ADVERTISEMENT

തിരുവനന്തപുരം ∙ കേരളത്തിൽ 9 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. പാലക്കാട്–2, എറണാകുളം–3, പത്തനംതിട്ട–2, ഇടുക്കി–1, കോഴിക്കോട്–1 എന്നിങ്ങനെയാണിത്. കോഴിക്കോട്ട് ചൊവ്വ അർധരാത്രി സ്ഥിരീകരിച്ച രോഗി ഉൾപ്പെടെയാണിത്.  3 പേർ ദുബായിൽ നിന്നു നേരിട്ടും ഒരാൾ ബ്രസീലിൽനിന്നു ദുബായ് വഴിയും എത്തിയവരാണ്. ഒരാൾ ബ്രിട്ടനിൽ നിന്നും ഒരാൾ ഫ്രാൻസിൽ നിന്നും വന്നു. 3 പേർ  വിദേശത്തുനിന്നു വന്നവരുമായി ഇടപഴകി കേരളത്തിൽ വച്ചു രോഗബാധിരായവരാണ്. 

ഇതിനകം കേരളത്തിൽ 118 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇവരിൽ 112 പേർ വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നു. 12 പേർ രോഗ മുക്തരായെങ്കിലും 6 പേരാണ് ആശുപത്രി വിട്ടത്. ഇതിനിടെ, യുഎസിൽ നിന്നു തിരിച്ചെത്തിയ എറണാകുളം സ്വദേശിക്ക് (38 വയസ്സ്) മഹാരാഷ്ട്രയിൽ രോഗം സ്ഥിരീകരിച്ചു. 

ആശ്വാസം: 12 പേർ രോഗമുക്തർ

കേരളത്തിൽ രോഗബാധിതരായ 118 പേരിൽ 12 പേർ രോഗമുക്തരായി. ഇതിൽ 6 പേർ ആശുപത്രിയിൽ തുടരുകയാണ്. തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന ഇറ്റലിക്കാരനും തൃശൂരിൽ ചികിത്സയിൽ കഴിഞ്ഞ തൃശൂർ സ്വദേശിയുമാണ് പുതുതായി ആശുപത്രി വിട്ടത്. വുഹാനിൽ നിന്നു വന്ന 3 പേരെ ആദ്യഘട്ടത്തിലും കണ്ണൂർ സ്വദേശിയെ കഴിഞ്ഞ ദിവസവും ഡിസ്ചാർജ് ചെയ്തിരുന്നു.

നേരത്തേ കോവിഡ് രോഗം സ്ഥിരീകരിച്ചു കളമശേരി ഗവ. മെഡിക്കൽ കോളജിലുള്ള ബ്രിട്ടിഷ് വിനോദസഞ്ചാരിയുടെ പുതിയ ഫലം നെഗറ്റീവ് ആണ്. എച്ച്ഐവി ചികിത്സയിൽ പ്രയോജനപ്പെടുത്തുന്ന റിത്തൊനവിർ, ലോപിനവിർ എന്നീ മരുന്നുകൾ ഇദ്ദേഹത്തിന് 7 ദിവസം നൽകി. ഇറ്റലിയിൽനിന്നെത്തിയ പത്തനംതിട്ട സ്വദേശിയുടെ മകളും മരുമകനും കോവിഡ് നെഗറ്റീവ് ആയി. കോട്ടയം ചെങ്ങളം സ്വദേശികളായ ദമ്പതികൾ കോട്ടയം മെഡിക്കൽ കോളജിൽ കഴിയുകയാണ്. 

English summary: Nine more COVID 19 positive cases in Kerala

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com