sections
MORE

നമ്മളെ അറിഞ്ഞ് മുൻകരുതലെടുക്കാം

covid lock down
SHARE

റിവേഴ്സ് ക്വാറന്റീൻ

സാമൂഹിക അകലം പാലിക്കുക, കൈ സോപ്പ് ഉപയോഗി‌ച്ച് ഇടയ്ക്കിടെ കഴുകുക, രോഗലക്ഷണമുണ്ടെങ്കിൽ ഉടൻ ഡോക്ടറെ അറിയിക്കുക, ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തൂവാല കൊണ്ടു മറയ്ക്കുക തുടങ്ങിയ പൊതു മുൻകരുതലുകൾക്കു പുറമേ, രോഗസാധ്യത കൂടിയ ഗ്രൂപ്പിൽ പെട്ടവർ ചില കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കണം.

കോവിഡ് ബാധിതരിൽ നിന്നു രോഗം മറ്റുള്ളവരിലേക്കു പകരാതിരിക്കാൻ ക്വാറന്റീൻ ചെയ്യുന്നതുപോലെ, രോഗസാധ്യതയുള്ളവരും വൈറസ്ബാധ ഒഴിവാക്കാൻ ഇതേ തീവ്രതയോടെ തന്നെ സാമൂഹിക അകലം പാലിക്കണം. ഇതാണു റിവേഴ്സ് ക്വാറന്റീൻ.

പ്രായമായവർ

∙കഴിയുന്നതും മറ്റുള്ളവരുമായി ഇടപഴകരുത്.

∙ഒരു കാരണവശാലും പുറത്തു പോകരുത്.

∙പതിവ് ചികിത്സകൾ തെറ്റിക്കരുത്.

പ്രമേഹം നന്നായി നിയന്ത്രിക്കണം

ഇടയ്ക്കിടെ ബ്ലഡ് ഷുഗർ സ്വയം (ഗ്ലൂക്കോമീറ്റർ ഉപയോഗിച്ച്) നോക്കണം. മരുന്നിന്റെ ഡോസ് ഡോക്ടറോടു സംസാരിച്ചു ക്രമീകരിക്കണം. ടെലിഫോണിലൂടെ ഡോക്ടറുമായി സമ്പർക്കം പുലർത്തണം. മരുന്നും ഗ്ലൂക്കോമീറ്റർ സ്ട്രിപ്പും ആവശ്യത്തിന് കരുതണം.

രക്തസമ്മർദം നിയന്ത്രിക്കേണ്ടത് അനിവാര്യം

മരുന്നുകൾ കൃത്യമായി കഴിക്കണം. കോവിഡ് പശ്ചാത്തലത്തിൽ ചില രക്തസമ്മർദ മരുന്നുകളെക്കുറിച്ച് ഉയരുന്ന സംശയത്തിനു വലിയ അടിസ്ഥാനമില്ല എന്നാണു നിലവിലെ നിഗമനം. എന്തെങ്കിലും സംശയമുണ്ടെങ്കിൽ ഡോക്ടറോടു ചോദിക്കുക തന്നെ വേണം. ഡോക്ടറുടെ നിർദേശപ്രകാരമല്ലാതെ മരുന്നുകൾ ഒന്നും നിർത്തരുത്. വീട്ടിൽ സ്വയം ബിപി നോക്കി കൃത്യമാണ് എന്ന് ഉറപ്പാക്കണം.

ഹൃദ്രോഗം പതിവു മരുന്നുകൾ മുടക്കരുത്

പലരിലും ഹൃദയാഘാത ലക്ഷണങ്ങൾക്കു വ്യത്യാസമുണ്ടാകാം. അതിനാൽ എന്ത് അസ്വാഭാവിക ലക്ഷണം ഉണ്ടായാലും ഡോക്ടറെ അറിയിക്കണം.

വൃക്കരോഗം

ഡയാലിസിസ് ചെയ്യുന്നവർക്ക് അടിക്കടി ആശുപത്രിയിൽ പോകേണ്ടി വരുന്നതിനാൽ രോഗസാധ്യത കൂടുതലാണ്. അതിനാൽ പ്രത്യേക ശ്രദ്ധവേണം. മരുന്നുകൾ മുടക്കരുത്. വീട്ടിൽ ചെയ്യാവുന്ന ഡയാലിസിസ് അഭികാമ്യമോ എന്നു ഡോക്ടറോടു ചോദിക്കുക.

ശ്വാസകോശരോഗങ്ങൾ

ഇൻഹേലർ ഉൾപ്പെടെ പതിവു മരുന്നുകൾ തുടരണം. മരുന്നുകൾ മാറ്റേണ്ടതുണ്ടോ എന്നു ഡോക്ടറോട് അന്വേഷിക്കണം. ആവശ്യത്തിനു മരുന്നും ഓക്സിജൻ ഉപയോഗിക്കുന്നവർ അതും കരുതണം. അനാവശ്യ സമ്പർക്കം പൂർണമായി ഒഴിവാക്കുക. പുകവലിക്കരുത്.

കരൾരോഗം

സ്ഥിരം ചികിത്സ തുടരുക. മദ്യപിക്കരുത്.ഡോക്ടറുടെ നിർദേശപ്രകാരം മാത്രമേ മറ്റു മരുന്നുകൾ ഉപയോഗിക്കാവൂ.

കുഞ്ഞിലേക്കു നേരിട്ടു പകരില്ല

ഗർഭിണികളിൽ കോവിഡ് രോഗ സാധ്യതയും തീവ്രതയും കൂടുന്നതായി ഇതുവരെ കണ്ടിട്ടില്ല. എന്നാൽ, ആരോഗ്യ കാര്യങ്ങളിൽ ഗർഭിണികൾക്കു നൽകേണ്ട പരിഗണന തുടരേണ്ടതുണ്ട്. ഗർഭിണിയിൽനിന്നു കുഞ്ഞിലേക്കു നേരിട്ട് പകരില്ല. എന്നാൽ പ്രസവ സമയത്തും പ്രസവാനന്തരവുമുള്ള അടുത്ത സാമീപ്യം രോഗം പകർത്താം. മുലയൂട്ടുന്നതിൽ കുഴപ്പമില്ല. രോഗിയാണെങ്കിൽ പതിവു മുൻകരുതൽ വേണം.

കുട്ടികൾ

കുട്ടികൾക്കു രോഗസാധ്യതയും രോഗം ബാധിച്ചാൽ തീവ്രമാകുവാനുള്ള സാധ്യതയും കുറവാണെങ്കിലും പ്രതിരോധ മാർഗങ്ങളിലെ അലംഭാവം ഇവരിൽ കൂടുതലായിരിക്കും.‌ അതിനാൽ, കൈ കഴുകാനും അകലം പാലിക്കാനും മുഖത്ത് ഇടയ്ക്കിടെ തൊടാതിരിക്കാനും പ്രത്യേകം പ്രേരിപ്പിക്കണം.

കുട്ടികൾ കൂട്ടം ചേരാൻ സാധ്യത കൂടുതലാണ്. ഇതു നിരുത്സാഹപ്പെടുത്തണം. വിരസത ഒഴിവാക്കാൻ വീടിനുള്ളിൽ കളിക്കാനും പഠിക്കാനും സാഹചര്യം ഒരുക്കണം. കളിപ്പാട്ടങ്ങളിൽ തുമ്മലും ചുമയും വഴിയുള്ള സ്രവങ്ങൾ പതിക്കാം. ഇവ വൃത്തിയാക്കണം. മറ്റു കുട്ടികൾ ഉപയോഗിക്കാതെ ശ്രദ്ധിക്കണം.

പൊണ്ണത്തടിയുള്ളവർ

തടി കൂടുതലുള്ളവരിൽ മറ്റു രോഗങ്ങൾ ഇല്ലെങ്കിലും വൈറസ് ബാധിക്കാനും ബാധിച്ചാൽ തീവ്രമാകാനും സാധ്യതയുണ്ടെന്നു സെന്റർ ഫോർ ഡിസീസ് കൺട്രോൾ (സിഡിടി) റിപ്പോർട്ട്. മികച്ച ആരോഗ്യ, ഭക്ഷണശീലങ്ങൾ പാലിക്കാൻ ശ്രദ്ധിക്കുക.

വീടില്ലാത്തവർ

രോഗബാധയ്ക്കു വളരെ സാധ്യതയുള്ളതിനാൽ ഇവരുടെ കാര്യത്തിൽ സർക്കാർ ശ്രദ്ധ അനിവാര്യം. അലഞ്ഞു തിരിയുന്നവരെ രോഗത്തിൽ നിന്നു രക്ഷിക്കാൻ വെല്ലുവിളികളേറെ. കർശനമായ വ്യക്തിശുചിത്വം പാലിക്കുക, കൈകൾ ഇടയ്ക്കിടെ സോപ്പിട്ടു കഴുകുക, രോഗലക്ഷണങ്ങൾ കണ്ടാൽ ഉടൻ ആശുപത്രിയിലെത്തുക തുടങ്ങിയവ ഉറപ്പായും ചെയ്യുക.

ടെലി മെഡിസിൻ

നിലവിലെ സാഹചര്യത്തിൽ ആശുപത്രികളിൽ പോകാതെ തന്നെ ചികിത്സ ലഭിക്കാൻ ടെലിമെഡിസിൻ സൗകര്യത്തിനു മെഡിക്കൽ കൗൺസിൽ അംഗീകാരം നൽകിയിട്ടുണ്ട്. ആശങ്ക വേണ്ട. കുടുംബ ഡോക്ടറുമായി ഫോണിൽ ബന്ധപ്പെടുക, ഫോണിലൂടെയോ വിഡിയോ കോളിലൂടെയോ ഭൂരിഭാഗം പ്രശ്നങ്ങൾക്കും ചികിത്സ നേടാനാകും.

അത്യാവശ്യ അവസരങ്ങളിൽ ആശുപത്രിയിൽ പോകുമ്പോൾ വേണ്ട മുൻകരുതൽ എടുക്കുക. മുൻകൂട്ടി അപ്പോയ്ൻമെന്റ് എടുക്കാനും‌ ആ സമയത്തു മാത്രം എത്താനും ശ്രദ്ധിക്കുക. ആശുപത്രികളിലെ സംവിധാനങ്ങൾക്കു പുറമേ, ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ (ഐഎംഎ) ടെലിമെഡിസിൻ സംവിധാനവും ഉടൻ നടപ്പാകും.

ഉല്ലാസം വീട്ടിലാകട്ടെ

വീട്ടിൽ അടച്ചിരിക്കുന്നതിനാൽ അലസജീവിതശൈലി പാടില്ല. വെയിൽ കൊള്ളണം. വീടിനുള്ളിലോ മുറ്റത്തോ നടക്കുകയും ചെറുവ്യായാമങ്ങളിലൂടെയും വീട്ടിലെ ജോലികളിലൂടെയും ആരോഗ്യം നിലനിർത്തുകയും വേണം.

ആരോഗ്യം ഉറപ്പാക്കുന്ന നാട്ടുഭക്ഷണം വീട്ടിൽ തയാറാക്കി കഴിക്കാം. സദാ വീട്ടിൽ ഇരിക്കുമ്പോൾ ഇടയ്ക്കിടെ വിശപ്പു തോന്നാനും അമിതമായി ഭക്ഷണം കഴിക്കാനുമുള്ള സാധ്യത മറക്കരുത്. ഇത് ഒഴിവാക്കുക.

മൊബൈൽ ഉപയോഗം അമിതമാകാതെ ശ്രദ്ധിക്കുക. കുടുംബാംഗങ്ങൾ എല്ലാവരും ഉന്മേഷത്തോടെ, ഉല്ലാസത്തോടെ സമയം ചെലവിടാൻ ശ്രദ്ധിക്കുക. പങ്കിടലിന്റെയും മിതവ്യയത്തിന്റെയും കൂട്ടായ്മയുടെയും പുതിയ പാഠങ്ങൾ‍ പഠിക്കാനുള്ള സമയമാണിത്.

( വിവരങ്ങൾക്കു കടപ്പാട്: ഡോ. ശ്രീജിത്ത് എൻ.കുമാർ, പൊതുജനാരോഗ്യവിദഗ്ധൻ)

English summary: COVID 19 Precautions 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KERALA
SHOW MORE
FROM ONMANORAMA