ADVERTISEMENT

തിരുവനന്തപുരം, കൊല്ലം ∙ കുളത്തൂപ്പുഴ മുപ്പതടി പാലത്തിനു സമീപത്തു നിന്നു കണ്ടെത്തിയ 14 വെടിയുണ്ടകൾ സംബന്ധിച്ച അന്വേഷണം കേന്ദ്ര–സംസ്ഥാന ഏജൻസികൾ ഊർജിതമാക്കി. വെടിയുണ്ടകളുടെ ഉറവിടം ഇപ്പോഴും വ്യക്തമല്ലെങ്കിലും നിരീക്ഷണ ക്യാമറകളിൽ നിന്നു ചില സൂചനകൾ ലഭിച്ചതായാണു വിവരം. 

എൻഐഎ സംഘം സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും മടങ്ങി. കേസ് ഏറ്റെടുക്കേണ്ട സാഹചര്യം ഇപ്പോഴില്ലെന്നു കേരള പൊലീസിലെ മുതിർന്ന ഉദ്യോഗസ്ഥരെ ഇവർ അറിയിച്ചു. ഇതിനിടെ, പരമാവധി ഒരാഴ്ച മുൻപാകണം ഈ വെടിയുണ്ടകൾ ഉപേക്ഷിച്ചതെന്നു പൊലീസ് സ്ഥിരീകരിച്ചു. തിരുവനന്തപുരം–കുളത്തൂപ്പുഴ– പുനലൂർ റൂട്ടിൽ നിന്നു ചില ക്യാമറാ ദൃശ്യങ്ങൾ പൊലീസിനു ലഭിച്ചിട്ടുണ്ട്. ഇതു വിശദമായി പരിശോധിക്കുകയാണ്. 

മുൻ സൈനികരുടെയും നായാട്ട് നടത്തുന്നവരുടെയും പട്ടികയും പൊലീസ് ശേഖരിക്കുന്നു. മുപ്പതടി പാലത്തിനു സമീപം എന്തെങ്കിലും യോഗമോ ഏതെങ്കിലും സംഘടനയുടെ ഒത്തുചേരലോ ഉണ്ടായിരുന്നോ എന്നതും അന്വേഷിക്കുന്നുണ്ടെന്ന് ഉന്നതർ പറഞ്ഞു. 

തീവ്രവാദവിരുദ്ധ സേന (എടിഎസ്) സംഭവം അന്വേഷിച്ചേക്കുമെന്നും സൂചനയുണ്ട്. ചില തീവ്രവാദ സംഘങ്ങൾക്കു ജില്ലയിലുള്ള സ്വാധീനം രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തിയിരുന്നു. ജില്ലാ അതിർത്തിയിൽ തൊഴിലാളികളായി തങ്ങിയ ചില ഇതര സംസ്ഥാനക്കാരെ എൻഐഎ പിടികൂടിയ സംഭവവും ഉണ്ടായി.

ലഭിച്ച വെടിയുണ്ടകൾ സൈന്യവും പൊലീസും ഉപയോഗിക്കുന്നതാണെന്നു പ്രാഥമിക അന്വേഷണത്തിൽ തെളിഞ്ഞിരുന്നു. 12 എണ്ണത്തിൽ പിഒഎഫ് (പാക്കിസ്ഥാൻ ഓർഡനൻസ് ഫാക്ടറി) എന്നാണു രേഖപ്പെടുത്തിയിരുന്നത്. 2 എണ്ണം ചൈനീസ് നിർമിതമാണ്. ഇതിൽ ഏതു ഫാക്ടറി എന്നു രേഖപ്പെടുത്തിയിട്ടില്ല. പാക്ക് നിർമിത വെടിയുണ്ട കണ്ടെത്തിയതാണു സംഭവത്തിന്റെ ഗൗരവം വർധിപ്പിച്ചത്.

English summary: Pak Made Cartridges found in Kollam; Probe

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com