ADVERTISEMENT

കോട്ടയം ∙ രാജ്യം നിശ്ചലമായിരുന്നപ്പോഴും എറണാകുളത്തു നിന്ന് ചെന്നൈയിലേക്ക് പുറപ്പെട്ട കാറിൽ അവർ ചേർത്തു പിടിച്ചത് ഒരു പ്രതീക്ഷയായിരുന്നു. കിലോമീറ്ററുകൾക്ക് അപ്പുറത്തെ അറിയപ്പെടാത്ത ആൾക്കു വേണ്ടിയുള്ള ഹിബയുടെ കാരുണ്യമായിരുന്നു അത്. ചെന്നൈ ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ പ്രവേശിപ്പിച്ച രോഗിക്കു വേണ്ടിയാണ്, കോവിഡ് ബാധയിൽ രാജ്യം വിറങ്ങലിച്ചു നിൽക്കുന്ന സമയത്തും പതിനെട്ടുകാരിയായ ഹിബ ഷമർ മൂലകോശദാനം നടത്തിയത്. 

എറണാകുളം പുല്ലേപ്പടി സ്വദേശി എ.എം.ഷമറിന്റെയും പി.എം.സീനത്തിന്റെയും മകളാണ് ഹിബ. എറണാകുളം സെന്റ് തെരേസാസ് കോളജ് ബികോം ഒന്നാം വർഷ ബിരുദ വിദ്യാർഥിയായ ഹിബ 5 മാസം മുൻപ് കോളജിൽ നടന്ന ക്യാംപിലാണ് മൂലകോശ ദാനത്തിനായി റജിസ്റ്റർ ചെയ്തത്. സന്നദ്ധ രക്ത മൂലകോശ ദാതാക്കളുടെ സംഘടനയായ സ്മൈൽ മേക്കേഴ്സും ദാത്രി ബ്ലഡ് സ്റ്റെം സെൽ ഡോണർ റജിസ്ട്രിയും ചേർന്നാണു ക്യാംപ് സംഘടിപ്പിച്ചത്.

കഴിഞ്ഞ ദിവസം ചെന്നൈയിലെ ഒരു രോഗിക്ക് മൂലകോശ സാമ്യം വന്നതോടെയാണ് നടപടികൾ ആരംഭിച്ചത്. അതീവ ഗുരുതരാവസ്ഥയിൽ കഴിയുന്ന രോഗിക്ക് എത്രയും വേഗം മൂലകോശം എത്തിക്കണമെന്ന് ആവശ്യം വന്നതോടെയാണ് ദാനം നടത്താൻ ഹിബ തയാറായത്.  എല്ലാ മുൻകരുതലുകളും എടുത്ത് കഴിഞ്ഞ ദിവസം എറണാകുളം അമൃത ആശുപത്രിയിലാണ് ഹിബ മൂലകോശങ്ങൾ നൽ‍കിയത്.

മാതാവ് സീനത്തിനും മാതൃസഹോദരൻ എ.എം.നൗഷാദിനും ഒപ്പമാണ് ഹിബ ആശുപത്രിയിൽ എത്തിയത്. മൂലകോശ ദാനത്തിനു ശേഷം ബ്ലഡ് സ്റ്റെം സെൽ ഡോണർ റജിസ്ട്രി പ്രവർത്തകർ ചേരാനല്ലൂർ പൊലീസ് സ്റ്റേഷനിൽ എത്തി അനുമതി വാങ്ങി ചെന്നൈയിലേക്കു പുറപ്പെടുകയായിരുന്നു. 13 മണിക്കൂറോളം സമയമെടുത്ത് കഴിഞ്ഞ ദിവസം രാത്രി മൂലകോശം ചെന്നൈയിൽ എത്തിക്കുകയായിരുന്നു.  സംസ്ഥാനത്ത് മൂലകോശം ദാനം ചെയ്തവരിൽ ഏറ്റവും പ്രായം കുറഞ്ഞ ആളുകളിൽ ഒരാളാവുകയാണ് ഹിബ.

English summary: Stem cell donation kochi

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com