ADVERTISEMENT

മറയൂർ ∙ ജ്യോത്സ്യനെ വെട്ടിക്കൊലപ്പെടുത്തി മൃതദേഹം ചാക്കിൽ കെട്ടി ഉപേക്ഷിച്ച നിലയിൽ. സംഭവത്തിൽ എരുമേലി സ്വദേശിയും സുഹൃത്തും അറസ്റ്റിൽ.   മറയൂർ ബാബുനഗറിൽ മുൻ പഞ്ചായത്ത് വൈസ് പ്രസിഡന്റും നിലവിലെ പഞ്ചായത്ത് അംഗവുമായ ഉഷ തമ്പിദുരൈയുടെ പിതാവ്  മാരിയപ്പൻ (70) ആണു കൊല്ലപ്പെട്ടത്.  മറയൂരിലെ വൈദ്യുതി ഓഫിസിന് സമീപം ചാക്കിൽകെട്ടിയ നിലയിൽ ആണു മൃതദേഹം ഇന്നലെ രാവിലെ 6ന് കണ്ടെത്തിയത്.

കോൺഗ്രസ് പ്രാദേശിക നേതാവാണു ഉഷ തമ്പിദുരൈ. എരുമേലി ശാന്തിപുരം സ്വദേശി ആലയിൽ വീട്ടിൽ മിഥുൻ(26), മറയൂർ ബാബുനഗർ സ്വദേശി അൻപഴകൻ(65) എന്നിവരാണ് അറസ്റ്റിലായത്.  ജ്യോത്സ്യനായ മാരിയപ്പൻ തമിഴ്‌നാട്ടിലാണ് കൂടുതൽ സമയവും ചെലവഴിക്കുന്നത്. 

ഞായറാഴ്ച വൈകിട്ട് മൂന്നരയോടെ മറയൂരിൽ എത്തിയ മാരിയപ്പൻ വീട്ടിലേക്ക് പോകാതെ, പതിവു പോലെ സമീപത്തുള്ള സുഹൃത്ത് അൻപഴകന്റെ വീട്ടിലാണ് എത്തിയത്.  ഈ വീട്ടിൽ വാടകയ്ക്ക് താമസിച്ചിരുന്ന തടിപ്പണിക്കാരനായ മിഥുനും ഈ സമയം ഉണ്ടായിരുന്നു.       രാത്രി ഒൻപതോടെ മൂവരും ഒരുമിച്ചിരുന്ന് മദ്യപിച്ച ശേഷം ഉറങ്ങാൻ കിടന്നു. 

രാത്രി ഒരു മണിക്ക് ഉണർന്ന മിഥുൻ,  വീണ്ടും മദ്യപിക്കാൻ മാരിയപ്പനോട് പണം ആവശ്യപ്പെട്ടു.  എന്നാൽ പണം നൽകാത്തതിന്റെ പേരിൽ മാരിയപ്പനുമായി  വഴക്കിട്ടു.  തുടർന്നുണ്ടായ സംഘട്ടനത്തിലാണു മാരിയപ്പൻ കൊലപ്പെട്ടത് എന്നാണു പൊലീസ് പറയുന്നത്. 

കൈ കൊണ്ട് അടിച്ചു നിലത്തിട്ട ശേഷം സമീപത്തുണ്ടായിരുന്ന വാക്കത്തി ഉപയോഗിച്ച് വെട്ടിയും കുത്തിയും കൊല്ലുകയായിരുന്നു. മാരിയപ്പന്റെ ശരീരമാസകലം വെട്ടേറ്റ 28  മുറിവുകളുണ്ട്.  മരിച്ചെന്ന് ഉറപ്പാക്കിയ ശേഷം, മൂന്നു മണിയോടെ ആണ് മാരിയപ്പന്റെ മൃതദേഹം മിഥുനും, അൻപഴകനും കൂടി വീടിന് 200 മീറ്റർ അകലെ കെഎസ്ഇബി ഓഫിസിനു പിൻഭാഗത്ത് ചാക്കിൽ കെട്ടി ഉപേക്ഷിച്ചത്.  

  ഇന്നലെ രാവിലെ നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പൊലീസ് എത്തി പരിശോധന നടത്തി.  ഇടുക്കി ജില്ലാ പൊലീസ് മേധാവി പി.കെ. മധുവും സ്ഥലത്തെത്തി. തൊടുപുഴ ഡിവൈഎസ്പി: കെപി.ജോസ്, മറയൂർ സിഐ വി.ആർ. ജഗദീഷ്, മൂന്നാർ സിഐ. റെജി എം.കുന്നിപ്പറമ്പൻ, മറയൂർ എസ്ഐ ജി.അജയകുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ഇൻക്വസ്റ്റ് തയാറാക്കിയത്. മൃതദേഹം  പോസ്റ്റ്മോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി. 

  പത്മാവതി ആണു മാരിയപ്പന്റെ ഭാര്യ.  പരേതനായ ശിവനാണ് മകൻ. മരുമക്കൾ: തമ്പിദുരൈ, ജയ.

English summary: Jyothsyan killed in Marayoor 

 

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com