ADVERTISEMENT

കണ്ണൂർ ∙ വിമാനത്താവളത്തിൽ ജോലി വാഗ്ദാനം ചെയ്തു പണം തട്ടിയെന്ന പരാതിയിൽ സിപിഎം മുൻ ബ്രാഞ്ച് സെക്രട്ടറി അറസ്റ്റിൽ. എടക്കാട് ഏരിയയിലെ മാളികപ്പറമ്പ് ബ്രാഞ്ച് സെക്രട്ടറിയായിരുന്ന രാജേഷിനെയാണു അഞ്ചരക്കണ്ടി സ്വദേശിയുടെ പരാതിയിൽ ചക്കരക്കൽ പൊലീസ് അറസ്റ്റ് ചെയ്തത്.  കണ്ണൂർ വിമാനത്താവള ഉദ്ഘാടന സമയത്തു രാജേഷ് ബ്രാഞ്ച് സെക്രട്ടറിയായിരുന്നുവെങ്കിലും വ്യാപക പരാതികൾ ഉയർന്നതിനെത്തുടർന്ന് എട്ടുമാസം മുൻപു പാർട്ടിയിൽ നിന്നു പുറത്താക്കിയിരുന്നു.

മുഖ്യമന്ത്രിയുടെയും മന്ത്രി ഇ.പി.ജയരാജൻ, എ.എൻ.ഷംസീർ എംഎൽഎ തുടങ്ങിയവരുടെയും ബിനീഷ് കോടിയേരിയുടെയും ജില്ലാ നേതാക്കളുടെയും പേരുകൾ ദുരുപയോഗിച്ചായിരുന്നു തട്ടിപ്പ്. പ്രതി റിമാൻഡിലാണ്. അൻപതിലേറെ പേരിൽ നിന്നായി അഞ്ചുകോടിയിലേറെ രൂപ രാജേഷും സംഘവും തട്ടിയെടുത്തതായാണു കണക്കാക്കുന്നത്. 

തലശ്ശേരി സ്വദേശി മുഹമ്മദ് ഒനാസിസ് എന്നയാളുടെ അക്കൗണ്ടിലേക്കു പണം നൽകിയാൽ ജോലി ശരിയാക്കുമെന്നായിരുന്നു വാഗ്ദാനം. കണ്ണൂർ വിമാനത്താവള കമ്പനി (കിയാൽ) ഡയറക്ടർ ബോർഡിൽ സ്വാധീനമുണ്ടെന്നു പറഞ്ഞു വിമാനത്താവളത്തിന്റെ പരിസരത്തേക്കു വിളിച്ചുവരുത്തി അവിടെവച്ചു സർട്ടിഫിക്കറ്റുകൾ വാങ്ങിയാണ് വിശ്വാസം ഉറപ്പിച്ചത്. കേസുകളിലെല്ലാം ഒന്നാം പ്രതിയായ ഒനാസിസ് മുങ്ങിയെന്നാണു പൊലീസ് പറയുന്നത്.  സമാനരീതിയിൽ പയ്യന്നൂർ പൊലീസ് സ്റ്റേഷനിൽ ലഭിച്ച അഞ്ചു പരാതികളിലും അറസ്റ്റ് നടന്നിരുന്നു. 

English summary: Fake job offer; CPM branch secretary arrested

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com