sections
MORE

സൂക്ഷിക്കാം, മൂന്നാം ഘട്ടത്തിലെത്താതെ

corona-virus
SHARE

കേരളം ഇപ്പോഴും കോവിഡിന്റെ മൂന്നാം ഘട്ടമായ കമ്യൂണിറ്റി സ്പ്രെഡിൽ (സമൂഹ വ്യാപനം) എത്തിയിട്ടില്ല. ഇത് ആശാവഹവും ആശ്വാസകരവുമാണ്. ഈ ഘട്ടമെത്തിയിരുന്നെങ്കിൽ ഇതിനകം ശ്വാസതടസ്സം അനുഭവിക്കുന്ന രോഗികൾ ആശുപത്രികളിൽ എത്തേണ്ടതായിരുന്നു. അത് ഉണ്ടായിട്ടില്ല. മൂന്നാം ഘട്ടത്തിൽ രോഗം ആരിൽനിന്ന് ആരിലെത്തുന്നു എന്നു കണ്ടെത്താൻ കഴിയില്ല. എന്നാൽ നമുക്ക് ഇപ്പോഴും രോഗിയാകുന്ന ഓരോ ആളെയും ഉടൻ കണ്ടെത്താൻ പറ്റുന്നുണ്ട്. 

അത്തരം ആളുകളുമായി സമ്പർക്കം പുലർത്തിയവരിൽ കഴിയുന്നത്ര പേരെ സമ്പർക്ക വിലക്കിലാക്കാൻ കഴിയുന്നുണ്ട്. ശ്രദ്ധയിൽപെടാതെ പോകുന്ന കേസുകൾ അധികമില്ല. ഇതിനർഥം, ഇപ്പോഴും നമുക്കു മൂന്നാം ഘട്ടം എന്ന സ്ഫോടനാത്മകമായ അവസ്ഥ ഒഴിവാക്കാൻ കഴിയുന്നു എന്നതാണ്. എന്നാൽ, ചെറിയൊരു ശ്രദ്ധക്കുറവു പോലും ഈ സ്ഥിതി തകിടം മറിക്കാം. കാസർകോട് നൽകുന്ന സൂചന അതാണ്. അവിടെ ചെറിയ ആശങ്ക നിലനിൽക്കുന്നു. 

aravindan
ഡോ. കെ.പി.അരവിന്ദൻ

മൂന്നാം ഘട്ടം എന്ത്?

രോഗമുള്ള ഒരിടത്തു നിന്ന് ഒരാൾ അതില്ലാത്ത സ്ഥലത്തേക്കു വരികയും അയാൾക്ക് രോഗം സ്ഥിരീകരിക്കുകയും (Index Care) ചെയ്യുന്ന അവസ്ഥയാണ് ഒന്നാം ഘട്ടം. ഇദ്ദേഹവുമായി നേരിട്ടു സമ്പർക്കത്തിൽ വരുന്നവരിലും (Primary Contacts) അവരോട് ഇടപെടുന്നവരിലും (Secondary Contacts) മാത്രം രോഗം പ്രത്യക്ഷപ്പെടുന്ന അവസ്ഥയാണ് രണ്ടാം ഘട്ടം. കേരളത്തിൽ സമ്പർക്ക ശൃംഖലയിൽ പെടുന്നവരെ മുഴുവൻ ഇപ്പോൾ നമ്മുടെ സംവിധാനത്തിനറിയാം. അവരിൽ ചിലർക്കു മാത്രമേ രോഗം സ്ഥിരീകരിക്കൂ. ചികിത്സിച്ചു രക്ഷപ്പെടുത്തുകയും ചെയ്യാം. 

ഈ സമ്പർക്ക ശൃംഖലയിൽ നിന്ന് ശ്രദ്ധയിൽ പെടാതെ ചിലർ പുറത്താകുകയും അതിൽ ആർക്കെങ്കിലും രോഗം ഉണ്ടാവുകയും അയാളിൽ നിന്ന് ഒട്ടേറെ പേരിലേക്കു രോഗാണുക്കൾ പകരുകയും ചെയ്യാം. അത് അയാൾ രോഗലക്ഷണം കാട്ടും മുൻപുതന്നെ സംഭവിക്കും. ഇങ്ങനെ രോഗം വരുന്നത് ആർക്കൊക്കെ എന്നു കണ്ടെത്താനാവാതെ വരിക. അത്തരക്കാരിൽ നിന്ന് പിന്നെയും കൂടുതൽ പേരിലേക്കു രോഗം പരക്കുക.

ഇത്തരമൊരു സ്ഥിതി ഉണ്ടാകുന്നതാണ് മൂന്നാം ഘട്ടം. ഇറ്റലിയിലൊക്കെ ഈ ഘട്ടം വേഗമെത്തി. തുടർന്ന് ഒരു നിയന്ത്രണവുമില്ലാത്ത നാലാം ഘട്ടവും. മൂന്നാം ഘട്ടം എത്താതെ സൂക്ഷിക്കുകയാണ് നാം ചെയ്യേണ്ടത്. കേരളത്തിന് ഇപ്പോഴതു കഴിയുന്നുണ്ട്. ഇങ്ങനെ രണ്ടാഴ്ച പിടിച്ചുനിന്നാൽ നാം രക്ഷപ്പെട്ടു എന്നുതന്നെ പറയാം. അതിന് ഇപ്പോഴത്തെ എല്ലാ പ്രതിരോധശ്രമങ്ങളും വീഴ്ചയില്ലാതെ തുടരണം.

അമാന്തിച്ചു നിൽക്കരുത് 

വൈറസ് കണ്ടെത്താനുള്ള പരിശോധനകൾ നടത്താൻ സാഹചര്യമൊരുക്കുന്ന സമീപനമാണ് ഐസിഎംആർ (ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്) പോലുള്ള സ്ഥാപനങ്ങളിൽ നിന്നുണ്ടാകേണ്ടത്. സംസ്ഥാനങ്ങൾ അതിനു ശ്രമിക്കുമ്പോഴും ഐസിഎംആർ അമാന്തിച്ചു നിൽക്കുന്നെന്ന് തോന്നുന്നു.   

വേണം നടപടികൾ

രോഗസാധ്യതയുള്ളവരെ പരിശോധിച്ച് ഐസലേഷനിലാക്കണം. ലോകാരോഗ്യ സംഘടനയും അതാണു പറയുന്നത്. ഐസിഎംആർ നിലപാട് ഇപ്പോൾ അതിനു വിരുദ്ധമാണ്. പരിശോധനാ കേന്ദ്രങ്ങൾ തുടങ്ങുന്നതിനും മറ്റും സംസ്ഥാനങ്ങൾക്കു പരിമിതിയുണ്ട്. പറയാനും സമ്മർദം ചെലുത്താനുമേ കഴിയൂ. 

അനുമതികൾ പലതും കേന്ദ്രത്തിൽ നിന്നു വരണം. മുഴുവൻ രാജ്യത്തെയും കണ്ടുള്ള ഏകോപനവും നടപടികളും അതിനു വേണം. എന്നാൽ ദേശീയ തലത്തിൽ കാണുന്നത് ഒരുതരം നാഥനില്ലായ്മയാണ്. യഥാർഥ നടപടികൾക്കും അവയുടെ നടത്തിപ്പിനും പകരമാവില്ല ഇപ്പോൾ ചെയ്യുന്നതും പറയുന്നതുമൊന്നും.

തയാറെടുക്കാം

കേരളത്തിൽ ഇതുവരെ കാര്യങ്ങൾ തൃപ്തികരമായാണു പോകുന്നത്. ഇതിനുമപ്പുറം എന്തൊക്കെ സംഭവിക്കാം എന്ന കണക്കുകൂട്ടലോടെ തന്നെ നീങ്ങണം. എത്രപേർക്ക് ഐസലേഷൻ വേണ്ടിവരും? എത്ര ഐസിയു വേണ്ടിവരും? ഇവയെക്കുറിച്ചൊക്കെ മുൻധാരണ വേണം. ഈ ധാരണയുണ്ട് എന്ന നിലയ്ക്കുതന്നെയാണ് ഇപ്പോൾ കാര്യങ്ങൾ. കേരളത്തിനുള്ള ഇപ്പോഴത്തെ ഒരു ഗുണവശം, കൂട്ടായ പ്രയത്നത്തിനു ജനം സന്നദ്ധരാണ് എന്നുള്ളതാണ്. പ്രളയം പോലുള്ള പ്രതിസന്ധികൾ അതു നമ്മെ പഠിപ്പിച്ചിട്ടുണ്ട്.

(കോഴിക്കോട് മെഡിക്കൽ കോളജ് പതോളജി വിഭാഗം മുൻ മേധാവിയും കേരള ശാസ്ത്ര സാഹിത്യ പരിഷത് മുൻ പ്രസിഡന്റുമാണ്  ലേഖകൻ)

English summary: COVID 19; Community spread

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD
SHOW MORE
FROM ONMANORAMA