കൂടത്തായി കേസ്: നോട്ടറിയെ പ്രതിയാക്കാൻ അനുമതി

SHARE

കോഴിക്കോട്∙ വ്യാജ ഒസ്യത്ത് സാക്ഷ്യപ്പെടുത്തിയ നോട്ടറി അഭിഭാഷകനെ കൂടത്തായി കൊലക്കേസിൽ പ്രതിചേർക്കാൻ സർക്കാർ അനുമതി നൽകി. മുഖ്യപ്രതി ജോളി ജോസഫ് ഭർതൃപിതാവ് ടോം തോമസിന്റെ സ്വത്ത് തട്ടിയെടുക്കാനായി വ്യാജ ഒസ്യത്ത് തയാറാക്കിയത് സാക്ഷ്യപ്പെടുത്തി എന്നതാണു കുറ്റം. നോട്ടറി അഭിഭാഷകനായ അഡ്വ. സി.വിജയകുമാറിനെ റോയ് തോമസ് വധക്കേസിൽ പ്രതിചേർക്കാനാണു നിയമ സെക്രട്ടറി അനുമതി നൽകിയത്.

നോട്ടറി എന്ന നിലയിൽ ചെയ്യുന്ന ജോലികൾക്കു നിയമസംരക്ഷണം ഉള്ളതിനാൽ പ്രതിചേർക്കാൻ സർക്കാരിന്റെ അനുമതി ആവശ്യമായതിനാലാണ് അന്വേഷണസംഘം നിയമ സെക്രട്ടറിക്ക് അപേക്ഷ നൽകിയത്. റോയ് വധക്കേസിൽ സാക്ഷിയായിരുന്ന വിജയകുമാറിനെ പ്രതിയാക്കണമെന്ന് ആവശ്യപ്പെട്ട് അന്വേഷണ സംഘം അടുത്ത ദിവസം കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കും.

വ്യാജ ഒസ്യത്തിൽ സാക്ഷിയായി ഒപ്പിട്ട സിപിഎം മുൻ ലോക്കൽ സെക്രട്ടറി കെ.മനോജ്കുമാർ കേസിൽ നാലാം പ്രതിയാണ്. മനോജ് കുമാറിന്റെ നിർദേശപ്രകാരമാണ് വിജയകുമാർ വ്യാജ ഒസ്യത്ത് സാക്ഷ്യപ്പെടുത്തിയതെന്നു പൊലീസ് കണ്ടെത്തി.

വിജയകുമാറിന്റെ ഓഫിസിലെ നോട്ടറി റജിസ്റ്ററിൽ ഒസ്യത്ത് സാക്ഷ്യപ്പെടുത്തിയ തീയതി വച്ചു ടോം തോമസിന്റെ വിലാസവും ഒപ്പും രേഖപ്പെടുത്തിയിരുന്നു. എന്നാൽ ഈ ഒപ്പ് വ്യാജമാണെന്നു കണ്ണൂരിലെ റീജനൽ ഫൊറൻസിക് ലാബിൽ നടത്തിയ പരിശോധനയിൽ കണ്ടെത്തി.

English Summary: Koodathai Serial Murders

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KERALA
SHOW MORE
FROM ONMANORAMA