ADVERTISEMENT

കോവിഡ് പ്രതിരോധത്തിനായുള്ള യുവജന കമ്മിഷന്റെ യൂത്ത് ഡിഫൻസ് ഫോഴ്‌സിൽ റജിസ്റ്റർ ചെയ്ത നടൻ ടൊവിനോ തോമസ് എഴുതുന്നു 

രാജ്യമൊട്ടാകെ ലോക്ഡൗൺ പ്രഖ്യാപിച്ച് വീട്ടിനുള്ളിൽ ചടഞ്ഞുകൂടിയിരിക്കുമ്പോഴും നമുക്കു നമ്മുടെ കണ്ണും കാതും മനസ്സും പുറംലോകത്തേക്കു തുറന്നുവയ്ക്കാം; കോവിഡിനെതിരെയുള്ള പോരാട്ടത്തിന്റെ ഭാഗമാകാം. അതിനുള്ള അവസരമാണ് സർക്കാർ ഇപ്പോൾ നമുക്കു മുന്നിൽ വയ്ക്കുന്നത്.

കോവിഡിനെതിരായ ജനജാഗ്രത വർധിപ്പിക്കാനും ലോക്ഡൗൺ കാലത്ത് ഒറ്റപ്പെട്ടുപോകുന്നവരെ സഹായിക്കാനും വേണ്ടി സംസ്ഥാന യുവജന കമ്മിഷൻ തുടങ്ങിവച്ച യൂത്ത് ഡിഫൻഡ് ഫോഴ്സിൽ ഞാനും റജിസ്റ്റർ ചെയ്തു. ഇതു നമ്മുടെ അതിജീവനത്തിനുള്ള സേനയാണ്. സമൂഹത്തിനു വേണ്ടി എന്തെങ്കിലും ചെയ്യാൻ കഴിയുന്ന ഈ സാഹചര്യം പൂർണമായി പ്രയോജനപ്പെടുത്തണമെന്നാണ് എനിക്കു പറയാനുള്ളത്. പ്രളയം വന്നപ്പോൾ കേരളത്തിനുവേണ്ടി നാം ഒറ്റക്കെട്ടായി മുന്നിട്ടിറങ്ങിയതാണ്. ഇതുപക്ഷേ അതിൽനിന്നു വ്യത്യസ്തമായ പ്രതിസന്ധിഘട്ടമാണ്.

നിങ്ങൾ ചെയ്യേണ്ടത് യുവജന കമ്മിഷനിൽ പേര് റജിസ്റ്റർ ചെയ്യുക. നിങ്ങളുടെ പ്രദേശത്ത് എന്തെങ്കിലും സേവനങ്ങൾ ആവശ്യമുള്ളപ്പോൾ കമ്മിഷൻ ബന്ധപ്പെടും. അതല്ലാതെ വൊളന്റിയർ ചമഞ്ഞു നാട്ടിലിറങ്ങി നടന്ന് നിങ്ങൾക്കും മറ്റുള്ളവർക്കും ആരോഗ്യപ്രശ്നം ഉണ്ടാക്കിവയ്ക്കരുത്. കൂടുതൽ പേർ വൊളന്റിയർമാരാകാൻ മുന്നോട്ടു വരട്ടെ.

ബ്രേക്ക് ദ് ചെയിൻ എന്നതാണല്ലോ നമ്മുടെ പോരാട്ടത്തിന്റെ മുദ്രാവാക്യം. എന്നാൽ, അതിനുവേണ്ടി നമുക്ക് ഓരോരുത്തർക്കും അദൃശ്യമായി നമ്മുടെ കരങ്ങൾ കോർക്കാം. ഭക്ഷണമോ, മരുന്നോ മറ്റെന്തിലും സഹായമോ വേണ്ടവരിലേക്ക് നമ്മുടെ സ്നേഹത്തിന്റെ കരങ്ങൾ നീട്ടാം. ഈ കൂട്ടിരിപ്പ് നാളേക്കു വേണ്ടിയുള്ള കരുതിവയ്പു കൂടിയാണെന്നു മറക്കരുത്.

വീട്ടിലിരിക്കുമ്പോഴും വെറുതേ ഇരിക്കേണ്ട

ഷൂട്ടിങ് തിരക്കു കാരണം പലപ്പോഴും വീട്ടിലെത്താൻ പോലും എനിക്കു സമയം കിട്ടാറില്ല. അതുകൊണ്ടു തന്നെ ഈ ലോക്ഡൗൺ കാലം വീട്ടിൽ ഭാര്യയ്ക്കും മകൾക്കും അപ്പനും അമ്മയ്ക്കുമൊപ്പം ചെലവഴിക്കുന്നതിന്റെ സന്തോഷത്തിലാണ്. ലോക്ഡൗൺ എന്നതു നമ്മെ ഒട്ടും നിരാശപ്പെടുത്തേണ്ട കാര്യമില്ല. വലിയൊരു യജ്ഞത്തിന്റെ ഭാഗമാകുകയാണു നാം. നമ്മെ ജയിലിൽ പിടിച്ചിട്ടിരിക്കുകയൊന്നുമല്ലല്ലോ. 

നമുക്ക് ഏറ്റവും സന്തോഷം തരുന്ന ഇടമാണു വീട്. തിരക്കുപിടിച്ച ജീവിതത്തിനിടെ വീട്ടുകാർക്കൊപ്പം ചെലവഴിക്കാനാകാതെ പോയ സമയത്തിന്റെ കടംവീട്ടൽ പോലെ കണ്ടാൽ മതി. സമയമില്ലെന്ന പരിഭവത്തിൽ ചെയ്യാതെ മാറ്റിവച്ച പല കാര്യങ്ങളുമുണ്ടാകും. അവയ്ക്കൊക്കെ വേണ്ടി നമുക്ക് ഈ സമയം പ്രയോജനപ്പെടുത്താം. ഈ 21 ദിവസം നമ്മൾ വളരെ പോസിറ്റീവ് ആയ മനസ്സോടെ കഴിയുക. പ്രളയത്തെ അതിജീവിച്ചതുപോലെ തീർച്ചയായും ഇതും കേരളം അതിജീവിക്കും.

പുസ്തകം, സിനിമ

ഇഷ്ടത്തോടെ വാങ്ങിവച്ചു മറിച്ചുനോക്കാൻ പോലും കഴിയാതെപോയ ഒരുപാട് പുസ്തകങ്ങളുണ്ട് വീട്ടിലെ എന്റെ കൊച്ചു ലൈബ്രറിയിൽ. അതുപോലെ, കാണാതെ പോയ സിനിമകൾ... ഇവയ്ക്കൊക്കെ എനിക്കിപ്പോൾ സമയമുണ്ട്.

ആരോഗ്യം

വർക്ക് ഔട്ട് ചെയ്യാൻ പുറത്തു ജിമ്മിൽ പോകണമെന്നു നിർബന്ധമില്ല. നീണ്ടുനിവർന്നു പുഷ് അപ് എടുക്കാനുള്ള സ്ഥലമുണ്ടെങ്കിൽ പോലും ബോഡി ഫിറ്റ്നസ് നിലനിർത്താം.

കോവിഡ്: കൂട്ടിരിക്കാൻ  യുവജന പ്രവാഹം

തിരുവനന്തപുരം ∙ കോവിഡ് പ്രതിരോധം ശക്തമാക്കാൻ സംസ്ഥാന യുവജന കമ്മിഷൻ സജ്ജമാക്കുന്ന സന്നദ്ധ സേനയിലേക്കു യുവജന പ്രവാഹം. കമ്മിഷന്റെ യൂത്ത് ഡിഫൻസ് ഫോഴ്‌സിൽ ഒറ്റദിവസം റജിസ്റ്റർ ചെയ്തത് അയ്യായിരത്തിലധികം പേർ.

ഇതിൽ 1465 പേർ കൂട്ടിരിപ്പുകാരാകാൻ സന്നദ്ധത അറിയിച്ചവരാണ്. മൂവായിരത്തിലധികം പേർ മറ്റു സന്നദ്ധ പ്രവർത്തനങ്ങൾക്കു തയാറാണ്. ചലച്ചിത്ര പ്രവർത്തകരായ ടൊവിനോ തോമസ്, സണ്ണി വെയ്ൻ, മേജർ രവി, പൂർണിമ ഇന്ദ്രജിത്, അരുൺ ഗോപി തുടങ്ങിയവർ കൂട്ടിരിപ്പിനു തയാറായവരിൽ ഉൾപ്പെടും.

റജിസ്റ്റർ ചെയ്തവരുടെ പട്ടിക കമ്മിഷൻ അധ്യക്ഷ ചിന്ത ജെറോം മന്ത്രി ഇ.പി. ജയരാജനു കൈമാറി. കൂട്ടിരിപ്പിനു തയാറായവരുടെ പട്ടിക ആരോഗ്യ വകുപ്പിനും മറ്റുള്ളവരുടെ പട്ടിക തദ്ദേശഭരണ വകുപ്പിനും കൈമാറുമെന്നു ജയരാജൻ അറിയിച്ചു. റജിസ്റ്റർ ചെയ്യാനായി https://forms.gle/Q6jWkHLHL4CRjWfb8 .വിവരങ്ങൾക്ക്: 80869 87262, 92885 59285, 90613 04080. 

English summary: Tovino Thomas on COVID 19

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com