ADVERTISEMENT

പാലക്കാട് ∙ ദുബായിൽ നിന്നെത്തി സമ്പർക്കവിലക്കു ലംഘിച്ചു നാടു മുഴുവൻ കറങ്ങിയ കോവിഡ് ബാധിതനെതിരെ കല്ലടിക്കോട് പൊലീസ് കേസെടുത്തു. 5 മാസവും ഒരു വയസ്സും പ്രായമുള്ള പേരക്കുട്ടികൾ മുതൽ ഡോക്ടർമാരും നഴ്സുമാരും ഉൾപ്പെടെ ഇരുനൂറോളം പേരുമായി സമ്പർക്കമുണ്ടായിട്ടുണ്ട്. രോഗബാധിതന്റെ മകനായ കെ എസ്ആർടിസി കണ്ടക്ടർ ഈ ദിവസങ്ങളിൽ കോയമ്പത്തൂർ മുതൽ തിരുവനന്തപുരം വരെ ബസിൽ ജോലി ചെയ്തിട്ടുമുണ്ട്. 

മണ്ണാർക്കാട് കാരാകുറുശ്ശി സ്വദേശിയായ (51) രോഗബാധിതൻ 3 തവണ ആശുപത്രിയിൽ ചെന്നെങ്കിലും വീട്ടുനിരീക്ഷണത്തിൽ കഴിയാൻ ആവശ്യപ്പെട്ടു. എന്നാൽ, ഇതിനിടെ ആരാധനാലയങ്ങളിൽ ഉൾപ്പെടെ നാട്ടിൽ പലയിടത്തും പോയി. ഇദ്ദേഹം പോയ സ്ഥലങ്ങളിലുണ്ടായിരുന്നവരും കണ്ടക്ടറായ മകനും ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തിലാണ്. 

മാർച്ച് 13നു ദുബായിൽ നിന്ന് എയർ ഇന്ത്യയുടെ AI X 344 ഫ്ലൈറ്റിൽ (സീറ്റ് നമ്പർ 29 C) കരിപ്പൂരിലെത്തിയ കാരാകുർശി സ്വദേശി സ്വന്തം കാറിൽ 4 കുടുംബാംഗങ്ങൾക്കൊപ്പമാണു നാട്ടിലേക്കു പുറപ്പെട്ടത്. കൊണ്ടോട്ടിക്കു സമീപം വള്ളുവമ്പ്രത്തു തട്ടുകടയിൽ കാർ നിർത്തി. വീട്ടിലെത്തിയ ശേഷം കാരക്കുന്ന് സുന്നി ജുമാ അത്ത് പള്ളിയിലും കാരാകുറുശ്ശി ദാറുസലാം യത്തീംഖാനയിലും ആനക്കപ്പറമ്പ് ആയിഷ പള്ളിയിലും പോയിരുന്നു. പിറ്റേന്നും 15നും ആനക്കപ്പറമ്പ് പള്ളിയിൽ പോയി.

അരപ്പാറ വാഴമ്പുറത്തെ വീട്ടിൽ ഒരു ചടങ്ങിൽ പങ്കെടുത്തു. 16നും 18നും 23നും മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിലെ കൊറോണ ഒപിയിൽ ചെന്നിരുന്നു. മണ്ണാർക്കാട്ടെ മറ്റൊരു ആശുപത്രിയിലും പോയി. ഈ ദിവസങ്ങളിൽ ഒരു സ്റ്റോറിലും പച്ചക്കറിക്കടയിലും പെട്രോൾ പമ്പിലും തയ്യൽക്കടയിലും പോയി.  ഇദ്ദേഹത്തിനൊപ്പം താമസിക്കുന്ന കണ്ടക്ടറായ മകൻ 17ന് മണ്ണാർക്കാട്–ആനക്കട്ടി–കോയമ്പത്തൂർ സർവീസിലും 18ന് രാവിലെ 7നു മണ്ണാർക്കാട്ടു നിന്നു തിരുവനന്തപുരത്തേക്കും അർധരാത്രി തിരിച്ചുമുള്ള സർവീസിലും ജോലി ചെയ്തു.

English summary: COVID 19 case Palakkad

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com