ADVERTISEMENT

തിരുവനന്തപുരം ∙ സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലുള്ള തലസ്ഥാനത്തെ പിഎസ്‌സി കോച്ചിങ് സെന്ററുകളിൽ വിജിലൻസ് റെയ്ഡ്. നടത്തിപ്പുകാരുടെ ആസ്തിയും ബന്ധങ്ങളും കണ്ടെത്താനുള്ള പരിശോധനയിൽ രസീതുകളും പണമിടപാടു രേഖകളും പിടിച്ചെടുത്തു. സ്ഥാപനങ്ങൾ ഉദ്യോഗാർഥികളിൽനിന്നു വൻതുക ഫീസ് വാങ്ങുന്നുണ്ട്. കൂടുതൽ തെളിവുകൾക്കായി വീടുകളും ഉടൻ പരിശോധിക്കും.

തമ്പാനൂരിലെ വീറ്റോ, ലക്ഷ്യ എന്നീ സ്ഥാപനങ്ങളിലായിരുന്നു റെയ്ഡ്. വീറ്റോയുടെ വെഞ്ഞാറമൂട്ടിലെ സെന്ററിലും പരിശോധന നടത്തി. ഇരുകൂട്ടരും പുറത്തിറക്കിയിട്ടുള്ള പിഎസ്‌സി ഗൈഡുകളും മോഡൽ ചോദ്യങ്ങളും ശേഖരിച്ചു.

സെക്രട്ടേറിയറ്റിലെ പൊതുഭരണ വകുപ്പ് ഉദ്യോഗസ്ഥരായ രഞ്ജൻ രാജ് (വീറ്റോ), ഷിബു കെ.നായർ (ലക്ഷ്യ) എന്നിവരാണ് ഉടമസ്ഥരെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. നേരിട്ടാണോ ബന്ധുക്കളുടെ പേരിലാണോ സ്ഥാപനം നടത്തുന്നതെന്നു സ്ഥിരീകരിച്ചിട്ടില്ല. ഇരുവരും അവധിയിലാണെന്നു വിവരം ലഭിച്ചെങ്കിലും ഇക്കാര്യം ഉറപ്പിക്കാൻ പൊതുഭരണ വകുപ്പുമായി ബന്ധപ്പെടും.

പിഎസ്‌സി ചോദ്യകർത്താക്കളുമായോ ഉന്നത സർക്കാർ ഉദ്യോഗസ്ഥരുമായോ ഇവർക്കു ബന്ധമുണ്ടോയെന്നും പരിശോധിക്കുന്നു. മികച്ച റാങ്കുകൾക്കു വേണ്ടി സ്ഥാപനങ്ങൾ തമ്മിൽ കടുത്ത മത്സരമുള്ളതിനാൽ ചോദ്യം ചോർത്താനുള്ള സാധ്യത വിജിലൻസ് തള്ളിക്കളയുന്നില്ല. പരാതി നൽകിയവരിൽനിന്നു മൊഴിയെടുക്കുമ്പോൾ കൂടുതൽ വിവരം ലഭിക്കുമെന്നാണു പ്രതീക്ഷ. വിജിലൻസ് പ്രത്യേക സെൽ ഡിവൈഎസ്പി പി.പ്രസാദിന്റെ നേതൃത്വത്തിലാണ് അന്വേഷണം.

ക്ലാസെടുത്ത ഫയർമാൻ റെയ്ഡിൽ കുടുങ്ങി

‘വീറ്റോ’യിൽ ക്ലാസ് എടുക്കുകയായിരുന്ന സർക്കാർ ജീവനക്കാരൻ വിജിലൻസ് റെയ്ഡിനിടെ പിടിയിലായി. വെഞ്ഞാറമൂട് അഗ്നിരക്ഷാ സേനാ യൂണിറ്റിലെ ഫയർമാൻ (ഡ്രൈവർ) യു.കെ. സുമേഷാണു ക്ലാസ് എടുത്തിരുന്നത്. സുമേഷിനെ വിട്ടയച്ച വിജിലൻസ്, വകുപ്പു നടപടി സ്വീകരിക്കാൻ അഗ്നിശമന സേനാ മേധാവിക്ക് ഇന്നു കത്തു കൊടുക്കും.

റാങ്കുകാർ മോഡൽ ആകുന്നത് തടയും: ചെയർമാൻ

പിഎസ്‌സി റാങ്കുകാർ കോച്ചിങ് സെന്റർ പരസ്യങ്ങളിൽ മോഡൽ ആകുന്നതു തടയുമെന്നു പിഎസ്‌സി ചെയർമാൻ എം.കെ. സക്കീർ. സർക്കാർ ശമ്പളം വാങ്ങുന്നവർ പരിശീലനകേന്ദ്രം നടത്തുന്നത് അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

English summary: Vigilance raid in Govt employees PSC coaching center

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com