കൊമ്പിന് ക്ഷതം, മാംസം വളർന്നു; ആനയ്ക്കും ചെയ്തു, റൂട്ട് കനാൽ!

elephant-route-canal
1. ശങ്കരംകുളങ്ങര ഉദയന്റെ കൊമ്പിൽ റൂട്ട് കനാൽ ചികിത്സ നടത്തുന്ന ഡോ. സി.കെ.ജെറിഷും ആന ചികിത്സകൻ ഡോ. പി.ബി.ഗിരിദാസും. 2. ശങ്കരംകുളങ്ങര ഉദയന്റെ കൊമ്പിന്റെ കേടുവന്ന ഭാഗം. ചിത്രം: മനോരമ
SHARE

തൃശൂർ ∙ ആനയ്ക്കും റൂട്ട് കനാൽ.! വർഷങ്ങൾക്കു മുൻപ് എവിടെയോ ഇടിച്ച് കൊമ്പിനുണ്ടായ ക്ഷതത്തിലൂടെ വളർന്നു വന്ന മാംസം എടുത്തുമാറ്റി റൂട്ട് കനാൽ നടത്തിയതു പൂങ്കുന്നം ശങ്കരംകുളങ്ങര ഉദയൻ എന്ന കൊമ്പന്. 

കേരളത്തിൽ ആനയ്ക്കുള്ള ആദ്യത്തെ റൂട്ട് കനാലായിരിക്കാം ഇതെന്നാണു ചികിത്സയ്ക്കു നേതൃത്വം നൽകിയ ഡോ.പി.ബി. ഗിരിദാസിന്റെ അഭിപ്രായം. കോഴിക്കോട് കടലുണ്ടി സ്വദേശിയായ ദന്ത ചികിത്സകൻ സി.കെ. ജെറീഷിന്റെ സഹായത്തോടെയായിരുന്നു ഉദയന്റെ വലതു കൊമ്പിൽ ചികിത്സ നടത്തിയത്. രേഖയനുസരിച്ച് 50 വയസ്സുണ്ട് ശങ്കരംകുളങ്ങര ഉദയന്. മൈസൂരുവിൽ നിന്ന് 90കളിൽ ഇങ്ങോട്ടു കൊണ്ടുവന്നതാണ്. 

ദേവസ്വം വാങ്ങിക്കുന്ന സമയത്തു തന്നെ കൊമ്പിനു ക്ഷതം സംഭവിച്ചിരുന്നു. കൊമ്പ് തൂങ്ങി വേദന അസഹ്യമായത് 2 വർഷം മുൻപാണ്. കൊമ്പിൽ കാത്സ്യം നഷ്ടപ്പെട്ട ഭാഗത്തു മാംസം വളരുന്നതായി കണ്ടെത്തി. ആറു മാസം മുൻപ് ആന ചികിത്സാ കേന്ദ്രത്തിലെ ഡോക്ടർ ഗിരിദാസ് തന്നെ അതു നീക്കുകയും ചെയ്തിരുന്നു. അര കിലോഗ്രാം വരെ തൂക്കം വരുന്ന മാംസമായിരുന്നു ഇത്. പിന്നീടും ആ വിടവിൽ മാംസ വളർച്ച കണ്ടെത്തിയത് ഒരു മാസം മുൻപാണു നീക്കിയത്. കൊമ്പിലെ വിടവ് മരുന്ന് ഉപയോഗിച്ച് അടയ്ക്കാൻ തീരുമാനിച്ചത് അങ്ങനെയാണ്. വെള്ളി സംസ്കരിച്ച് ഉണ്ടാക്കിയ തുണിയിൽ മരുന്നു മിശ്രിതമാക്കി ചേർത്താണു വിടവിൽ നിറച്ചിരിക്കുന്നത്. 

ചികിത്സയ്ക്കു വേണ്ടി 2 മണിക്കൂറോളം സമയം ഉദയൻ കിടന്നുകൊടുത്തു. പാപ്പാൻ രാജൻ മുക്കൂട്ടുത്തറയുടെ സഹായത്തോടെയാണ് മരുന്നു നിറയ്ക്കൽ പൂർത്തിയാക്കിയത്. ഇനി ഉദയനു വിശ്രമകാലമാണ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KERALA
SHOW MORE
FROM ONMANORAMA