ADVERTISEMENT

കോഴിക്കോട് / കോട്ടയം ∙ ദേശീയ വിരവിമുക്തി ദിനമായ ഇന്ന് കുട്ടികൾക്കു വിതരണം ചെയ്യാനായി എത്തിച്ച മൂന്നര ലക്ഷം ആൽബൻഡസോൾ ഗുളിക നിലവാരമില്ലാത്തതാണെന്നു കണ്ടെത്തി പിൻവലിക്കാൻ ഉത്തരവ്. കേരള ഡ്രഗ്സ് ആൻഡ് ഫാർമസ്യൂട്ടിക്കൽസിൽ ഉൽപാദിപ്പിച്ച ഗുളികയാണു കവറിൽ നിന്ന് എടുക്കുമ്പോൾ പൊടിഞ്ഞു പോകുന്നതായി കണ്ടെത്തിയത്. 

ഡികെ0058 ബാച്ചിലുള്ള മരുന്നുകൾ വിതരണം ചെയ്യരുതെന്നു കേരള മെഡിക്കൽ സർവീസസ് കോർപറേഷൻ എല്ലാ വെയർഹൗസിങ് മാനേജർമാർക്കും നിർദേശം നൽകി. ഇന്നത്തെ ദിനാചരണം മുടങ്ങില്ലെന്നും പകരം മരുന്ന് എത്തിക്കുമെന്നും കോർപറേഷൻ ഉറപ്പു നൽകിയിട്ടുണ്ട്. ഇന്ന് ഗുളിക കഴിക്കാത്തവർക്കായി മാർച്ച് 3ന് വീണ്ടും വിതരണം ചെയ്യും.

കോഴിക്കോട്, മലപ്പുറം  ജില്ലകളിൽ വിതരണം ചെയ്ത ഗുളിക വിലക്കിക്കൊണ്ട് അടിയന്തര നിർദേശം വന്നത്.മലപ്പുറത്ത് ഇന്നു നടത്തേണ്ട വിരവിമുക്തിദിനാചരണം മാറ്റിയതായി ഡിഎംഒ കെ.സക്കീന അറിയിച്ചു.  കോട്ടയം ജില്ലയിലെ സ്കൂളുകളിലേക്ക് എത്തിച്ച ഒരു ബാച്ച്  ഗുളികകൾ മരവിപ്പിക്കാനുള്ള മെഡിക്കൽ സർവീസ് കോർപ്പറേഷന്റെ നിർദേശത്തെ തുടർന്ന് 2.75 ലക്ഷം ഗുളികകൾ എറണാകുളം ജില്ലയിൽ നിന്ന് എത്തിച്ചു.ജില്ലയിലെ സ്കൂളുകളിൽ 4.25 ലക്ഷം വിരമരുന്ന് ഗുളികകളാണ് ഇതിനോടകം എത്തിച്ചിട്ടുള്ളത്.  

എന്നാൽ ഈ ഗുളികയുടെ ഡി കെ 0058, 0062 എന്നീ ബാച്ചുകൾ ഉൾപ്പെട്ട ഗുളികയ്ക്ക് നിറവ്യത്യാസം കണ്ടതായി കോഴിക്കോട് ബേപ്പൂർ പിഎച്ച്സി സെന്ററിലെ മെഡിക്കൽ ഓഫിസറുടെ റിപ്പോർട്ടിനെ തുടർന്നാണ് ഈ ബാച്ചിൽപ്പെട്ട ഗുളികകൾ മരവിപ്പിക്കാൻ കേരള മെഡിക്കൽ സർവീസ് കോർപ്പറേഷന്റെ ഗുണനിലവാര പരിശോധന വിഭാഗം മാനേജർ ഉത്തരവിട്ടത്.

 കോട്ടയം   ജില്ലയിൽ ഒന്നു മുതൽ 19 വയസ്സുവരെയുള്ള കുട്ടികൾക്ക് വിര നശീകരണ ഗുളിക നൽകും. ഉച്ചയ്ക്ക് 12ന് ലൂർദ് പബ്ലിക് സ്കൂളിൽ നടക്കുന്ന ചടങ്ങിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ ജില്ലാതല ഉദ്ഘാടനം നിർവഹിക്കും. മാമാങ്കം സിനിമയിലൂടെ ശ്രദ്ധേയനായ ബാലതാരം അച്യുതന് അദ്ദേഹം ആദ്യ ഗുളിക നൽകും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സെബാസ്റ്റ്യൻ കുളത്തുങ്കൽ അധ്യക്ഷത വഹിക്കും.

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com