിയൊക്കെ കുറേ കഴിച്ചു.

ഏതു സിനിമയാണു കണ്ടത്.

മൊബൈലിൽ ഒരുപാടു സിനിമകൾ കണ്ടു.  ‘ദ് ഫ്ളൂ’ എന്ന കൊറിയൻ സിനിമയാണ് ഇഷ്ടപ്പെട്ടത്. അതും ഇതുപോലെ വൈറസ് ബാധയുടെ കഥയാണല്ലോ. കൂട്ടുകാർ പറഞ്ഞു: ഇത്തരം സിനിമ ഇപ്പോൾ കാണണ്ട എന്ന്. പിന്നെ മലയാളം ചിരിപ്പടങ്ങളിലേക്കു മാറി. 

ഫലം നെഗറ്റീവായെന്നറിഞ്ഞപ്പോൾ എന്തു തോന്നി.

ഭയങ്കര സന്തോഷമായിരുന്നു. പക്ഷേ, തുടർച്ചയായി രണ്ടുഫലവും നെഗറ്റീവായിട്ട് അറിയിക്കാമെന്നു കരുതി. പക്ഷേ, എനിക്കു മുൻപേ വാർത്തയിലൂടെ എല്ലാവരും അറിഞ്ഞു. ചൈനക്കാരായ എന്റെ അധ്യാപകരൊക്കെ വുഹാനിൽ വീട്ടിൽ അടച്ചിട്ടിരിക്കുകയാണ് ഇപ്പോഴും. ഞാൻ സുഖപ്പെട്ടുവെന്ന വാർത്ത അവർക്കുവലിയ ആശ്വാസമായെന്നാണ് അറിഞ്ഞത്. അവിടെ ആൾക്കാർ മരിക്കുന്ന വാർത്തയാണലല്ലോ അധികവും.

ഡോക്ടറാകാൻ പഠിക്കാൻ തീരുമാനിച്ചതിനെക്കുറിച്ച് ഇപ്പോൾ എന്തു തോന്നുന്നു?

അതിലുള്ള സന്തോഷം കൂടി. ഞാനിപ്പോഴും ഓർക്കുന്നൊരു കാര്യമുണ്ട്: ഐസലേഷൻ വാർഡിൽ നിന്നു ഞാൻ ഇറങ്ങി. പക്ഷേ, എന്നെ പരിചരിച്ച ഡോക്ടർമാരും ജീവനക്കാരും ഇപ്പോഴും ‘ഐസലേഷൻ വാർഡിൽ’ത്തന്നെയാണ്. അതാണ് ഈ ജോലിയുടെ മഹത്വം. പഠനം പൂർത്തിയാക്കി  മടങ്ങിവന്ന് കേരളത്തിൽത്തന്നെ സേവനം ചെയ്യും.

English summary: Interview with first Corona positive student in India

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com