ADVERTISEMENT

തിരുവനന്തപുരം ∙ ക്ഷേമ പെൻഷൻ വിതരണം നാളെ ആരംഭിക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. 2 മാസത്തെ പെൻഷനാണു വിതരണം ചെയ്യുന്നത്. 20 രൂപയ്ക്കു ഭക്ഷണം വിതരണം ചെയ്യുന്ന 1000 ഭക്ഷണശാലകൾ ആരംഭിക്കാനുള്ള പ്രവർത്തനം ത്വരിതപ്പെടുത്തും. ഇവിടെ നിന്ന് ഹോം ഡെലിവറിയും ഉണ്ടാകും. 

∙ ഒരിടത്ത് 5 പേരിൽ കൂടുതൽ ഉണ്ടാകരുതെന്ന നിർദേശം വിവാഹച്ചടങ്ങിന് ഇളവു ചെയ്യും. 

∙ സംസ്ഥാനത്തിനു പുറത്തുള്ളവർ അവിടങ്ങളിൽത്തന്നെ കഴിയണം. കേന്ദ്ര നിർദേശം അനുസരിച്ച് 21 ദിവസം ഈ സ്ഥിതി തുടരും. 

∙ കേരളത്തിൽ പ്രവേശിച്ചവരെ പ്രത്യേക കേന്ദ്രത്തിൽ 14 ദിവസം നിരീക്ഷണത്തിൽ പാർപ്പിക്കുമെന്ന നയത്തിൽ മാറ്റമില്ല. 

∙ വിദേശത്തുള്ളവർക്ക് അവരുടെ വിവരങ്ങൾ രേഖപ്പെടുത്താൻ സർക്കാരിന്റെ ഓൺലൈനിൽ സൗകര്യം നൽകും. രോഗികളായ രക്ഷിതാക്കൾക്ക് ഈ സൗകര്യം ഉപയോഗിക്കാം.

∙ കൃഷിവിളകളും നാണ്യവിളകളും സംഭരിക്കാൻ സഹകരണ സ്ഥാപനങ്ങളുമായി ചർച്ച ചെയ്തു തദ്ദേശസ്ഥാപനങ്ങൾ നയം രൂപീകരിക്കണം. 

∙ തദ്ദേശസ്ഥാപനങ്ങൾ, വനം വകുപ്പ്, ഹോർട്ടികോർപ് എന്നിവയെ അവശ്യ സർവീസിൽ ഉൾപ്പെടുത്തി.

∙ സന്നദ്ധ പ്രവർത്തകരെ വാർഡ് തലത്തിൽ വിന്യസിക്കുകയും കൂടുതൽ പേരെ ഇതിലേക്കു കണ്ടെത്തുകയും ചെയ്യും. സംഘടനകളുടെ നിറവും മേന്മയും കാണിക്കാനുള്ള സന്ദർഭമായി ഇതിനെ എടുക്കരുത്. 

∙ ആശുപത്രികളിൽ കഴിയുന്നവർക്കും കൂട്ടിരിപ്പുകാർക്കും സൗജന്യ ഭക്ഷണം നൽകുന്നതിന്റെ ചുമതല ജില്ലാ മെഡിക്കൽ ഓഫിസർക്ക്.

∙ ഹൃദ്രോഗം, വൃക്ക, കരൾ രോഗങ്ങൾ എന്നിവ ഉള്ളവർക്കു മരുന്ന് ഉറപ്പാക്കും.

∙ പാചകവാതകം, പാൽ, പത്രം എന്നിവ വിതരണം ചെയ്യുന്നവർക്കു ബോധവൽക്കരണം നടത്തണം.

∙ അത്യാവശ്യ സർവീസ് നടത്തുന്നവർക്കു തിരിച്ചറിയൽ കാർഡ് ഇല്ലെങ്കിൽ ജില്ലാ ഭരണകൂടം താൽക്കാലിക കാർഡ് നൽകും. ഓൺലൈനിൽ അപേക്ഷ സ്വീകരിച്ച് ഉടൻ കാർഡ് നൽകാൻ നിർദേശിച്ചിട്ടുണ്ട്. സ്ഥാപനങ്ങൾക്കും തിരിച്ചറിയൽ രേഖ നൽകാം. 

∙ പ്രൈമറി ഹെൽത്ത് സെന്ററുകളിലും കുടുംബാരോഗ്യ കേന്ദ്രങ്ങളിലും സ്ഥിരമായി വിതരണം ചെയ്യുന്ന മരുന്നുകൾക്കു മുടക്കം ഉണ്ടാകില്ല.

∙ വീടുകളിൽത്തന്നെ കഴിയുമ്പോൾ അതു പരിസരത്തു പച്ചക്കറിക്കൃഷി വ്യാപകമാക്കാനുള്ള സന്ദർഭമായി മാറ്റണമെന്നു മുഖ്യമന്ത്രി നിർദേശിച്ചു. ഇപ്പോൾ കൃഷി നടത്തുന്നവർ മെച്ചപ്പെടുത്തണം.  

∙ ഭക്ഷ്യസാധനങ്ങളുടെ കുറവില്ല. 25 ഗോഡൗണുകളിലായി 8 മാസത്തേക്കുള്ള ഭക്ഷണമുണ്ട്. 

കലക്ടർമാർക്ക് 50 ലക്ഷം 

കോവിഡ് വ്യാപനം തടയുന്ന നടപടികൾക്കായി എല്ലാ കലക്ടർമാർക്കും 50 ലക്ഷം രൂപ വീതം ദുരന്തനിവാരണ നിധിയിൽനിന്ന് അനുവദിച്ചു. സംസ്ഥാനത്ത് ഒരു കുടുംബവും പട്ടിണി കിടക്കാതെ നോക്കും. രോഗികൾ, പ്രായാധിക്യമുള്ളവർ, ഒറ്റയ്ക്കു താമസിക്കുന്നവർ എന്നിവർക്കെല്ലാം അതതു തദ്ദേശ സ്ഥാപനങ്ങൾ ഭക്ഷണമെത്തിക്കും. ഇതിനു കമ്യൂണിറ്റി കിച്ചനുകൾ ആരംഭിക്കും. ‌

  മുഖ്യമന്ത്രി പിണറായി വിജയൻ

എല്ലാവർക്കും  1000 രൂപയുടെ  പലവ്യഞ്ജന കിറ്റ്

സംസ്ഥാനത്തെ മുഴുവൻ പേർക്കും പലവ്യഞ്ജന കിറ്റുകൾ നൽകുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ഇതിനു വ്യാപാരികളുടെ സഹായം തേടും. നിരീക്ഷണത്തിൽ കഴിയുന്നവർക്ക് 1000 രൂപയുടെ ഭക്ഷ്യവസ്തു കിറ്റ് സൗജന്യമായി നൽകാൻ രാവിലെ മന്ത്രിസഭാ യോഗത്തിൽ തീരുമാനിച്ചിരുന്നു. വൈകിട്ട് അവലോകന യോഗത്തിനു ശേഷമാണ് മുൻഗണനാ ലിസ്റ്റിൽ പെടാത്തവർക്കു മാസം 15 കിലോ അരി വീതം ഓരോ കുടുംബത്തിനും കൊടുക്കുമെന്നും പുറമേ, എല്ലാവർക്കും പലവ്യഞ്ജന കിറ്റ് കൊടുക്കുമെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചത്. 

സംസ്ഥാനത്ത് 87.14 ലക്ഷം റേഷൻ കാർഡ് ഉടമകളാണുള്ളത്. കാർഡ് ഇല്ലാത്തവരെയും സാമ്പത്തിക സ്ഥിതി മെച്ചമായവരെയും കൂടി ഉൾപ്പെടുത്തിയാൽ 88.5 ലക്ഷം കിറ്റുകളെങ്കിലും വേണ്ടിവരുമെന്ന് മന്ത്രി പി. തിലോത്തമൻ അറിയിച്ചു. 

English summary: Kerala lockdown; Govt distributes food for all

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com