ADVERTISEMENT

രാജകുമാരി ∙ കേരള–തമിഴ്നാട് അതിർത്തിയിൽ തമിഴ്നാട്ടിലെ രാശിങ്കാപുരം വണ്ണാത്തുറയ്ക്കു സമീപം തോട്ടം തൊഴിലാളിയായ അമ്മയും പിഞ്ചുകുഞ്ഞും കാട്ടുതീയിൽപെട്ട് വെന്തു മരിച്ചു. വാഹനനിരോധനത്തെത്തുടർന്ന്  കാട്ടുപാതയിലൂടെ തമിഴ്നാട്ടിലെത്താനുള്ള ശ്രമത്തിനിടെയാണ് ഇവർ കാട്ടുതീയിൽപെട്ടത്. 2018ൽ 23 പേർ കാട്ടുതീയിൽപെട്ടു മരിച്ച കുരങ്ങിണിയിൽനിന്ന് 15 കിലോമീറ്റർ അകലെയാണ് സംഭവം. 6 പേർക്കു പരുക്കേറ്റു.  

 തേനി രാശിങ്കാപുരം സ്വദേശികളായ ജയശ്രീ (37), മകൾ കൃതിക(മൂന്ന്) എന്നിവരാണ് മരിച്ചത്. ഇടുക്കി ജില്ലയിലെ ശാന്തൻപാറ പേത്തൊട്ടിക്കു സമീപത്തെ ഏലത്തോട്ടത്തിൽ ജോലി കഴിഞ്ഞ ശേഷം ഞണ്ടാർമെട്ട് വനമേഖലയിൽ കൂടി തമിഴ്നാട്ടിലേക്കു നടന്നുപോയ 8 അംഗ സംഘമാണ് അപകടത്തിൽപെട്ടത്.  വിജയമണി(38), മഹേഷ്(27), യോഗേഷ്(30), ഒണ്ടുവീരൻ(40), മഞ്ജു(27), ആനന്ദ്(28) എന്നിവരാണ് സംഘത്തിലുണ്ടായിരുന്ന മറ്റുള്ളവർ. പരുക്കേറ്റ ഇവരെ തേനി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

ഇന്നലെ വൈകിട്ട് അഞ്ചരയോടെയാണ് സംഭവം. കോവിഡ്–19 ഭീഷണിയുടെ പശ്ചാത്തലത്തിൽ കേരളത്തിലും തമിഴ്നാട്ടിലും ലോക്ക്ഡൗൺ പ്രഖ്യാപിച്ചതിനാൽ, ഇടുക്കി ജില്ലയിലെ ബോഡിമെട്ട് വഴി വാഹനയാത്രയ്ക്ക് പൊലീസ് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. ഇതു മൂലമാണ് തൊഴിലാളികളുടെ സംഘം പേത്തൊട്ടി, ദളം, ഞണ്ടാർമെട്ട് വഴി തമിഴ്നാട്ടിലേക്ക് കാട്ടുപാതയിലൂടെ നടന്നു പോയത്. തേവാരത്തു നിന്നു 10 കിലോമീറ്റർ അകലെ കൊടും വനത്തിൽ സംഘം കാട്ടുതീയിൽ പെടുകയായിരുന്നു. സംഘത്തിലെ ഒരാൾ, അടുത്ത ബന്ധുവിനെ ഫോണിൽ വിളിച്ചതോടെയാണ് വിവരം പുറംലോകം അറിഞ്ഞത്. 

forest-fire-idukki
തമിഴ്നാട്ടിലെ തേനി ജില്ലയിലെ രാശിങ്കാപുരം മലനിരകളിൽ ഉണ്ടായ കാട്ടുതീ.

2 വർഷത്തിനു ശേഷം വീണ്ടും കാട്ടുതീ ദുരന്തം

രാജകുമാരി ∙ 2018 മാർച്ച് 11ന് തമിഴ്നാട്ടിലെ വിവിധ സ്ഥലങ്ങളിൽ നിന്നുള്ള ആളുകൾ കൊളുക്കുമലയിലേക്കു നടത്തിയ ട്രക്കിങ്ങിനിടെ കുരങ്ങിണിയിൽ 23 പേർ കാട്ടുതീയിൽ വെന്തു മരിച്ചിരുന്നു. ഇൗ സംഭവത്തിനു ശേഷം 2 വർഷം പൂർത്തിയായപ്പോഴാണ് രാശിങ്കാപുരം വണ്ണാത്തുറയ്ക്കു സമീപം സമാനമായ ദുരന്തം ഉണ്ടാകുന്നത്.

കുരങ്ങിണി ദുരന്തത്തിനു ശേഷം തമിഴ്നാട് സർക്കാർ വനമേഖലയിൽ പ്രവേശിക്കുന്നതിനു കർശന നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. എങ്കിലും നിയമവിരുദ്ധമായി കേരളത്തിൽ നിന്നും തിരിച്ചും വനമേഖലയിൽ കൂടി ആളുകൾ യാത്ര ചെയ്യാറുണ്ട്. 

English summary: Forest fire; Two killed in Kerala-Tamilnadu border 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com