ജോളി ജോസഫ് ജയിലിൽ ആത്മഹത്യയ്ക്കു ശ്രമിച്ചു

jolly-koodathai-serial-killer-new
ജോളി ജോസഫ്
SHARE

കോഴിക്കോട് ∙ കൂടത്തായി കൊലപാതക പരമ്പരയിലെ മുഖ്യപ്രതി ജോളി ജോസഫ് ജയിലിൽ ആത്മഹത്യയ്ക്കു ശ്രമിച്ചു. ഇന്നലെ പുലർച്ചെ 4.50നു ഇടതുകൈത്തണ്ടയിലെ ഞരമ്പു മുറിച്ച നിലയിൽ സെല്ലിനുള്ളിൽ കണ്ടെത്തിയ ജോളിയെ മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചു. ഭിത്തിയിലെ ടൈലിന്റെ വക്കിൽ ഉരച്ചും കടിച്ചുമാണു ഞരമ്പിൽ മുറിവുണ്ടാക്കിയതെന്നാണ് ജോളി ഡോക്ടർക്കു നൽകിയ മൊഴി.

ഒരിഞ്ച് നീളത്തിലും കാൽ ഇഞ്ച് ആഴത്തിലുമുള്ള മുറിവ് ഗുരുതരമല്ലെന്നും ജോളി അപകടനില തരണം ചെയ്തതായും ആശുപത്രി അധികൃതർ അറിയിച്ചു. പ്ലാസ്റ്റിക് സർജറിക്കുശേഷം ജോളിയെ വാർഡിലേക്കു മാറ്റി. സംഭവത്തിൽ ഉത്തരമേഖലാ ജയിൽ ഡിഐജി അന്വേഷണം നടത്തി റിപ്പോർട്ട് ജയിൽ ഡിജിപിക്കു സമർപ്പിച്ചു. .

പുലർച്ചെ ജോളിയുടെ കിടപ്പിൽ അസ്വാഭാവികത തോന്നിയ ജയിൽ വാർഡൻ പരിശോധിച്ചപ്പോഴാണ് മുറിവ് ശ്രദ്ധയിൽ പെട്ടത്. കൈ പുതപ്പിൽ പൊതിഞ്ഞുവച്ചിരുന്നു. ജോളി കഴിഞ്ഞിരുന്ന സെല്ലിൽ നിന്നു മൂർച്ചയുള്ള വസ്തുക്കൾ ഒന്നും കണ്ടെത്താനായില്ലെന്നു ജയിൽ അധികൃതർ പറയുന്നു. ശുചിമുറിയിലെ ഭിത്തിയിലെ ടൈലിന്റെ കൂർത്ത അഗ്രങ്ങളിൽ ഉരച്ച് മുറിവുണ്ടാക്കാനുള്ള സാധ്യതയാണ് ജയിൽ അധികൃതർ ചൂണ്ടിക്കാണിക്കുന്നത് .

ജയിലിലെത്തിയ ദിവസം മുതൽ ആത്മഹത്യാപ്രവണത പ്രകടിപ്പിച്ചിരുന്ന ജോളിക്ക് ജയിലിൽ പ്രത്യേക സുരക്ഷയും കൗൺസലിങ്ങും ഒരുക്കിയിരുന്നു. മാതാപിതാക്കളെയും മകളെയും കൊലപ്പെടുത്തിയ കേസിലെ പ്രതിയായിരുന്ന കണ്ണൂർ പിണറായി സ്വദേശി സൗമ്യ 2018 ഓഗസ്റ്റിൽ കണ്ണൂർ വനിതാ ജയിലിൽ ആത്മഹത്യ ചെയ്ത സംഭവത്തെ തുടർന്നായിരുന്നു ഇത്.

English Summary: Jolly Joseph attempts suicide

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KERALA
SHOW MORE
FROM ONMANORAMA