ADVERTISEMENT

കൊല്ലം∙ തിരുവനന്തപുരം- തെന്മല സംസ്ഥാന പാതയിൽ കുളത്തൂപ്പുഴ വനമേഖലയിൽ റോഡരികിൽ കവറിൽ പൊതിഞ്ഞ് 14 വെടിയുണ്ടകൾ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. ഒരെണ്ണത്തിൽ പിഒഎഫ് (പാകിസ്ഥാൻ ഓർഡനൻസ് ഫാക്ടറി) എന്നു രേഖപ്പെടുത്തിയിരിക്കുന്നത് അതീവ ഗുരുതരമാണെന്നു ഉന്നതർ വ്യക്തമാക്കി. ഇന്ത്യൻ സേനകൾ ഉപയോഗിക്കുന്ന തിരകളിൽ ഐഒഎഫ് ( ഇന്ത്യൻ ഓർഡനൻസ് ഫാക്ടറി) എന്നാണു രേഖപ്പെടുത്തുന്നത്.

12 എണ്ണം പൗച്ചിലും (വെടിയുണ്ടകൾ വയ്ക്കുന്ന ബെൽറ്റ്) 2 എണ്ണം വേറിട്ട നിലയിലുമായിരുന്നു. സൈന്യവും പൊലീസും ഉപയോഗിക്കുന്നതരം വെടിയുണ്ടകളാണെന്നു പ്രാഥമിക അന്വേഷണത്തിൽ സ്ഥിരീകരിച്ചിട്ടുണ്ട്. ലോങ് റേഞ്ചിൽ വെടിവയ്ക്കാവുന്ന തോക്കുകളിൽ ഉപയോഗിക്കുന്ന 7.62 എംഎം ഉണ്ടകളാണിവ. മിലിറ്ററി ഇന്റലിജന്റ്‍സ് ഉദ്യോഗസ്ഥർ ഇന്നോ നാളെയോ സ്ഥലം സന്ദർശിച്ചേക്കും. അന്വേഷണം ആന്റി ടെററിസ്റ്റ് സ്ക്വാഡിനു കൈമാറി.

ഇന്നലെ ഉച്ചയ്ക്കു ശേഷം 3 മണിയോടെ കുളത്തൂപ്പുഴ- മടത്തറ പാതയിൽ മുപ്പതടി പാലത്തിനു സമീപമാണു വെടിയുണ്ടകൾ കണ്ടത്. അതുവഴി കടന്നുപോയ കുളത്തൂപ്പുഴ മടത്തറ ഒഴുകുപാറ സ്വദേശി ജോഷി, സുഹൃത്ത് തിരുവനന്തപുരം ഭരതന്നൂർ സ്വദേശി അജീഷ് എന്നിവരാണു പത്രക്കടലാസിൽ പൊതിഞ്ഞു പ്ലാസ്റ്റിക് കവറിലാക്കിയ നിലയിൽ ഇവ കണ്ടത്.

കവർ കിടക്കുന്നതു കണ്ടു സംശയം തോന്നി വടി കൊണ്ട് ഇളക്കി നോക്കുകയായിരുന്നു. ഇവർ വിവരം അറിയിച്ചതിനെ തുടർന്ന് വൻ പൊലീസ് സംഘവും ഫൊറൻസിക് - വിരലടയാള വിഭാഗവും ബോംബ് സ്ക്വാഡും ആർമറി വിഭാഗവും എത്തി വെടിയുണ്ടകൾ പരിശോധിച്ചു. മുപ്പതടിപ്പാലത്തിനു സമീപത്തെ വനപ്രദേശത്തു മെറ്റൽ ഡിറ്റക്ടർ അടക്കമുള്ള ഉപകരണങ്ങൾ ഉപയോഗിച്ചും പരിശോധന നടത്തി.

കേരള പൊലീസിന്റെ കാണാതായ ഉണ്ടകളോ ? 

എല്ലാ തിരകളിലും അതു നിർമിക്കുന്ന സ്ഥലവും വർഷവും രേഖപ്പെടുത്തും. അതിനാൽ കേരള പൊലീസിൽനിന്നു കാണാതായ പോയ വെടിയുണ്ട ആണോ ഇവയെന്നും കണ്ടെത്താൻ കഴിയും. ലഭിച്ച വെടിയുണ്ടകളിൽ വിശദ പരിശോധന നടത്താൻ ക്രൈംബ്രാഞ്ച് പ്രത്യേക സംഘത്തിനു ക്രൈംബ്രാഞ്ച് മേധാവി ടോമിൻ തച്ചങ്കരി നിർദേശം നൽകി. കേരള പൊലീസിന്റെ കാണാതായ വെടിയുണ്ടകളുടെ വിശദാംശം ക്രൈംബ്രാഞ്ചിന്റെ കൈവശമുണ്ട്.

bullets-kannur
കിളിയന്തറ എക്സൈസ് ചെക്ക് പോസ്റ്റിൽ വാഹന പരിശോധനയ്ക്കിടയിൽ പിടിയിലായ വെടിയുണ്ട പാക്കറ്റുകളിലൊന്ന് (തിരകൾ)

അതുമായി ഒത്തു നോക്കും. മാത്രമല്ല, കേസിലെ പ്രതികളുടെ വീടുകളിൽ അടക്കം പരിശോധന നടത്താൻ അന്വേഷണ സംഘം തീരുമാനിച്ചതിനു പിന്നാലെയാണു വെടിയുണ്ടകൾ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ ജനുവരി 28നു പ്രസിദ്ധീകരിച്ച ദിനപത്രത്തിൽ പൊതിഞ്ഞാണ് ഇവ ഉപേക്ഷിച്ചിരുന്നത്. അതിനാൽ ആ തീയതിക്കു ശേഷമായിരിക്കും ഇത് ഉപേക്ഷിച്ചതെന്നു പൊലീസ് കരുതുന്നു. പക്ഷേ പിഒസി മുദ്രയാണ് സംശയമുണർത്തുന്നത്.

കേരളത്തിലേക്ക് കടത്തിയ 60 വെടിയുണ്ടകൾ പിടിച്ചു

pramod-bullet
കെ.പ്രമോദ്

ഇരിട്ടി∙ കർണാടകത്തിൽനിന്ന് കാറിൽ കേരളത്തിലേക്കു കടത്തുകയായിരുന്ന 60 വെടിയുണ്ടകൾ കിളിയന്തറയിൽ എക്സൈസ് ചെക്ക് പോസ്റ്റ് അധികൃതർ പിടികൂടി. ഒരാളെ അറസ്റ്റു ചെയ്തു. കാർ കസ്റ്റഡിയിൽ എടുത്തു. തില്ലങ്കേരി മച്ചൂർമലയിലെ കെ.പ്രമോദിനെ (42)ആണ് എക്സൈസ് ഇൻസ്പെക്ടർ ബി.വിഷ്ണുവിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. തുടരന്വേഷണത്തിനായി കേസ് ഇരിട്ടി പൊലീസിന് കൈമാറി.

ഇന്നലെ 3ന് ആണ് വാഹന പരിശോധനയ്ക്കിടയിൽ കാറിന്റെ ഡിക്കിയിൽ ഒളിപ്പിച്ച നിലയിൽ നാടൻ തോക്കിൽ ഉപയോഗിക്കുന്ന തരം തിരകൾ കണ്ടെത്തിയത്. 10 തിരകൾ വീതം ഉള്ള 6 പെട്ടികളാണ് ഉണ്ടായിരുന്നത്. വീരാജ്പേട്ടയിൽനിന്നാണ് തിരകൾ വാങ്ങിയതെന്നും കൃഷി നശിപ്പിക്കുന്ന പന്നികളെയും കുരങ്ങൻമാരെയും തുരത്തുന്നതിനു വേണ്ടി ഉപയോഗിക്കാനാണെന്നുമാണു പ്രമോദ് മൊഴി നൽകിയതെന്ന് എക്സൈസ് അധികൃതർ പറഞ്ഞു.

English summary: Pak made Bullets found abandoned in Kollam 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com