ADVERTISEMENT

കോഴിക്കോട്∙ ജയിലിൽ ആത്മഹത്യയ്ക്കു ശ്രമിച്ച കൂടത്തായി കൊലക്കേസ് പ്രതി ജോളി ജോസഫിനെ ജില്ലാ ജയിലിലെ മറ്റൊരു സെല്ലിലേക്കു മാറ്റി. ജയിൽ അധികൃതർക്കു ജോളിയെ നിരീക്ഷിക്കാനുള്ള എളുപ്പത്തിനു വേണ്ടിയാണ് സെൽ മാറ്റം. ജോളിയുൾപ്പെടെ 4 തടവുകാരാണു പുതിയ സെല്ലിലുള്ളത്. ജോളിക്കു സുരക്ഷ വർധിപ്പിക്കാനുള്ള നിർദേശത്തെത്തുടർന്ന് രാത്രി കാവലിനായി ഒരു ജീവനക്കാരിയെക്കൂടി നിയോഗിച്ചു. 

മെഡിക്കൽ കോളജ് ആശുപത്രിയിലെ ചികിത്സയ്ക്കു ശേഷം ഇന്നലെ വൈകിട്ട് അഞ്ചിനാണ് ജോളിയെ ജില്ലാ ജയിലിലെത്തിച്ചത്. ഇടതു കൈത്തണ്ടയിൽ കടിച്ചു മുറിവുണ്ടാക്കിയ ശേഷം ശുചിമുറിയിലെ ടൈലിന്റെ അഗ്രഭാഗത്ത് ഉരച്ചു മുറിവു വലുതാക്കിയെന്ന് ഡോക്ടർമാർക്കു നൽകിയ മൊഴി ജോളി ജയിൽ അധികൃതരോടും ആവർത്തിച്ചു. ജില്ലാ ജയിൽ സൂപ്രണ്ടിന്റെ പരാതിയിൽ ആത്മഹത്യാശ്രമത്തിനു ജോളിക്കെതിരെ കസബ പൊലീസ് കേസെടുത്തിട്ടുണ്ട്. 

ഇന്നലെ ജയിലിലെത്തിയ പൊലീസ് സംഘം ആത്മഹത്യാശ്രമം നടന്ന സെൽ പരിശോധിച്ചു. ജോളിയുടെ രക്തം പുരണ്ട പുതപ്പ് കസ്റ്റഡിയിലെടുത്തു. കോടതിയുടെ അനുമതി വാങ്ങിയ ശേഷം ജോളിയുടെയും സഹതടവുകാരിയുടെയും മൊഴിയെടുക്കും. 

ജയിലിൽ ജോളിയുടെ സുരക്ഷ വർധിപ്പിക്കണമെന്നു ജയിൽ ഡിഐജി എം.കെ.വിനോദ്കുമാർ കഴിഞ്ഞ ദിവസം ജയിൽ ഡിജിപിക്കു റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഇതനുസരിച്ചാണു സുരക്ഷാ ജീവനക്കാരുടെ എണ്ണം കൂട്ടിയത്. ജോളിയെ നിരീക്ഷിക്കാനായി മാത്രം ഒരു ജീവനക്കാരിയെ നേരത്തേ ചുമതലപ്പെടുത്തിയിരുന്നു. ഇതിനു പുറമേയാണ് ഒരാളെക്കൂടി ഇന്നലെ നിയോഗിച്ചത്. ജോളിയുടെ സെല്ലിൽ സിസിടിവി ക്യാമറ സ്ഥാപിക്കണമെന്ന നിർദേശവും ഡിഐജി സമർപ്പിച്ച റിപ്പോർട്ടിലുണ്ട്. ഡിജിപിയുടെ അനുമതി ലഭിച്ചാൽ ക്യാമറ സ്ഥാപിക്കും.

English Summary: Jolly moved to another jail room for observation

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com