sections
MORE

മനസ്സുറപ്പും പിന്തുണയും ജീവിക്കാനുള്ള ലഹരി

alcohol-price
SHARE

ഏതു മനുഷ്യനാണ് സന്തോഷം ആഗ്രഹിക്കാത്തത്? സന്തോഷിക്കാൻ പല കാരണങ്ങളുണ്ടാകും – നല്ല ഭക്ഷണം, സുഹൃത്തുക്കളെ കാണുന്നത്... ഏറ്റവും ലളിതമായി പറഞ്ഞാൽ, മസ്തിഷ്കത്തിൽ ഉൽപാദിപ്പിക്കപ്പെടുന്ന ഡോപമിൻ ആണ് ഈ സന്തോഷം സൃഷ്ടിക്കുന്നത്. ഡോപമിൻ ഉൽപാദനം വർധിപ്പിക്കാനുള്ള എളുപ്പവഴിയായാണു ലഹരി ഉപയോഗം തുടങ്ങുന്നത്.

തുടക്കത്തിൽ ചെറിയ അളവിൽ മദ്യപിച്ചാൽ പോലും വലിയ അളവിൽ ഡോപമിൻ ഉൽപാദിപ്പിക്കപ്പെടും. പിന്നീട് ഡോപമിന്റെ അളവു കൂട്ടാൻ, കഴിക്കുന്ന മദ്യത്തിന്റെ അളവും വർധിപ്പിക്കേണ്ടിവരും. 2 പെഗ് കഴിച്ചിരുന്നവർ ക്രമേണ നാലിലേക്കും എട്ടിലേക്കുമൊക്കെ പോകേണ്ടിവരും. നിർഭാഗ്യവശാൽ അമിതമായി മദ്യപിക്കുന്നവരുടെ എണ്ണം നമ്മുടെ സമൂഹത്തിൽ കൂടിവരികയാണ്. ബവ്റിജസ് കോർപറേഷന്റെ ലാഭക്കണക്ക് ഓരോ വർഷവും കൂടിവരുന്നത് ഇതിന്റെ തെളിവാണ്. 

മദ്യം കിട്ടാതെ വന്നാൽ...

കോവിഡ് ബാധയെത്തുടർന്ന് സർക്കാർ മദ്യവിൽപന പൊടുന്നനെ നിർത്തിയതോടെ സ്ഥിരം മദ്യപാനികൾ വല്ലാത്ത പ്രതിസന്ധിയാണു നേരിടുന്നത്. അതു മാനസികപ്രശ്നം മാത്രമല്ല, ശാരീരികവും സാമൂഹികവുമായ പ്രശ്നം കൂടിയായി മാറുന്നു. ഇനി മദ്യം കിട്ടില്ലെന്ന വാർത്ത പോലും അവരിൽ മാനസികസമ്മർദവും ആശങ്കയും സൃഷ്ടിക്കും. ശരീരം മദ്യത്തിനു പകരമുള്ള വസ്തുക്കൾ തേടാൻ പ്രേരിപ്പിക്കും.

നെഞ്ചിടിപ്പു കൂടും, വെപ്രാളമുണ്ടാകും, ഉറക്കം നഷ്ടമാകും, കൈവിറയ്ക്കും, ഛർദിക്കും, തളരും, അപസ്മാരമുണ്ടാകും, അക്രമാസക്തിയുണ്ടാകും, ചിലപ്പോൾ ബോധം തന്നെ നഷ്ടപ്പെടും. ഗുരുതരമായി മദ്യത്തിന് അടിമകളായവർക്കു പൊടുന്നനെ കുടി നിർത്തുമ്പോൾ ഉണ്ടാകുന്ന ഈ അവസ്ഥയാണ് ഡെലീരിയം ട്രെമൻസ്. അമിതമദ്യപാനികളിൽ 2- 5% പേർക്കു പെട്ടെന്നു മദ്യം ലഭിക്കാതായാൽ, ശരിയായ ചികിത്സ ലഭിച്ചില്ലെങ്കിൽ മരണം വരെ സംഭവിക്കാം. 

anil
ഡോ. അനിൽ പ്രഭാകരൻ

ചികിത്സ എങ്ങനെ? 

മദ്യത്തിന് അടിമകളായവർ അതു കിട്ടാതായാൽ മറ്റേതെങ്കിലും ലഹരി ഉപയോഗിക്കാൻ ശ്രമിക്കും. അതും കിട്ടാതായാൽ കയ്യിൽകിട്ടുന്ന മണ്ണെണ്ണയോ പെയിന്റോ ബാറ്ററിയോ ഗുളികകളോ തുടങ്ങി എന്തും പരീക്ഷിക്കാൻ മുതിരും. ഈ സാഹചര്യത്തിൽ അവർക്കു കൃത്യമായ പരിചരണം നൽകുകയാണു വേണ്ടത്. കുറ്റപ്പെടുത്തി ഒറ്റപ്പെടുത്തരുത്. കുടുംബം മികച്ച പിന്തുണ നൽകണം. 

ശാരീരിക, മാനസികപ്രശ്നങ്ങൾ പ്രകടിപ്പിക്കുന്നുവെങ്കിൽ തൊട്ടടുത്തുള്ള പ്രാഥമികാരോഗ്യകേന്ദ്രത്തെ സമീപിക്കണം. ഇതിൽ നാണക്കേടു വിചാരിക്കേണ്ട കാര്യമില്ല. ആദ്യം തന്നെ അവർക്കു ലഹരിമോചന ചികിത്സയല്ല നൽകുക. ശരീരത്തെ ലഹരിമുക്തമാക്കാനുള്ള (ഡീ ടോക്സിഫിക്കേഷൻ) ചികിത്സയാണ് ആദ്യഘട്ടം. ഇത് ഓരോ വ്യക്തിയുടെയും സാഹചര്യങ്ങൾ അനുസരിച്ച് 10 ദിവസം മുതൽ 2 മാസം വരെ നീളാം.

ശരാശരി ഒരു മാസമെന്നു കണക്കാക്കാം. പിന്നീടാണ് ലഹരിമുക്തിക്കായുള്ള ചികിത്സ തുടങ്ങുക. ലഹരിമുക്ത ചികിത്സ ഒറ്റത്തവണയുള്ള ഏർപ്പാടല്ലെന്നു തിരിച്ചറിയണം. ഓരോ വ്യക്തിയുടെയും മനസ്സുറപ്പ്, കുടുംബത്തിന്റെ പിന്തുണ എന്നിവയൊക്ക ചികിത്സയുടെ ഫലപ്രാപ്തിയിൽ പ്രധാന പങ്കുവഹിക്കും. ചികിത്സയ്ക്കു ശേഷവും ലഹരിയിലേക്കു മടങ്ങിപ്പോകാൻ സാധ്യതയുണ്ടെന്നു തിരിച്ചറിഞ്ഞുകൊണ്ടുതന്നെ കുടുംബം കൂടെനിൽക്കണം. വ്യാജചികിത്സകളുടെ പിന്നാലെ പോകരുത്. ഇതു മറ്റ് ആരോഗ്യപ്രശ്നങ്ങൾക്ക് ഇടയാക്കും. 

ചികിത്സ തേടേണ്ടത് ആരൊക്കെ? 

നിലവിൽ കേരളത്തിലെ മദ്യപാനരീതി വച്ച് 10% പേർ ചികിത്സ തേടേണ്ടവരാണ് എന്നാണു വിലയിരുത്തൽ. ചികിത്സ തേടേണ്ടവർ ആരൊക്കെ എന്നറിയാൻ ശാസ്ത്രീയ ചോദ്യാവലി ഉൾപ്പെടെയുള്ള മാർഗങ്ങളുണ്ടെങ്കിലും ഏറ്റവും എളുപ്പത്തിലുള്ള ഉത്തരം ഇതാണ് – രാവിലെ 11ന് അകം മദ്യം കഴിച്ചില്ലെങ്കിൽ കൈവിറച്ച്, മറ്റു ജോലികളൊന്നും ചെയ്യാൻ കഴിയാത്തവർ. ഇങ്ങനെയുള്ളവർക്കു ചികിത്സ ഒട്ടും വൈകരുത്. മറ്റുള്ളവർക്ക് മദ്യപാനം നിർത്തി 3 ദിവസത്തിനുള്ളിൽ മേൽപറഞ്ഞ ലക്ഷണങ്ങൾ കണ്ടാൽ ചികിത്സ തേടണം. 

(തിരുവനന്തപുരം മെഡിക്കൽ കോളജ് സൈക്യാട്രി വിഭാഗം മേധാവിയാണു ലേഖകൻ) 

English summary: Kerala lockdown; instructions to overcome alcohol addiction

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KERALA
SHOW MORE
FROM ONMANORAMA