ADVERTISEMENT

കൊച്ചി ∙ ഹൈക്കോടതിയിലും സംസ്ഥാനത്തെ കീഴ്ക്കോടതികളിലും പരിഗണനയിലുള്ള കേസുകളിൽ ലോക്ഡൗൺ കാലത്തു സമയപരിധി കഴിയുന്ന ഇടക്കാല ഉത്തരവുകൾ ഹൈക്കോടതി ഫുൾബെഞ്ച് ഒരു മാസം നീട്ടി. ഇടക്കാല ജാമ്യം, മുൻകൂർ ജാമ്യം എന്നിവ അനുവദിച്ചിട്ടുള്ളതും നീട്ടി. അത്യാവശ്യ കേസുകളിലൊഴികെ അറസ്റ്റ് പാടില്ലെന്നു കോടതി നിർദേശിച്ചു.

അതേസമയം, ഗുരുതര കുറ്റകൃത്യങ്ങളിൽ സർക്കാരിന് ഉചിതമായ തീരുമാനം സാധ്യമാണെന്നു കോടതി വ്യക്തമാക്കി. കസ്റ്റഡിയിൽ വയ്ക്കേണ്ടതുണ്ടോ എന്നു പ്രതിയെ ഹാജരാക്കുമ്പോൾ മജിസ്ട്രേറ്റിനോ ജഡ്ജിക്കോ തീരുമാനിക്കാം. ക്രമസമാധാനവും പൊതുജീവിതക്രമവും കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ നടപടിയെടുക്കാൻ തടസ്സമില്ലെന്നു കോടതി വ്യക്തമാക്കി. 

രാജ്യത്ത് ലോക്ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ ജനങ്ങൾക്കു കോടതിയെ സമീപിക്കാനുള്ള ബുദ്ധിമുട്ടു കണക്കിലെടുത്ത് ഹൈക്കോടതി സ്വമേധയാ എടുത്ത കേസിലാണു ചീഫ് ജസ്റ്റിസ് എസ്. മണികുമാർ, ജസ്റ്റിസ് സി.കെ. അബ്ദുൽ റഹിം, ജസ്റ്റിസ് സി.ടി. രവികുമാർ എന്നിവരുൾപ്പെട്ട ഫുൾ ബെഞ്ചിന്റെ ഉത്തരവ്. അ‍ഡ്വക്കറ്റ് ജനറൽ ഓഫിസ് ജീവനക്കാർക്കും സർക്കാർ അഭിഭാഷകർക്കും കോടതിയിൽ എത്താൻ ബുദ്ധിമുട്ടുണ്ടെന്നു കാണിച്ച് അഡീ. എജി രഞ്ജിത്ത് തമ്പാൻ നൽകിയ കത്തും പരിഗണിച്ചു. 

കോടതി നിർദേശങ്ങൾ

∙ ഹൈക്കോടതിയുടെ മേൽനോട്ടാധികാരം വിനിയോഗിച്ചു കീഴ്ക്കോടതിയുടെ ഉൾപ്പെടെ ഇടക്കാല ഉത്തരവുകൾ നീട്ടുന്നു. ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവുകൾ ഒരു മാസത്തേക്കു നീട്ടി. 

∙ വെള്ളം, വൈദ്യുതി, അബ്കാരി വിഷയങ്ങളിലുൾപ്പെടെ ഏപ്രിൽ 30 വരെ  റിക്കവറി നടപടി ഉണ്ടാവില്ലെന്ന സംസ്ഥാന സർക്കാരിന്റെ ഉറപ്പു രേഖപ്പെടുത്തി.

∙നിലവിലെ സാഹചര്യം പരിഗണിച്ചു കേന്ദ്ര/പൊതുമേഖലാ സ്ഥാപനങ്ങളുടെ റിക്കവറി നടപടികളുടെ കാര്യത്തിൽ ഉചിതമായ തീരുമാനം ഉണ്ടാകുമെന്നു കേന്ദ്രം സുപ്രീംകോടതിയിൽ നൽകിയ ഉറപ്പു നടപ്പാക്കണം

∙ വിചാരണഘട്ടത്തിലുള്ളതുൾപ്പെടെ തടവുകാരുടെ ജാമ്യം, പരോൾ തുടങ്ങിയ വിഷയങ്ങൾ സുപ്രീംകോടതി നിർദേശപ്രകാരം രൂപീകരിച്ച ഉന്നതാധികാര സമിതി പരിഗണിക്കും. കെൽസ ചെയർമാൻ, ആഭ്യന്തര പ്രിൻസിപ്പൽ സെക്രട്ടറി, ജയിൽ ഡയറക്ടർ ജനറൽ എന്നിവർ അംഗങ്ങളായ സമിതിയെ സർക്കാർ നിയമിച്ചിട്ടുണ്ട്.  

∙ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ, തദ്ദേശ സ്ഥാപനങ്ങൾ, പൊതുമേഖലാ സ്ഥാപനങ്ങൾ എന്നിവ നിർബന്ധിത നടപടി/ പിരിവുകൾ നിർത്തിവയ്ക്കുന്ന കാര്യത്തിൽ നൽകിയ ഉറപ്പു പാലിക്കണം. 

കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി കേന്ദ്ര, സംസ്ഥാന സർക്കാരുകൾ ലോക്ഡൗൺ പ്രഖ്യാപിക്കുകയും കേസ് പരിഗണിക്കാൻ സുപ്രീംകോടതി വിഡിയോ കോൺഫറൻസിങ് ഏർപ്പെടുത്തുകയും ചെയ്ത സാഹചര്യത്തിൽ പൊതുതാൽപര്യത്തിൽ നടപടിയാവശ്യപ്പെട്ടാണ് അഡീഷനൽ എജി കത്തു നൽകിയത്. അഭിഭാഷകരും ജീവനക്കാരും വ്യവഹാരികളും നേരിടുന്ന ബുദ്ധിമുട്ടുകൾ ഹൈക്കോടതി അഭിഭാഷക അസോസിയേഷൻ പ്രസിഡന്റ് ആർ. ലക്ഷ്മിനാരായണനും ശ്രദ്ധയിൽപ്പെടുത്തി.

ഹൈക്കോടതി ഏപ്രിൽ 14 വരെ അടച്ചു

കൊച്ചി ∙ കോവിഡ് മൂലം ലോക്ഡൗൺ പ്രഖ്യാപിച്ചതിനാൽ ഏപ്രിൽ 14 വരെ ഹൈക്കോടതി അടച്ചു. ജാമ്യം, മുൻകൂർ ജാമ്യക്കേസുകളിലും വിവിധ കോടതി/ ട്രൈബ്യൂണലുകളുടെ ഇടക്കാല ഉത്തരവു നീട്ടുന്ന കാര്യത്തിലും ഹൈക്കോടതി ഫുൾ ബെഞ്ചിന്റെ വിധി ബാധകമാകുമെന്നു റജിസ്ട്രാർ ജനറൽ കെ. ഹരിപാൽ അറിയിച്ചു.

English summary: Kerala HC on lockdown

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com