ADVERTISEMENT

കൊച്ചി∙ കോതമംഗലം ചെറിയ പള്ളി കലക്ടർ ഏറ്റെടുത്ത് ഓർത്തഡോക്സ് സഭാ വികാരിക്കു നിയന്ത്രണം കൈമാറണമെന്ന മുൻ ഉത്തരവിനെതിരെ സർക്കാർ നൽകിയ അപ്പീൽ പരിഗണിക്കുന്നതിൽ നിന്നു ഹൈക്കോടതിയിലെ 2 ഡിവിഷൻ ബെഞ്ചുകൾ ഒഴിവായി.  ചീഫ് ജസ്റ്റിസ് എസ്. മണികുമാർ, ജസ്റ്റിസ് ഷാജി പി. ചാലി എന്നിവരുൾപ്പെട്ട ബെഞ്ചും ജസ്റ്റിസ് സി. കെ. അബ്ദുൽ റഹിം, ജസ്റ്റിസ് ടി. വി. അനിൽകുമാർ എന്നിവരുൾപ്പെട്ട ബെഞ്ചുമാണു കേസ് കേൾക്കുന്നത് ഒഴിവാക്കിയത്. കേസ് ഇന്നു പുതിയ ബെഞ്ചിലെത്തും. 

പള്ളിയും സെമിത്തേരിയും ആർക്കും പിടിച്ചെടുക്കാനാവില്ലെന്നും ഇടവകക്കാരുടെ ആചാരപരമായ അവകാശങ്ങൾക്കു വേണ്ടി നിലനിർത്തണമെന്നുമുള്ള സുപ്രീംകോടതിയുടെ ‘കെ. എസ്. വർഗീസ് കേസ്’ വിധിക്കു വിരുദ്ധമാണു 2019 ഡിസംബർ 3ലെ ഉത്തരവെന്ന് ആരോപിച്ചാണു കലക്ടർ, ആർഡിഒ, ഡിവൈഎസ്പി, സിഐ എന്നിവരുടെ അപ്പീൽ.  അതേസമയം, മുൻഉത്തരവു നടപ്പായില്ലെന്ന് ആരോപിച്ച് ഓർത്തഡോക്സ് സഭാ വികാരി നൽകിയ കോടതിയലക്ഷ്യ ഹർജിയിൽ കലക്ടർ ഇന്നു ഹാജരാകണമെന്നു സിംഗിൾ ജഡ്ജി നിർദേശിച്ചിരുന്നു.

വടകര സെന്റ് ജോൺസ് പളളി അക്രമം; ഓർത്തഡോക്‌സ് സഭ പ്രതിഷേധിച്ചു

കോട്ടയം∙ മലങ്കര ഓർത്തഡോക്‌സ് സഭയുടെ കണ്ടനാട് ഈസ്റ്റ് ഭദ്രാസനത്തിൽപെട്ട വടകര സെന്റ് ജോൺസ് പളളി ആക്രമിച്ചതിൽ പ്രതിഷേധം അറിയിച്ച് സുന്നഹദോസ് സെക്രട്ടറി ഡോ. യൂഹാനോൻ മാർ ദിയസ്‌കോറസ്. പളളിയുടെ വാതിലുകൾ ഉൾപ്പെടെ എടുത്തുകൊണ്ടു പോകുകയും വിശുദ്ധരുടെ ചിത്രങ്ങൾ, ഏവൻഗേലിയോൻ മേശ എന്നിവ തകർക്കുകയും ചെയ്തതായി അദ്ദേഹം കുറ്റപ്പെടുത്തി.

യാക്കോബായ സഭാ വൈദികനെ അനുകൂലിക്കുന്നവർ നിരന്തരം സമാധാന അന്തരീക്ഷം തകർക്കാൻ ശ്രമം നടത്തുന്നു. കഴിഞ്ഞ ദിവസം ആരാധനയ്ക്ക് എത്തിയ നിയമാനുസൃത വൈദികൻ പളളിയിൽ പ്രവേശിക്കാതിരിക്കാൻ ഗേറ്റ് വെൽഡ് ചെയ്യുകയും, വാതിലിനു കേടുപാടു വരുത്തുകയും ചെയ്തു. ഫയർഫോഴ്‌സിന്റെ സഹായത്തോടെയാണ് പൊലീസ് സംരക്ഷണയിൽ അദ്ദേഹത്തിനു പളളിയിൽ പ്രവേശിക്കാനായതെന്നും അദ്ദേഹം പറഞ്ഞു. 

പൊലീസ് സംരക്ഷണം ഉളള ദേവാലയത്തിൽ ഇത്തരത്തിൽ അതിക്രമം നടന്നതായി പരാതി നൽകിയിട്ടും യാതൊരു നടപടിയും ഉണ്ടായില്ലെന്ന് വികാരി ഫാ. ജോയി കടുകുംമാക്കിൽ, ഫാ. ജോൺ.വി. ജോൺ എന്നിവർ പറഞ്ഞു.

English summary: Kothamangalam church case 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com