ADVERTISEMENT

ചെങ്ങന്നൂർ ∙ മാലിന്യം തള്ളിയതിനെ തുടർന്ന് അഭിഭാഷകൻ കൊല്ലപ്പെട്ട കേസിൽ പൊലീസിന്റെ വാദം ഖണ്ഡിക്കുന്ന സിസി ടിവി ദൃശ്യങ്ങൾ ഹൈക്കോടതിയിൽ. കീഴ്‌ചേരിമേൽ പ്ലാപ്പള്ളി വീട്ടിൽ കൂട്ടൂസ് വില്ലയിൽ ജി. ശ്രീകുമാറാണു തന്റെ വീടിനു മുന്നിലെ സിസിടിവി ക്യാമറയിലെ ദൃശ്യങ്ങൾ ഉൾപ്പെടെ ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചത്. കേസിൽ കൂടുതൽ പേരുടെ പങ്ക് വ്യക്തമാക്കുന്നതാണു ദൃശ്യങ്ങൾ. 

ദൃശ്യങ്ങൾ അടങ്ങിയ ഹാർഡ്ഡിസ്‌ക് കൈക്കലാക്കാൻ പൊലീസ് ശ്രമിക്കുന്നെന്നും ഇതു നശിപ്പിക്കാൻ സാധ്യതയുണ്ടെന്നും  ശ്രീകുമാർ ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിൽ പറയുന്നു. ദൃശ്യങ്ങൾ കൈക്കലാക്കാൻ ശ്രമിച്ചത് എന്തിനെന്നതു സംബന്ധിച്ചു റിപ്പോർട്ട് നൽകണമെന്നു കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥനായ സിഐ എം. സുധിലാലിനോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

കഴിഞ്ഞ 6ന് അർധരാത്രി പുത്തൻകാവ് അങ്ങാടിക്കൽ ശാലോം നഗറിൽ കുറ്റിക്കാട്ട് തൈക്കൂട്ടത്തിൽ ഏബ്രഹാം വർഗീസ് (ബേബിക്കുട്ടി –65) കൊല്ലപ്പെട്ട കേസിലാണു വഴിത്തിരിവ്.  സംഭവത്തിൽ അങ്ങാടിക്കൽ പൗവ്വത്ത് എ. അരവിന്ദ് (33) മാത്രമാണു പ്രതി. മാലിന്യം തള്ളിയ ശേഷം പോയ ഏബ്രഹാം വർഗീസിനെ അരവിന്ദ് പിന്തുടർന്നെന്നും ഹെൽമറ്റ് കൊണ്ടുള്ള അടിയേറ്റ് ഏബ്രഹാം മരിച്ചെന്നുമാണു കേസ്.  

ഏബ്രഹാമിനെ പിന്തുടരാൻ സഹായം തേടി 3 സുഹൃത്തുക്കളെ അരവിന്ദ് വിളിച്ചു വരുത്തുകയായിരുന്നെന്നും ഇവർ കൃത്യത്തിൽ ഉൾപ്പെട്ടിട്ടില്ലെന്നുമാണു പൊലീസ് വാദം. എന്നാൽ ഏബ്രഹാം മാലിന്യം തള്ളുന്ന സമയത്ത് അരവിന്ദിനൊപ്പം സുഹൃത്തുക്കളും ഉണ്ടായിരുന്നെന്നു ശ്രീകുമാർ കോടതിയിൽ സമർപ്പിച്ച വിഡിയോ ദൃശ്യങ്ങളിലുണ്ട്. 

സ്‌കൂട്ടറിൽ പോയ ഏബ്രഹാമിനെ ശ്രീകുമാറിന്റെ വീടിനു മുന്നിൽ ബൈക്ക് കുറുകെ നിർത്തി തടയുന്നതും  ഇവരെ വെട്ടിച്ച് ഏബ്രഹാം കടന്നു പോകുന്നതും യുവാക്കൾ ബൈക്ക് തിരിച്ച് ഇയാളെ പിന്തുടരുന്നതും വ്യക്തമാണ്. 

പ്രാഥമിക തെളിവുകളുടെയും വിവരങ്ങളുടെയും സിസി ടിവി ദൃശ്യങ്ങളുടെയും അടിസ്ഥാനത്തിലാണു കേസ് എടുത്തതെന്നും  പുതിയ വിഡിയോ ദൃശ്യങ്ങൾ പരിശോധിച്ച് ആവശ്യമെങ്കിൽ മറ്റുള്ളവരെയും പ്രതി ചേർക്കുമെന്നും സിഐ. എം. സുധിലാൽ.പറഞ്ഞു.

English summary: Chengannur lawyer murder case 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com