ADVERTISEMENT

ചങ്ങനാശേരി ∙ ദുരൂഹ സാഹചര്യത്തിൽ മരണങ്ങൾ നടന്ന കോട്ടമുറി പുതുജീവൻ സൈക്യാട്രിക് ആശുപത്രിയുടെ ശുചിത്വ സർട്ടിഫിക്കറ്റ് പായിപ്പാട് പഞ്ചായത്ത് റദ്ദാക്കി. ഇന്നലെ ചേർന്ന പഞ്ചായത്ത് ഭരണസമിതി യോഗമാണ് തീരുമാനമെടുത്തത്. സ്ഥാപനം അടച്ചുപൂട്ടാൻ പഞ്ചായത്ത് അടുത്ത ദിവസം നോട്ടിസ് കൊടുക്കും.

പഞ്ചായത്ത് ആരോഗ്യ വിഭാഗം ഇന്നലെ നടത്തിയ പരിശോധനയിൽ കേന്ദ്രത്തിൽ ശുചിത്വവും മാലിന്യ സംസ്കരണ സൗകര്യങ്ങളും ഇല്ലെന്നു കണ്ടെത്തി. കേന്ദ്രത്തിൽ പരിശോധന നടത്താതെയാണ് ആരോഗ്യ വിഭാഗം ഇന്നലെ പഞ്ചായത്ത് ഭരണസമിതി യോഗത്തിന് എത്തിയത്. ഭരണസമിതി അംഗങ്ങൾ ഉദ്യോഗസ്ഥരോട് അടിയന്തരമായി പരിശോധന നടത്തി വരാൻ നിർദേശിച്ചു. പരിശോധന കഴിയുന്നതു വരെ ഭരണസമിതി കാത്തിരുന്നു. തുടർന്നാണ് ശുചിത്വ സർട്ടിഫിക്കറ്റ് റദ്ദാക്കിയത്.

കേന്ദ്രത്തിലെ രണ്ടു പേർ മരിച്ചത് വൈറസ് ബാധ മൂലമുള്ള ന്യുമോണിയ മൂലമാണെന്നു ഫൊറൻസിക് വിഭാഗം അന്വേഷണ സംഘത്തെ അറിയിച്ചു. അതേസമയം ഈയം, രക്തം, ആന്തരികാവയവങ്ങൾ, പാത്തോളജി എന്നീ പരിശോധനകൾക്കു ശേഷം അന്തിമ റിപ്പോർട്ട് നൽകാമെന്നും ഫൊറൻസിക് വിഭാഗം അറിയിച്ചു. ഈയം മൂലമുള്ള വിഷബാധ ഉണ്ടോ എന്നതിൽ കൊച്ചി അമൃത മെഡിക്കൽ കോളജിലെ പരിശോധനാ ഫലം നാളെ ലഭിക്കും.

ഏതു തരം വൈറസ് ബാധയാണെന്നു കണ്ടെത്തുന്നതിനാണു ശ്രമം. മാരകമായ കൊറോണ, നിപ്പ എന്നിവയല്ലെന്നു നേരത്തേ സ്ഥിരീകരിച്ചതായി കോട്ടയം മെഡിക്കൽ കോളജ് സൂപ്രണ്ട് ഡോ. ടി.കെ. ജയകുമാർ പറഞ്ഞു. മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്ന രോഗികളെ കൊറോണയ്ക്കായി സജ്ജമാക്കിയ ഐസലേഷൻ വാർഡിലേക്കു മാറ്റി. വൈറസിന്റെ സ്വഭാവം ഏതെന്ന് ഇതുവരെ സ്ഥിരീകരിക്കാത്തതിനാൽ മുൻകരുതലായാണിത്. 

മരണങ്ങൾ സംബന്ധിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. 2016 മുതൽ 2020 വരെ 11 അസ്വാഭാവിക മരണങ്ങളാണ് പുതുജീവനിൽ ഉണ്ടായത്. ഇതിൽ 4 എണ്ണം തൂങ്ങിമരണമാണ്. 2 എണ്ണം ഭക്ഷണം തൊണ്ടയിൽ കുടുങ്ങിയും. ഇക്കാര്യങ്ങൾ കൂടുതൽ അന്വേഷിക്കുമെന്നു ഡിവൈഎസ്പി എസ്.സുരേഷ് കുമാർ പറഞ്ഞു. അഡീഷനൽ ജില്ലാ മജിസ്ട്രേട്ട് അനിൽ ഉമ്മൻ ഇന്ന് അന്വേഷണ റിപ്പോർട്ട് കലക്ടർ പി.കെ. സുധീർ ബാബുവിനു കൈമാറും.  ആക്‌ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ പായിപ്പാട് പഞ്ചായത്ത്  ഓഫിസിലേക്ക് മാർച്ച് നടത്തി. പഞ്ചായത്ത് ഓഫിസിനു സമീപത്ത് പൊലീസ് മാർച്ച് തടഞ്ഞു.

മാനസികാരോഗ്യ കേന്ദ്രത്തിലെ അന്തേവാസി ആശുപത്രിയിൽ മരിച്ചു

കൂറ്റനാട് (പാലക്കാട്) ∙ തൃത്താല മുടവന്നൂർ മാനസികാരോഗ്യ കേന്ദ്രത്തിലെ അന്തേവാസി നട്ടെല്ലിനു ക്ഷതമേറ്റു ചികിത്സയിലിരിക്കെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ മരിച്ചു. തൃശൂർ വലപ്പാട് അമ്പലത്തു വീട്ടിൽ സിദ്ദിഖ് (48) ആണ് ഇന്നലെ വൈകിട്ടു മൂന്നരയോടെ മരിച്ചത്.   സിദ്ദിഖിനെ മർദിച്ചെന്ന  സഹോദരി ഷാജിദയുടെ പരാതിയിൽ കഴിഞ്ഞ ഫെബ്രുവരി 14നു മുടവന്നൂരിലെ സ്ഥാപന ഉടമയുടെ സഹോദരനായ കുഞ്ഞിത്തങ്ങൾക്കെതിരെ തൃത്താല പൊലീസ് കേസ് എടുത്തിരുന്നു.

ഇയാൾ മാനസികാരോഗ്യ കേന്ദ്രത്തിലെ ജീവനക്കാരനാണെന്നു പൊലീസ് പറഞ്ഞു. മർദനമാണോ മരണകാരണമെന്ന് അന്വേഷിച്ചു നടപടി സ്വീകരിക്കുമെന്നു പൊലീസ് പറഞ്ഞു. ആരോഗ്യ മന്ത്രിക്കും മനുഷ്യാവകാശ കമ്മിഷനും സിദ്ദിഖിന്റെ സഹോദരൻ പരാതി നൽകിയിട്ടുണ്ട്.  വീട്ടുകാർ പറയുന്നത് ഇങ്ങനെ: രണ്ടു വർഷമായി സിദ്ദിഖ് മാനസികാരോഗ്യ കേന്ദ്രത്തിലെ അന്തേവാസിയാണ്. രണ്ടാഴ്ച മുൻപു സിദ്ദിഖിനു സുഖമില്ലെന്നു പറഞ്ഞു കേന്ദ്രത്തിൽനിന്നു വിളിച്ചിരുന്നു. തുടർന്ന് അവിടെയെത്തി  പട്ടാമ്പിയിലെ സർക്കാർ ആശുപത്രിയിൽ കൊണ്ടുപോയി. ചികിത്സയ്ക്കുശേഷം  വീണ്ടും മാനസികാരോഗ്യ കേന്ദ്രത്തിൽ തന്നെയാക്കി.

സുഖമില്ലെന്നു പറഞ്ഞു ദിവസങ്ങൾക്കു ശേഷം വീണ്ടും വിളിച്ചു. അവിടെ ചെന്നപ്പോൾ എഴുന്നേറ്റു നടക്കാൻ പോലും സാധിക്കാത്ത അവസ്ഥയിലായിരുന്നു. ഉടൻ തൃശൂരിലെ സ്വകാര്യ ആശുപത്രിയിലേക്കു കൊണ്ടുപോയി. പരിശോധനയിൽ നട്ടെല്ലിനു ക്ഷതമേറ്റതായി കണ്ടെത്തി. മരണ കാരണത്തെക്കുറിച്ച് അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്നു വീട്ടുകാർ ആവശ്യപ്പെട്ടു. സിദ്ദിഖിന്റെ മൃതദേഹം ഇന്നു വലപ്പാട് ജുമാ മസ്ജിദിൽ കബറടക്കും. അതേസമയം, നൂറിലേറെ അന്തേവാസികളുള്ള സ്ഥാപനത്തിൽ ആരെയും മർദിക്കാറില്ലെന്നു മാനസികാരോഗ്യ കേന്ദ്രം അധികൃതർ പ്രതികരിച്ചു. 

English summary: Puthujeevan psychiatric hospital mystery deaths 

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com