ADVERTISEMENT

തിരുവനന്തപുരം ∙ ലോക്ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ എല്ലാ റേഷൻ കാർഡുടമകൾക്കും സൗജന്യ അരി നൽകാൻ മന്ത്രിസഭാ തീരുമാനം. മുൻഗണനേതര വിഭാഗത്തിൽപ്പെട്ടവർക്ക് 15 കിലോ അരി ലഭിക്കും. നീല, വെള്ള കാർഡ് ഉടമകളായ 46 ലക്ഷത്തോളം പേർക്കാണ് ഇതിന്റെ പ്രയോജനം. ഇതോടെ ഏപ്രിൽ മാസത്തിൽ സംസ്ഥാനത്തെ എല്ലാ വിഭാഗത്തിൽപ്പെട്ടവർക്കും സൗജന്യ റേഷൻ ലഭിക്കും.

അന്ത്യോദയ അന്നയോജന (മഞ്ഞ കാർഡ്) വിഭാഗക്കാരുടെ റേഷൻ സാധനങ്ങൾക്കു വില ഈടാക്കുന്നില്ല. ഇവർക്ക് 35 കിലോ ഭക്ഷ്യധാന്യം സൗജന്യമായി നൽകുന്നതു തുടരും. മുൻഗണനാ വിഭാഗത്തിനു (പിങ്ക് കാർഡ്) കിലോയ്ക്കു 2 രൂപയ്ക്കു നൽകിയിരുന്ന അരിയും ഗോതമ്പും സൗജന്യമായി ലഭിക്കും.

മുൻഗണന–സബ്സിഡി വിഭാഗത്തിനു (നീല കാർഡ്) കിലോയ്ക്കു 4 രൂപ നിരക്കിലാണു 2 കിലോ അരി നൽകിയിരുന്നത്. ഇനി 15 കിലോ അരി സൗജന്യമായി ലഭിക്കും. മുൻഗണനേതര വിഭാഗത്തിന് (വെള്ള കാർഡ്) കിലോയ്ക്കു 10.90 രൂപയ്ക്കാണ് അരി നൽകിയിരുന്നത്. അവർക്കും 15 കിലോ അരി സൗജന്യമായി നൽകും. 87.14 ലക്ഷം കാർഡ് ഉടമകളാണുള്ളത്.

വീട്ടിൽ നിരീക്ഷണത്തിൽ കഴിയുന്ന എല്ലാവർക്കും 1000 രൂപ വിലവരുന്ന ഭക്ഷ്യകിറ്റ് നൽകും. പഞ്ചസാര, ചെറുപയർ, വൻപയർ, കടല, തുവരപ്പരിപ്പ്, വെളിച്ചെണ്ണ, തേയില, ആട്ട, ഉഴുന്ന്, സാമ്പാർ പൊടി, രസപ്പൊടി, മുളകുപൊടി, മല്ലിപ്പൊടി, പുട്ടുപൊടി, ഉപ്പ്, സോപ്പ് എന്നിവയടങ്ങുന്ന കിറ്റ് മുൻഗണനാ വ്യത്യാസമില്ലാതെ നൽകും. സപ്ലൈകോയിൽ നിന്ന് ഇതു ജില്ലാ ഭരണാധികാരികളെ ഏൽപിച്ച് തദ്ദേശ സ്ഥാപനങ്ങളുടെ സഹായത്തോടെ വീടുകളിൽ എത്തിക്കും. 

കേന്ദ്രത്തിൽനിന്ന് 3 രൂപയ്ക്ക് അരി; 2 രൂപയ്ക്ക് ഗോതമ്പ്

ന്യൂഡൽഹി ∙ പൊതു വിതരണ സമ്പ്രദായത്തിലൂടെ 3 മാസത്തേക്ക് കിലോയ്ക്ക് 3 രൂപ നിരക്കിൽ അരിയും 2 രൂപയ്ക്ക് ഗോതമ്പും ലഭ്യമാക്കാൻ കേന്ദ്ര തീരുമാനം. ഇത് 80 കോടി ജനങ്ങൾക്കു ഗുണകരമാകുമെന്ന് മന്ത്രി പ്രകാശ് ജാവഡേക്കർ പറഞ്ഞു. റേഷൻ കടകളിൽ കേന്ദ്ര സബ്സിഡിയോടെ നൽകുന്ന അരിയും ഗോതമ്പും മാസം 5 കിലോഗ്രാമായിരുന്നത് 7 കിലോഗ്രാം ആക്കും. 

റേഷൻ കട സമയം മാറ്റി

റേഷൻ കടകളുടെ പ്രവർത്തന സമയത്തിൽ താൽക്കാലിക മാറ്റം. രാവിലെ 9 മുതൽ ഉച്ചയ്ക്ക് 1 വരെയും ഉച്ചകഴിഞ്ഞ് 2 മുതൽ വൈകിട്ട് 5 വരെയുമാണു പുതിയ സമയം. ഇത് ഇന്നലെ നിലവിൽ വന്നു. 

English summary: Kerala lock down; Free rice for all ration card holders 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com