ADVERTISEMENT

തിരുവനന്തപുരം/ കൊല്ലം ∙ കുളത്തൂപ്പുഴയിൽ പാക്കിസ്ഥാൻ നിർമിത വെടിയുണ്ടകൾ കണ്ടെത്തിയ സംഭവത്തിൽ ചില സൂചനകൾ കിട്ടിയിട്ടുണ്ടെന്നും ഇതു ദേശീയ അന്വേഷണ ഏജൻസിക്കു (എൻഐഎ) കൈമാറിയെന്നും ഡിജിപി ലോക്നാഥ് ബെഹ്റ. നിർണായക തെളിവുകൾ ലഭിച്ചതായും വെടിയുണ്ട ഉപേക്ഷിച്ചവരെ ഉടൻ പിടികൂടാൻ കഴിയുമെന്നാണു പ്രതീക്ഷയെന്നും ക്രൈം ബ്രാഞ്ച് മേധാവിയായ എഡിജിപി ടോമിൻ തച്ചങ്കരി പറഞ്ഞു. ഹൈദരാബാദിലെ ഫൊറൻസിക് ലബോറട്ടറിയുടെ സാങ്കേതിക സഹായം തേടിയിട്ടുണ്ട്.

3 അംഗ ദേശീയ അന്വേഷണ എജൻസി (എൻഐഎ) സംഘം ഇന്നലെ ഉച്ചയോടെ കുളത്തൂപ്പുഴ പൊലീസ് സ്റ്റേഷനിലെത്തി വെടിയുണ്ടകൾ പ‍രിശോധിച്ചു. ഭീകരവിരുദ്ധ സ്ക്വാഡ് (എടിഎസ്) മേധാവി ഡിഐജി അനൂപ് കുരുവിള ജോണിന്റെ നേതൃത്വത്തിലും അന്വേഷണം തുടങ്ങി. മിലിറ്ററി ഇന്റലിജൻസ് വിഭാഗവും ഇവ പരിശോധിച്ചു.

എഡിജിപി തച്ചങ്കരിയും ഡിഐജി അനൂപ് കുരുവിള ജോണും വെടിയുണ്ടകൾ കണ്ടെടുത്ത സ്ഥലത്തു പരിശോധന നടത്തി. ഇവ കണ്ടെത്തിയ ലോറി ജീവനക്കാരായ ജോഷി, അജീഷ് എന്നിവരിൽ നിന്നും നാട്ടുകാരിൽ നിന്നും തെളിവെടുത്തു. ഇന്നലെ രാവിലെ തിരുവനന്തപുരം റേഞ്ച് ഡിഐജി സഞ്ജീവ് കുമാർ ഗുരുഡിൻ, ഇന്റലിജൻസ് ഡിവൈഎസ്പി ജോൺസൺ ചാൾസ്, മിലിറ്ററി ഇന്റലിജൻസ് മേജർ മുകേഷ് എന്നിവർ വെടിയുണ്ടകൾ പരിശോധിച്ചിരുന്നു.

തീവ്രവാദികൾ പരിശീലനം നടത്തി ഉപേക്ഷിച്ചതാണോയെന്നാണു പ്രധാന അന്വേഷണം. തോക്കുകൾ ഉപേക്ഷിച്ചിട്ടുണ്ടോയെന്നും നോക്കുന്നു. അതിർത്തിയിൽ ജോലി ചെയ്ത സൈനികർ ശേഖരിച്ച ശേഷം കളഞ്ഞതാണോയെന്നും അന്വേഷിക്കുന്നുണ്ട്. 

കുളത്തൂപ്പുഴ– മടത്തറ പാതയിൽ മുപ്പതടി പാലത്തിനു സമീപത്തു നിന്നു ശനിയാഴ്ചയാണു ഉപേക്ഷിക്കപ്പെട്ട നിലയിൽ 14 വെടിയുണ്ടകൾ കണ്ടെത്തിയത്. 12 എണ്ണത്തിൽ പിഒഎഫ് (പാക്കിസ്ഥാൻ ഓർഡ്‌നൻസ് ഫാക്ടറി) എന്നു രേഖപ്പെടുത്തിയിരുന്നു. 12 എണ്ണം 1980–82ൽ നിർമിച്ചവയാണെന്നും കണ്ടെത്തിയിട്ടുണ്ട്. എന്നാൽ 2 എണ്ണത്തിൽ ഇത്തരം വിവരങ്ങളില്ല. സൈന്യവും പൊലീസും ഉപയോഗിക്കുന്ന, ദീർഘ ദൂര ശേഷിയുള്ള (ലോങ് റേഞ്ച്) തോക്കുകളിൽ ഉപയോഗിക്കുന്നവയാണെന്നു പ്രാഥമിക അന്വേഷണത്തിൽ ബോധ്യമായിരുന്നു.

English summary: Pakistan Cartridges found in Kollam; Probe

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com