ADVERTISEMENT

വണ്ടിപ്പെരിയാർ ∙ വീടിനു സമീപം വീട്ടമ്മയെ മരിച്ച നിലയിൽ കണ്ടെത്തിയത് കൊലപാതകമെന്നും പീഡന ശ്രമത്തിനിടെയാണ് കൊല്ലപ്പെട്ടതെന്നും കണ്ടെത്തി. സംഭവത്തിൽ പ്രദേശവാസിയായ യുവാവ് കസ്റ്റഡിയിൽ.  ഡൈമുക്ക് പുന്നവേലി വീട്ടിൽ വിക്രമൻ നായരുടെ ഭാര്യ വിജയമ്മ (50) ആണ് കൊല്ലപ്പെട്ടത്. ഡൈമുക്ക് ബംഗ്ലാവ് മുക്ക് സ്വദേശി രതീഷാണ് കസ്റ്റഡിയിലുള്ളത്.  ഇയാളെ കേന്ദ്രീകരിച്ചാണു അന്വേഷണം പുരോഗമിക്കുന്നതെന്നും ചോദ്യം ചെയ്തു വരികയാണെന്നും പൊലീസ് പറഞ്ഞു.   

പീഡനശ്രമത്തിനിടെ ആണു വീട്ടമ്മ കൊല്ലപ്പെട്ടത് എന്നാണു പൊലീസ് നിഗമനം.  പീഡന ശ്രമത്തെ എതിർത്തപ്പോൾ കത്തി ഉപയോഗിച്ച് തലയോട്ടിയിൽ വെട്ടുകയായിരുന്നു. രക്തം വാർന്നാണു വീട്ടമ്മ മരിച്ചത് എന്നാണു പ്രാഥമിക വിവരം. കൂടുതൽ വിവരങ്ങൾ പോസ്റ്റുമോർട്ടത്തിനു ശേഷമേ ലഭ്യമാകൂ എന്നും പൊലീസ് പറഞ്ഞു. പ്രതിയെന്നു സംശയിക്കുന്ന യുവാവിന്റെ മൊബൈൽ ഫോണുകളിലൊന്ന് സമീപത്ത് നിന്നു കണ്ടുകിട്ടിയിരുന്നു. 2 ഫോണുകളാണ് ഇയാൾ ഉപയോഗിക്കുന്നത്. ഇതിലൊന്നാണ് കണ്ടെത്തിയത്.   യുവാവിന്റെ വീട്ടിൽ ഇന്നലെ രാത്രി നടത്തിയ പരിശോധനയിൽ രക്തക്കറ പുരണ്ട ഷർട്ടും പൊലീസിനു ലഭിച്ചു. ഞായറാഴ്ച രാത്രി ഡൈമുക്ക് മൈതാനത്താണ് വിജയമ്മയുടെ മൃതദേഹം കണ്ടെത്തിയത്. സ്ഥലത്ത് പിടിവലി നടന്നതിന്റെ ലക്ഷണങ്ങളും കണ്ടെത്തി. 

മേയാൻ വിട്ട പശുവിനെ കൊണ്ടു വരാൻ വീട്ടിൽ നിന്നു തേയിലത്തോട്ടത്തിലേക്കു പോയതായിരുന്നു വിജയമ്മ.  വൈകിട്ട് ആറോടെ മൊട്ടക്കുന്നിന് സമീപം കരച്ചിൽ കേട്ട സമീപവാസി ഒച്ച വച്ചു. പിന്നാലെ ഒരാൾ കാട്ടിൽ നിന്നു ഇറങ്ങി ഓടുന്നതായും കണ്ടു. നാട്ടുകാർ കാട്ടിൽ കയറി തിരച്ചിൽ നടത്തിയപ്പോഴാണ് വിജയമ്മയുടെ മൃതദേഹം കണ്ടത്. വിജയമ്മയുടെ  മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളജ് മോർച്ചറിയിലേക്കു മാറ്റി. 

കസ്റ്റഡിയിലുള്ള യുവാവ്, വൻ മരങ്ങളിൽ കൂട് കൂട്ടുന്ന പക്ഷികളെ പിടിക്കുന്ന സംഘത്തിലെ അംഗമാണെന്നു പൊലീസ് പറഞ്ഞു. ഇതിനിടെ ഞായറാഴ്ച രാത്രി, വീട്ടമ്മയെ പുലി പിടിച്ചുവെന്ന് അറിയിച്ച് വണ്ടിപ്പെരിയാർ പൊലീസ് സ്റ്റേഷനിൽ ഫോൺ സന്ദേശം എത്തിയിരുന്നു. ഇതു സംബന്ധിച്ചും അന്വേഷണം നടന്നു വരികയാണ്.  യുവാവിനൊപ്പം 2 പേരെ കസ്റ്റഡിയിൽ എടുത്തെങ്കിലും, രാത്രി വൈകി ഇവരെ വിട്ടയച്ചു. പക്ഷികളെ പിടിക്കുന്ന സംഘത്തിലെ അംഗങ്ങളാണ് ഇരുവരും എന്നും പൊലീസ് പറഞ്ഞു.

English summary: House wife murdered in Vandiperiyar

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com