ADVERTISEMENT

പതിനാലാം നൂറ്റാണ്ടിലെ പ്ലേഗ് ലക്ഷക്കണക്കിന് ആളുകളുടെ ജീവനെടുത്തു. കോടിക്കണക്കിന് എന്നും പറയുന്നുണ്ട്. എന്തായാലും ലക്ഷക്കണക്കിന് എന്നതിൽ സംശയമൊന്നുമില്ല. ‘കറുത്ത മരണം’ എന്നു വിളിച്ച ആ മഹാമാരിക്കു മുന്നിൽ മനുഷ്യൻ പകച്ചുനിന്നു; നിസ്സഹായനായി. അത് എങ്ങനെ വന്നു എന്നറിയാതെ. അതിനു പ്രതിവിധിയെന്ത് എന്നറിയാതെ...

ഓരോ കാലത്തും ഓരോ മഹാമാരി വരുന്നു. ഒന്നിന്റെ വഴികൾ നമ്മൾ തിരിച്ചറിയുകയും അതിനു പ്രതിവിധി കണ്ടെത്തുകയും ചെയ്യുമ്പോൾ മറ്റൊന്നു വരുന്നു. ‘ശാസ്ത്രം ജയിച്ചു’ എന്നു നമ്മൾ പറയുന്നതിന്റെ അർഥത്തിന് അവിടെ പൂർത്തീകരണമില്ലാതെയാകുന്നു. ഓരോന്നിൽ ജയിക്കുമ്പോൾ പുതിയ വെല്ലുവിളികൾ ശാസ്ത്രത്തിന്റെ മുന്നിൽ വരുന്നു.

ആക്സൽ മുന്തെയുടെ ആത്മകഥയിൽ, അദ്ദേഹം ജോലി ചെയ്തിരുന്ന ആശുപത്രിയിൽ പേപ്പട്ടിവിഷം ബാധിച്ച ഒരു പറ്റം മനുഷ്യരെ അകലെ ഗ്രാമത്തിൽനിന്നു കൊണ്ടുവരുന്ന കഥ പറയുന്നുണ്ട്. അവരെ സെല്ലിലടച്ചു. രാത്രി മുഴുവൻ അവിടെ ബഹളവും നിലവിളിയുമായിരുന്നു. നേരം പുലർന്നപ്പോൾ എല്ലാം ശാന്തം. അതിനർഥം ഇത്രയേയുള്ളൂ – രാത്രിയിൽ കുത്തിവയ്പുകളിലൂടെ അവരെയെല്ലാം കൊന്നുകളഞ്ഞു! ഒരു പ്രതിവിധി കണ്ടെത്തുംവരെ അങ്ങനെയും ചെയ്യാൻ മനുഷ്യൻ വിധിക്കപ്പെട്ടുപോകുന്നു. ഇന്നിപ്പോൾ പേവിഷം നമ്മുടെ നിയന്ത്രണത്തിലാണ്. ക്ഷയത്തിനും വസൂരിക്കും ഇന്നു നമ്മുടെ കയ്യിൽ പ്രതിവിധിയുണ്ട്.

കൊല്ലങ്ങൾക്കു മുൻപ് ഞാൻ അമേരിക്കയിൽ പോയി. ഓരോ ദിക്കിലും എത്തുമ്പോൾ കേൾക്കും, ഏതെങ്കിലും കോളജിലെ അല്ലെങ്കിൽ യൂണിവേഴ്സിറ്റിയിലെ ആരെങ്കിലുമൊക്കെ എയ്ഡ്സ് കൊണ്ടു മരിച്ചു എന്ന്. എനിക്കന്നറിയില്ല, എന്താണ് എയ്ഡ്സ് എന്ന്. അതിന്റെ വിവരങ്ങൾ ഞാൻ കുറിച്ചെടുത്തിരുന്നു.

കോവിഡിനും മനുഷ്യൻ പ്രതിവിധി കണ്ടെത്തും. പക്ഷേ, അതുവരെ ഒഴിഞ്ഞുനിൽക്കുകയേ നമുക്കു വഴിയുള്ളൂ. ഗവൺമെന്റും ആരോഗ്യ വകുപ്പുമൊക്കെ നൽകുന്ന നിർദേശങ്ങൾ പാലിക്കുക. പ്രതീക്ഷയോടെ കാത്തിരിക്കുക, പ്രാർഥിക്കുക – അതാണു പിന്നെയുള്ളത്. ഇൗ രോഗകാലം നമ്മുടെ കണ്ണുകൾക്കു മുന്നിൽ ത്യാഗത്തിന്റെയും സഹനത്തിന്റെയുമൊക്കെ വലുതും ചെറുതുമായ ചിത്രങ്ങളും തുറന്നുവയ്ക്കുന്നുണ്ട്.

1944 ൽ ആണ് മലബാറിൽ കോളറ പടർന്നത്. ഒരു വെള്ളപ്പൊക്കവും കൊടുങ്കാറ്റും വന്നതിനു പിന്നാലെയായിരുന്നു കോളറ. കണക്കില്ലാതെ മനുഷ്യർ അന്നു മരിച്ചു. എന്റെ ഗ്രാമത്തിൽത്തന്നെ ഒരുപാടു പേർ മരിച്ചു. ഞാനന്നു കുട്ടിയാണ്. ഇതിനുള്ള മരുന്നുതേടി എന്റെ ജ്യേഷ്ഠനും മറ്റു ചെറുപ്പക്കാരുമൊക്കെ പൊന്നാനിയിൽ പോയത് ഓർക്കുന്നു. അവിടെയേ ആശുപത്രിയുള്ളൂ. മരുന്നു കൊണ്ടുവന്നു നാടാകെ നടന്ന് അങ്ങാടിയിൽ ആളെക്കൂട്ടി അവർ ഇൻജക്‌ഷൻ കൊടുക്കുകയുമൊക്കെ ചെയ്തു.

വി.ആർ.നായനാരുടെ നേതൃത്വത്തിൽ സെർവന്റ്സ് ഓഫ് ഇന്ത്യ സൊസൈറ്റിയും കെ.കേളപ്പന്റെ നേതൃത്വത്തിലുള്ള സംഘവുമൊക്കെ സന്നദ്ധപ്രവർത്തകരായി സ്വന്തം ജീവൻ പോലും കണക്കിലെടുക്കാതെ അന്നു പ്രവർത്തിച്ചിരുന്നു. ഇന്ന് ആരോഗ്യപ്രവർത്തകരും അങ്ങനെ തന്നെ. അവരെ നമിക്കാം.

പ്രകൃതി ഇതിലൂടെയൊക്കെ ചിലതു പറയുന്നുണ്ടു മനുഷ്യനോട് – എല്ലാം കീഴടക്കി എന്ന നിന്റെ ഭാവം നന്നല്ല. എല്ലാം അറിഞ്ഞു എന്ന നിന്റെ വിചാരവും ശരിയല്ല. ഉവ്വ്, മനുഷ്യന്റെ അറിവിനു പരിമിതിയുണ്ട്; ശേഷിക്കു പരിമിതിയുണ്ട്. അപ്പോഴും നമുക്ക് അറിഞ്ഞുകൊണ്ടേയിരിക്കാം; അന്വേഷിച്ചുകൊണ്ടേയിരിക്കാം. പ്രതീക്ഷയോടെ.

English summary: M.T.Vasudevan Nair on COVID 19

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com