ADVERTISEMENT

ന്യൂഡൽഹി ∙ നിസാമുദ്ദീൻ ബംഗ്ലാവാലി മസ്ജിദിലെ തബ്‌ലീഗ് സമ്മേളനത്തിൽ കേരളത്തിൽനിന്നു പങ്കെടുത്തത് മുന്നൂറോളം പേരെന്നു സൂചന. ഇവരുടെ പേരുവിവരങ്ങളും വിശദാംശങ്ങളും പൊലീസ് ശേഖരിച്ചു. ഒട്ടേറെ പേരെ നിരീക്ഷണത്തിലാക്കി. സമ്മേളനത്തിനെത്തിയ മൂവായിരത്തോളം പേരെ കണ്ടെത്താൻ കേന്ദ്ര ആഭ്യന്തരമന്ത്രാലയം പട്ടിക തയാറാക്കി സംസ്ഥാനങ്ങൾക്കു കൈമാറി.

സമ്മേളനം കഴിഞ്ഞു മടങ്ങിയ 10 പേർ കോവിഡ് ബാധിച്ചു മരിക്കുകയും എഴുപതോളം പേർക്കു രോഗം സ്ഥിരീകരിക്കുകയും നാനൂറിലേറെപ്പേരിൽ രോഗലക്ഷണം കാണുകയും ചെയ്തു. ഇവരുമായി സമ്പർക്കത്തിലായ ഇരുപതിലേറെപ്പേർക്കും കോവിഡ് സ്ഥിരീകരിച്ചു.

കേരളത്തിൽ നിന്നെത്തിയവരിൽ ഭൂരിഭാഗവും കോവിഡ് നിയന്ത്രണങ്ങൾ നിലവിൽ വരും മുൻപു മടങ്ങി. സമ്മേളനസ്ഥലത്തു ഹൃദയാഘാതം മൂലം മരിച്ച പത്തനംതിട്ട മേലേവെട്ടിപ്പുറം മേപ്പുറത്ത് ഫാത്തിമ മൻസിലിൽ ഡോ. എം.സലിമിനെ (74) ഇവിടെത്തന്നെ കബറടക്കിയിരുന്നു. പത്തനംതിട്ട കാതോലിക്കറ്റ് കോളജിൽ കെമിസ്ട്രി പ്രഫസറായി വിരമിച്ച അദ്ദേഹത്തിനു കോവിഡ് ബാധിച്ചിരുന്നോ എന്നു വ്യക്തമല്ല.

ഒപ്പമുണ്ടായിരുന്ന 2 പേർ ഡൽഹിയിലും 4 പേർ നാട്ടിലും നിരീക്ഷണത്തിലാണ്. പാലക്കാട് ജില്ലയിൽനിന്നു പങ്കെടുത്ത 8 പേർ ഡൽഹിയിൽ നിരീക്ഷണത്തിലാണ്. കോട്ടയം (12), കൊല്ലം (8), ഇടുക്കി (4), കോഴിക്കോട് (5) ജില്ലകളിൽനിന്നുള്ളവരും നിരീക്ഷണത്തിലുണ്ട്. കഴിഞ്ഞ മാസം 18,19 തീയതികളിലായിരുന്നു സമ്മേളനം. മാർച്ച് ആദ്യവാരം മുതൽ അനുബന്ധ യോഗങ്ങൾ നടന്നിരുന്നു. 

English summary: 300 persons from Kerala attended in Tablighi conference Delhi

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com