ADVERTISEMENT

തിരുവനന്തപുരം ∙ കോവിഡ്‌ വ്യാപനം കണക്കിലെടുത്ത് എപിഎൽ–ബിപിഎൽ വ്യത്യാസമില്ലാതെ കേരളത്തിലെ മുഴുവൻ കുടുംബങ്ങൾക്കും റേഷൻകടകൾ വഴി ഭക്ഷ്യകിറ്റുകൾ വിതരണം ചെയ്യണമെന്നു പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ദിവസവേതനക്കാർക്കും ഭിന്നശേഷിക്കാർക്കും മുതിർന്ന പൗരന്മാർക്കും കഷ്ടത അനുഭവിക്കുന്നവർക്കും 1000 രൂപയിൽ കുറയാത്ത തുക അടിയന്തരമായി നൽകണം. മരുന്നുകളുടെ ദൗർലഭ്യം പരിഹരിക്കണം. 

കൊയ്ത്ത് കഴിഞ്ഞു നെല്ല് കെട്ടിക്കിടക്കുന്നതിനാൽ  അടിയന്തരമായി നെല്ല് സംഭരിക്കണം. സാമ്പത്തികമായി തകർന്ന കർഷകനു കൈകാര്യചെലവ് സർക്കാർ നൽകണം. അടിയന്തരമായി ഇതു ചെയ്തില്ലെങ്കിൽ‍ കാർഷികദുരന്തമാവും സംഭവിക്കുക.

ബജറ്റിലെ നികുതി നിർദേശങ്ങളും നിരക്ക് വർധനയും  ഏപ്രിൽ ഒന്നു മുതൽ പ്രാബല്യത്തിൽ വരുന്നത് ഒഴിവാക്കി തീയതി നീട്ടണം. കാസർകോട്ട് കാൻസർ രോഗികൾ, ഡയാലിസിസ് നടത്തേണ്ടവർ തുടങ്ങിയവർക്കു മംഗലാപുരം  ആശുപത്രികളിൽ  അതു ചെയ്യാൻ കഴിയാത്ത  പ്രശ്നം കർണാടക സർക്കാരുമായി ബന്ധപ്പെട്ടു പരിഹരിക്കണം. ജില്ലയിൽ അവശ്യസാധനങ്ങളുടെ ദൗർലഭ്യവുമുണ്ട്.

യുഡിഎഫ് എംഎൽഎമാർക്കും നേതാക്കൾക്കും പ്രത്യേക നിർദേശങ്ങൾ നൽകിയതായി പ്രതിപക്ഷനേതാവ് അറിയിച്ചു. ഐസലേഷനിലുളളവർക്കും കുടുംബത്തിനും പിന്തുണ നൽകുക, വയോജനങ്ങൾ, സാന്ത്വന ചികിത്സയിൽ ഉള്ളവർ, പട്ടികജാതി–വർഗ വിഭാഗങ്ങൾ, തീരദേശവാസികൾ, ചേരികളിൽ താമസിക്കുന്നവർ, കെയർ ഹോം അന്തേവാസികൾ, തൊഴിലുറപ്പ് പദ്ധതി തൊഴിലാളികൾ, അതിഥി തൊഴിലാളികൾ എന്നിവരുടെ ഭക്ഷണം, മരുന്ന്, ആശുപത്രി യാത്രകൾ എന്നിവ മുടക്കമില്ലാതെ നോക്കുക, ഐസിയു കിടക്കകൾ,വെന്റിലേറ്ററുകൾ,ഓക്‌സിജൻ സിലിണ്ടറുകൾ തുടങ്ങിയവ ഉറപ്പാക്കുക, ലോക് ഡൗൺ കാലത്തു പട്ടിണിയിലാകുന്നവരെ സഹായിക്കുക തുടങ്ങിയ നിർദേശങ്ങളാണു നൽകിയത്. 

പ്രളയഫണ്ട് ഉപയോഗിച്ചുള്ള  ഗ്രാമീണ റോഡ് പുനരുദ്ധാരണ പദ്ധതിയിൽ പ്രതിപക്ഷ എംഎൽഎമാരോടു വിവേചനം കാട്ടിയതു മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തുമെന്നു പ്രതിപക്ഷനേതാവ്. 2011 റോഡുകൾ അനുവദിച്ചതിൽ പ്രതിപക്ഷ എംഎൽഎമാർക്കു 135  മാത്രമേ നൽകിയുള്ളൂ. 35 എംഎൽഎമാർക്ക് ഒരു റോഡ് പോലും ഇല്ല. 354 കോടി രൂപയുടെ പദ്ധതിയിൽ 29.82 കോടി രൂപ മാത്രമാണു പ്രതിപക്ഷത്തിന്. മാധ്യമപ്രവർത്തകനായ കെ. എം.ബഷീർ കാർ ഇടിച്ച് കൊല്ലപ്പെട്ട കേസിലെ പ്രതി ശ്രീറാം വെങ്കിട്ടരാമനെ തിരിച്ചെടുത്തതു ക്രൂരമായിപ്പോയെന്നും  രമേശ് പറഞ്ഞു.

English summary: Kerala lockdown; Ramesh Chennithala demands food kit for all

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com