ADVERTISEMENT

തിരുവനന്തപുരം ∙ പത്തനംതിട്ടയിൽ ചികിത്സയിലുള്ള 5 പേർക്ക് കൂടി കൊറോണ വൈറസ് രോഗം (കോവിഡ് 19) ബാധിച്ചെന്നു സ്ഥിരീകരിച്ചതോടെ സംസ്ഥാനത്ത് അതീവ ജാഗ്രതാ നിർദേശം. ഇതോടെ സംസ്ഥാനത്ത് കൊറോണ ബാധിച്ചവരുടെ എണ്ണം എട്ടായി. ഇതിൽ 3 പേർ നേരത്തേ സുഖം പ്രാപിച്ചു.

∙ രോഗം സ്ഥിരീകരിച്ചത് പത്തനംതിട്ട ജില്ലയിലെ റാന്നി പഴവങ്ങാടി മീമൂട്ടുപാറയിൽ ഒരു കുടുംബത്തിലെ 5 പേർക്ക്.

∙ രോഗികൾ: 55 വയസ്സുകാരൻ, ഭാര്യ (53), മകൻ (25), 55 വയസ്സുകാരന്റെ സഹോദരൻ (62), ഭാര്യ (59)

∙ 55 വയസ്സുകാരനും ഭാര്യയും മകനും ഇറ്റലിയിലെ വെനീസിൽനിന്ന് കഴിഞ്ഞ മാസം 29ന് എത്തിയവർ. സഹോദരനും ഭാര്യയും നാട്ടിൽതന്നെയുള്ളവർ.

∙ കൊറോണബാധിത രാജ്യങ്ങളിൽനിന്നു വരുന്നവർ 28 ദിവസം ഒറ്റപ്പെട്ടു കഴിയണമെന്ന നിർദേശം ഇവർ പാലിച്ചില്ല. ബന്ധുവീടുകളും പൊതു സ്ഥലങ്ങളും സന്ദർശിച്ചു.

∙ വിമാനത്താവളത്തിൽനിന്നു കൂട്ടിക്കൊണ്ടുവന്നത് കോട്ടയം ചെങ്ങളത്തു താമസിക്കുന്ന മകളും കുടുംബവും. ഇവരെ കോട്ടയം മെഡി. കോളജിലെ ഐസലേഷൻ വാർഡിലേക്കു മാറ്റി.

‌∙ മൂന്നംഗസംഘം പുനലൂരിൽ സന്ദർശിച്ച ബന്ധുവീട്ടിലുള്ളവരെ കൊല്ലം പാരിപ്പള്ളി മെഡിക്കൽ കോളജിലേക്കു മാറ്റി.

∙ 55 വയസ്സുകാരന്റെ പിതാവിനെയും (93 വയസ്സ്) മാതാവിനെയും (89 വയസ്സ്) ആശുപത്രിയിലേക്കു മാറ്റി.ഇവരുടെ സ്രവ സാംപിൾ ഫലം ലഭിച്ചിട്ടില്ല.

∙ പത്തനംതിട്ട ജില്ലയിൽ പൊതുപരിപാടികൾ റദ്ദാക്കി.

കുടുംബം വന്നതും പോയതും 

∙ ഫെബ്രുവരി 29 രാവിലെ 8.20

55 വയസ്സുകാരനും ഭാര്യയും മകനും ഖത്തർ എയർവേയ്സ് വിമാനത്തിൽ വെനീസിൽനിന്ന് ദോഹയിലും (QR 129) അവിടെനിന്ന് കൊച്ചിയിലും (QR 514) എത്തി. കോട്ടയം ചെങ്ങളത്തുള്ള മകളും ഭർത്താവും 4 വയസ്സുള്ള കുഞ്ഞുമായി നെടുമ്പാശേരി വിമാനത്താവളത്തിലെത്തി സ്വീകരിച്ചു. എല്ലാവരും ഒരുമിച്ച് റാന്നി പഴവങ്ങാടി മീമൂട്ടുപാറയിലെ വീട്ടിലേക്ക്. 55 വയസ്സുകാരന്റെ 93 വയസ്സുള്ള പിതാവും 89 വയസ്സുള്ള മാതാവും ഒരു ജോലിക്കാരിയുമാണ് ഈ വീട്ടിൽ. പ്രായാധിക്യമുള്ള മാതാപിതാക്കളെ സന്ദർശിക്കാനാണ് ഇറ്റലിയിൽനിന്നു വന്നത്.

അയലത്തു താമസിക്കുന്ന സഹോദരനും കുടുംബവും വീട്ടിലെത്തി; ഇവരെ ആലിംഗനം ചെയ്തു സ്വീകരിച്ചു.

മാർച്ച്  1 യാത്രാക്ഷീണം. വൈകി എഴുന്നേറ്റതിനാൽ പള്ളിയിൽ പോകാനായില്ല. അയൽവീടുകൾ സന്ദർശിച്ചു. മകന്റെ സുഹൃത്തുക്കൾ വീട്ടിൽ വന്നു; ഭക്ഷണം കഴിച്ചു.

മാർച്ച്  2 പഴവങ്ങാടി പോസ്റ്റ് ഓഫിസിൽ രണ്ടു തവണ പോയി. റാന്നിയിലെ സൂപ്പർ മാർക്കറ്റ്, ഹോം അപ്ലയൻസ് കട എന്നിവിടങ്ങളിൽ കയറി. വൈകിട്ട് കൊല്ലം പുനലൂർ മണിയാറിലെ ബന്ധുവീട്ടിലെത്തി. 4 മണിക്കൂർ ഇവിടെ ചെലവഴിച്ചു രാത്രി മടങ്ങി. യാത്ര സ്വന്തം വാഹനത്തിൽ.

മാർച്ച്  3 സൂപ്പർ മാർക്കറ്റിൽ പോയി. ബന്ധുക്കൾ പലരും വീട്ടിൽ വന്നു.

മാർച്ച്  4 55 വയസ്സുകാരന്റെ ഭാര്യ (53 വയസ്സുകാരി) വൈകിട്ട് ബോധരഹിതയായി. സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. 

മാർച്ച്  5 മടക്കയാത്രയ്ക്കുള്ള ക്ലിയറൻസ് സർട്ടിഫിക്കറ്റിന് റാന്നി പൊലീസ് സ്റ്റേഷനിലും തുടർന്ന് പത്തനംതിട്ട എസ്പി ഓഫിസിലുമെത്തി. ഫോട്ടോ എടുക്കാൻ എസ്പി ഓഫിസിനു സമീപത്തെ സ്റ്റുഡിയോയിലും പോയി.

മാർച്ച്  6 ക്ലിയറൻസ് പരിശോധനയ്ക്കായി പൊലീസ് വീട്ടിലെത്തി. അന്നു തന്നെ സഹോദരൻ (62 വയസ്സ്) പനി ബാധിച്ച് താലൂക്ക് ആശുപത്രിയിൽ. ഒപ്പം ഭാര്യയും. ഇവരിൽനിന്നു വിവരങ്ങളറിഞ്ഞതോടെ ഇവരെയും ഇറ്റലിയിൽ നിന്നെത്തിയ മൂന്നംഗ കുടുംബത്തെയും ആശുപത്രിയിലും പിന്നീട് ഐസലേഷൻ വാർഡിലും പ്രവേശിപ്പിച്ചു.

മാർച്ച്  7 കൊറോണ സ്ഥിരീകരിച്ചുള്ള ഫലം രാത്രി വന്നു. ഇന്നലെ രാവിലെ 10.30ന് മന്ത്രി കെ. കെ. ശൈലജ വെളിപ്പെടുത്തി.

എങ്ങനെ പുറത്തു കടന്നു 

ഇറ്റലി, ഇറാൻ, ദക്ഷിണ കൊറിയ, ജപ്പാൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ള വിമാന യാത്രക്കാരെക്കൂടി കർശന നിരീക്ഷണ പരിധിയിലാക്കിയത് മാർച്ച് ഒന്നു മുതൽ. ഇവർ എത്തിയത് ഫെബ്രുവരി 29ന്.

വിദേശത്തുനിന്നു വന്നാൽ...

∙ മുൻകരുതൽ

കൊറോണ വൈറസ് (കോവിഡ് 19) ബാധിത രാജ്യങ്ങളിൽനിന്ന് എത്തുന്നവർ 28 ദിവസം വീടുകളിൽ കഴിയണം. ഇവരോ ആ വീട്ടിലെ മറ്റുള്ളവരോ പുറത്തുള്ളവരുമായി ഒരു സമ്പർക്കവും പാടില്ല.

∙ ചികിത്സ

രോഗമുണ്ടെന്നു സംശയിച്ചാൽ നേരെ ആശുപത്രിയിൽ പോകരുത്. വിവരം ആരോഗ്യവകുപ്പിനെ അറിയിക്കുക. ആശുപത്രിയിൽ എപ്പോൾ, എങ്ങനെ എത്തണമെന്ന് അവർ നിർദേശിക്കും. ബസ് ഉൾപ്പെടെ പൊതുവാഹനങ്ങൾ ഉപയോഗിക്കരുത്. സ്വന്തം വാഹനം ആകാം. ആംബുലൻസ് ആവശ്യമെങ്കിൽ ആരോഗ്യവകുപ്പ് ലഭ്യമാക്കും.

∙ പരീക്ഷ എഴുതാമോ? 

രോഗം സംശയിക്കുന്നവരുടെ വീട്ടിലുള്ള കുട്ടികൾക്കും 28 ദിവസം നിരീക്ഷണം ബാധകം. ഇവർ സ്കൂളിൽ പോകരുത്. പരീക്ഷ സംബന്ധിച്ച് ആരോഗ്യ, വിദ്യാഭ്യാസ വകുപ്പുകൾ ചർച്ച ചെയ്തു തീരുമാനിക്കും. കൊറോണ ബാധിത രാജ്യങ്ങളിൽനിന്ന് ആരെങ്കിലും വരുന്നുണ്ടെങ്കിൽ അവർ എത്തുംമുൻപ് കുട്ടികളെ ബന്ധുവീട്ടിലേക്കു മാറ്റുക. ഇങ്ങനെ ചെയ്താൽ കുട്ടികളെ നിരീക്ഷണത്തിൽനിന്ന് ഒഴിവാക്കാനും അവർക്ക് സ്കൂളിൽ പോകാനും സാധിക്കും.

∙ വിശ്വസിക്കേണ്ടത് സർക്കാരിനെ

സമൂഹമാധ്യമങ്ങളിലൂടെ വ്യാജ പ്രചാരണങ്ങളും ആരോപണങ്ങളും അവകാശവാദങ്ങളും പ്രവഹിക്കുകയാണ്. കേന്ദ്ര, സംസ്ഥാന സർക്കാരുകൾ ആധികാരിക മാധ്യമങ്ങളിലൂടെ നൽകുന്ന അറിയിപ്പുകൾ മാത്രം വിശ്വസിക്കുക; അവ പാലിക്കുക. വ്യാജവിവരങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കേസെടുക്കും.

∙ ബഹിഷ്കരിക്കുകയല്ല, ആദരിക്കുക

28 ദിവസം വീട്ടിൽ ഒറ്റയ്ക്കു കഴിയുന്നവരെ സമൂഹം ബഹിഷ്കരിക്കുകയല്ല. നമുക്ക് രോഗം വരാതിരിക്കാൻ അവർ വീടിന്റെ നാലു ചുമരിനുള്ളിൽ കഴിയുകയാണ്. അവരെ സമൂഹം ആദരിക്കുകയാണു വേണ്ടത്.

രൂക്ഷമാകാൻ കാരണം കുടുംബത്തിന്റെ നിസ്സഹകരണം: മന്ത്രി 

ഇറ്റലിയില്‍ നിന്നു വന്നവരാണെന്ന കാര്യം റാന്നി സ്വദേശികളായ കുടുംബം അധികൃതരില്‍ നിന്നു മറച്ചുവെച്ചുവെന്നു മന്ത്രി കെ.കെ.ശൈലജ. ഇതാണു പ്രശ്‌നം ഇത്ര രൂക്ഷമാക്കിയത്. മൂവരും വിമാനത്താവളത്തിൽ പരിശോധനയ്ക്കു വിധേയരായില്ല. ബന്ധുക്കളിലൂടെ അറിഞ്ഞ് ആരോഗ്യവകുപ്പ് സമീപിച്ചപ്പോഴും മൂന്നംഗ കുടുംബം സഹകരിച്ചില്ല.

ഏറെ നിർബന്ധിച്ചാണു പരിശോധന നടത്തിയതും നിരീക്ഷണത്തിലാക്കിയതും. ഈ കുടുംബം ചെയ്തതിനു ന്യായീകരണമില്ല – മന്ത്രി പറഞ്ഞു.

മറച്ചുവച്ചാൽ കേസെടുക്കും; യാത്രക്കാർ അറിയിക്കണം

രോഗബാധിത രാജ്യങ്ങളിൽ നിന്ന് എത്തുന്നവർ വിവരം മറച്ചുവയ്ക്കുന്നതു നിയമവിരുദ്ധവും ശിക്ഷാർഹവുമാണെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ പറഞ്ഞു. രോഗലക്ഷണം ഉണ്ടായിട്ടും വിവരം അറിയിച്ചില്ലെങ്കിൽ പ്രോസിക്യൂട്ട് ചെയ്യും. സ്വയം അറിയിക്കാത്തവരെക്കുറിച്ചു സമീപവാസികൾക്കു പൊലീസിനെയോ ആരോഗ്യ വകുപ്പിനെയോ അറിയിക്കാം.

ഖത്തർ എയർവേയ്സിന്റെ QR 126 വെനീസ്-ദോഹ (28ന് രാത്രി 11.20ന് ദോഹയിലെത്തി), QR 514 ദോഹ-കൊച്ചി (29ന് രാവിലെ 8.20 ന് കൊച്ചിയിലെത്തി) വിമാനങ്ങളിൽ സഞ്ചരിച്ചവർ ആരോഗ്യവകുപ്പിനെ വിവരം അറിയിക്കണം. കൊച്ചി വിമാനത്തിൽ 350 യാത്രക്കാരുണ്ടായിരുന്നു.

പത്തനംതിട്ടയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് 3 ദിവസം അവധി 

പത്തനംതിട്ട ∙ കോവിഡ് ബാധ റിപ്പോർട്ട് ചെയ്തതിനെത്തുടർന്ന് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കലക്ടർ പി.ബി.നൂഹ് 3 ദിവസത്തെ അവധി പ്രഖ്യാപിച്ചു. അങ്കണവാടി, പോളിടെക്നിക്, പ്രഫഷനൽ കോളജുകൾ, എയ്ഡഡ് – അൺ എയ്ഡഡ് സ്കൂളുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്. 

എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾക്ക് മാറ്റമില്ല. എന്നാൽ കോവിഡ് രോഗ ബാധിതരുമായി അടുത്തിടപഴകിയിട്ടുള്ള കുട്ടികൾ പരീക്ഷ എഴുതാൻ പാടില്ല. ഇവർക്ക് സേ പരീക്ഷ എഴുതാനുള്ള സൗകര്യം ഒരുക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com