ADVERTISEMENT

കൊച്ചി ∙ കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി പൂർണമായി ഷട്ട് ഡൗൺ ചെയ്ത് സംസ്ഥാനത്തെ ഐടി പാർക്കുകൾ. കാക്കനാട് ഇൻഫോപാർക്ക്, സ്മാർട് സിറ്റി, തിരുവനന്തപുരം ടെക്നോ പാർക്ക്, കോഴിക്കോട് സൈബർ പാർക്ക് തുടങ്ങിയവയിലെല്ലാം അപൂർവം ജീവനക്കാർ ഒഴികെ ബാക്കിയെല്ലാവരും ‘വർക് ഫ്രം ഹോം’ രീതിയിലേക്കു മാറിക്കഴിഞ്ഞു. എന്നാൽ, കമ്പനികളുടെ പ്രവർത്തനം മുടങ്ങാതിരിക്കാൻ നിർബന്ധമായി ഓഫിസുകളിൽ നേരിട്ട് എത്തേണ്ട ജീവനക്കാരെ യാത്രാ വിലക്കുകൾ വലയ്ക്കുകയാണ്.

നാസ്കോം ഇടപെടൽ

ലോക് ഡൗൺ കാലത്ത് ഐടി കമ്പനികളുടെ പ്രവർത്തനം സംബന്ധിച്ചു വ്യക്തമായ മാർഗനിർദേശങ്ങൾ ഉടൻ പുറപ്പെടുവിക്കുമെന്നാണു പ്രതീക്ഷ. ഐടി കമ്പനികളുടെ ദേശീയ കൂട്ടായ്മയായ നാസ്കോം ഓരോ കമ്പനികളിൽ നിന്ന് ഓഫിസുകളിൽ നിർബന്ധമായി എത്തേണ്ട ജീവനക്കാരുടെ പട്ടിക തയാറാക്കിവരികയാണ്. ഈ പട്ടിക സംസ്ഥാന ഐടി വകുപ്പിനു കൈമാറും.

തുടർന്ന്, ഈ ജീവനക്കാർക്കു മതിയായ യാത്രാ രേഖകൾ അനുവദിക്കുമെന്നാണു പ്രതീക്ഷ. സെർവർ – സിസ്റ്റം– പവർ മെയിന്റനൻസ്, ഫയർ സേഫ്റ്റി തുടങ്ങിയ മേഖലകളിലെ പ്രഫഷനലുകളുടെ സാന്നിധ്യമില്ലാതെ കമ്പനികൾക്കു പ്രവർത്തിക്കാൻ കഴിയില്ല.  ഐടി അവശ്യ സേവന വിഭാഗത്തിൽപ്പെടുന്നില്ലെങ്കിലും ബാങ്കുകളും ആശുപത്രികളും ഉൾപ്പെടുന്ന അവശ്യ സേവന മേഖലകളുടെ ബാക്ക് സപ്പോർട്ട് ഐടി കമ്പനികളാണ്. സ്വാഭാവികമായി അവ പ്രവർത്തിച്ചേ മതിയാകൂ.

ഇൻഫോപാർക്കും സ്മാർട് സിറ്റിയും ഉൾപ്പെടുന്ന കൊച്ചി ഐടി ഹബിൽ ജോലി ചെയ്തിരുന്നത് 55,000 പ്രഫഷനലുകൾ. സ്മാർട് സിറ്റിയിൽ 35 കമ്പനികളുണ്ട്. ഇൻഫോപാർക്കിന്റെ കാക്കനാട്, കൊരട്ടി, ചേർത്തല ഐടി ക്യാംപസുകളിലായി 427 കമ്പനികളും 50,000 ജീവനക്കാരുമാണുള്ളത്. 250 കമ്പനികളാണു കാക്കനാട് ക്യാംപസിൽ മാത്രം പ്രവർത്തിക്കുന്നത്.  ഇപ്പോൾ, കഷ്ടിച്ച് 200 പേർ മാത്രമാണ് ഓഫിസുകളിലെത്തുന്നത്. ബാക്കിയെല്ലാവരും ജോലി ചെയ്യുന്നതു വീട്ടിലിരുന്ന്.

English summary: Lockdown; Kochi IT park closed

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com